Thursday 28 June 2012

വിസ്മയം


ഈ വാക്ക്
ഇത് നിനക്കായി മാത്രം
ഉച്ചരിക്കപ്പെട്ടതാണ്
നീ
ഇതിൽ അമർത്തി ചുംബിച്ചീടുക.
അതെന്റെ ഹൃദയമാണ്
സമസ്ത ലോകങ്ങളിലേയും
കമിതാക്കളുടെ
സ്നേഹനീലിമ
ഞാനതിൽ കരുതിയിട്ടുണ്ട്
ആകാശത്തിലെ
ബഹുല വർണ്ണങ്ങളും
പ്രകൃതിയിലെ
അനന്ത വൈചിത്ര്യങ്ങളും
നാദലോകത്തെ
മുഴുവ൯ രാഗതാള ഭാവങ്ങളും
അതിൽ ഇഴചേർത്തിട്ടുണ്ട്
നീ
അതിനെ
മെല്ലെ
വിരൽത്തുമ്പാൽ
സ്പർശിക്കുക
സ്നേഹസാന്ത്വനത്താൽ
മൂടുക.
ആയിരം പീലി വിടുർത്തി
അത് നിന്റെ മുന്നിൽ നൃത്തമാടും
അതിൽ
എന്റെ
 ജീവനുണ്ട്
നോക്കുക
അതിന്
സപ്തസമുദ്രങ്ങളുടേയും
മുഴക്കമുണ്ട്
നിന്റെ
കണ്ണിന്റെ ആഴങ്ങളിൽനിന്ന്
ഞാ൯ കറന്നെടുത്ത
വശ്യ ചാരുതയുണ്ട്
ഉറങ്ങാത്ത
ആയിരം രാവുകളുടെ
അശാന്തിയും
നിറച്ച
മധുചഷകത്തിന്റെ
വിതുമ്പലും
അതിലുണ്ട്
ഒരു നിശ്വാസം കൊണ്ട്
നീ
അതിനെ
ഉണർത്തുക
നിനക്കായി മാത്രം
അത്
തുടിച്ചുകൊണ്ടേയിരിക്കും.

9 comments:

  1. വിസ്മയാവഹം

    ReplyDelete
    Replies
    1. സര്‍,വളരെ നന്ദി.ഞാന്‍ തീര്‍ച്ചയായും തിരിച്ചു വരും.

      Delete
  2. ഒരു കുളിര്‍ കാറ്റുപോലെ ഫീല്‍ ചെയ്തു. മനോഹരം.

    ReplyDelete
    Replies
    1. നന്ദി,വീണ്ടും കാണാം

      Delete
  3. അക്ഷരത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും എന്റെ പ്രണാമം.ഭാഷയിലേക്കും കാവ്യാനുഭൂതികളിലേക്കും എന്നെ വഴി നടത്തിച്ച ഗുരുവര്യന്മാരെ അകമഴിഞ്ഞ ആദരവോടും സ്നേഹത്തോടും കൃതജ്ഞതയോടും ഈ അവസരത്തില്‍ സ്മരിക്കുന്നു.എന്നെ ശ്രദ്ധിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ കൂടപ്പിറപ്പുകളോടുമുള്ള നന്ദിയും കടപ്പാടും ഉള്ളിലൊതുക്കുന്നു.മേലിലും ഈ സാഹോദര്യം പ്രതീക്ഷിക്കുന്നു.വിനയത്തോടെ നിര്‍ത്തുന്നു.

    ReplyDelete
  4. തുടിക്കുന്നുണ്ട്‌ വാക്കുകൾ.
    ഭാവുകങ്ങൾ.

    ReplyDelete
  5. നന്ദി.തിരിച്ചുവരാം.

    ReplyDelete