Wednesday 30 May 2012

ഉയിര്‍ത്തെഴുന്നേല്പ്

ഈ വാക്കുകള്‍
ചിലന്ക കെട്ടിയൊഴുകുന്ന
നദിയുടെ ആവേഗത്തില്‍ നിന്ന്
കടമെടുത്തവയാണ്.
ഏതോ മരം പൊഴിച്ച
ഒരു കുഞ്ഞുപൂവിന്റെ മധുരിമ
ഞാനതില്‍ ഇഴചേര്‍ത്തിട്ടുണ്ട്.
സ്വപ്നങ്ങളില്‍
ഇടറിവീണ
മഞ്ഞിന്‍കണങ്ങളുടെ സമൃദ്ധിയും
ഏതോ ഉണര്‍ച്ചയിലേക്ക്
പാഞ്ഞുകയറിയ
ഉണ്മയുടെ തിരമാലകളിലെ
അശാന്തിയും
ഞാനതില്‍ നിറച്ചിട്ടുണ്ട്.
ഒാര്‍ത്തെടുത്ത കവിതകളിലെ
ഒടുങ്ങാത്ത വിവശതകളും
പാടിത്തീരാത്ത വരികളിലെ
അടങ്ങാത്ത ആവേശവും
ഇതില്‍
വിളക്കിച്ചേര്‍ത്തിട്ടുണ്ട്.
ഇവ
ഉച്ചരിക്കുംപോള്‍
അബലര്‍ക്കു നേരേ ഉയരുന്ന
വാള്‍മുനകളുടെ
തെളിമയാര്‍ന്ന
സീല്ക്കാരങ്ങള്‍
നിലച്ചുപോകും.
നിരാശ്രയര്‍ക്കുനേരേ
പാഞ്ഞടുക്കുന്ന
അധിനിവേശത്തിന്റെ
കുതികാല്‍ കുളംപടികള്‍
അകന്നുപോകും.
അശരണയായ
പെണ്ണിന്റെ വിലാപത്തിന്
ഇത്
അഭയശ്രുതിചേര്‍ക്കും.
ഘണ്ടാരത്തില്‍ മുഴങ്ങുന്ന
ദു;ഖത്തിന്റെ രാമഴകളെ
ആനന്ദഭൈരവിയുടെ
അനന്തവിസ്മയങ്ങളിലേക്ക്
അത് അണകെട്ടിയടക്കും.
ആധാരശ്രുതിവകഞ്ഞ
നാദവിശുദ്ധിയില്‍
ഇത്
രൂപാന്തരത്വം വന്ന
ജീവനുകളെ തഴുകിയുറക്കും.
ഈ വാക്ക്
നിനവിന്റെ മന്ത്രസ്വനങ്ങള്‍.
ഉയിര്‍ക്കാനും
ഉണര്‍ന്നിരിക്കാനും
വാക്കിന്റെ
തിരുമുറിവുകള്‍.

ഒസ്യത്ത്


എന്റെ വാക്കുകള്‍
പ്രിയപുഷ്പങ്ങളെന്നാണ്
നീ പറഞ്ഞിരുന്നത്.
മുറിവുകളിലേക്ക് ഉതിരുംപോള്‍
അവയ്ക്ക്
മഞ്ഞിന്‍കണങ്ങളേക്കാള്‍
തണുപ്പേറുമെന്നും
നീ
ഓര്‍മ്മിച്ചിരുന്നു.
പാറുന്ന മുടിയിഴകളില്‍
പതറിയ വിരല്‍ത്തുംപുകളെ
തടുത്തുനിര്‍ത്തി
ഒരിക്കല്‍
നീ ചോദിച്ചു
സ്നേഹത്തിന്റ നിറമെന്താണ്?
എന്തിനെന്നറിയാതെ
നീതന്നെ പൂരിപ്പിച്ചു-
കറുപ്പ്...
എന്റെ ചുമലിലൂടെ
ഒഴുകിയിറങ്ങിയ
ചുടുമിഴിനീര്‍ക്കണങ്ങള്‍
മുടിയിഴകൊണ്ട്
നീ തുടച്ചുനീക്കി.....
കുത്തൊഴുക്കില്‍ പെട്ട്
ഇണപിരിഞ്ഞ പരല്‍ മീനുകളെപ്പോലെ
വിരുദ്ധ ദിശകളിലെ
നമ്മുടെ ജീവിതം.
നീ
എന്നോ പകര്‍ന്ന
നിറം കെട്ട വാക്കുകള്‍
നമുക്കിടയില്‍
തകര്‍ക്കപ്പെടാത്ത
കന്മതിലുകളായി.
എന്കിലും
ആതുരാലയത്തിലെ
നിന്റെ മുറിയില്‍
വിരല്‍ത്തുംപൂന്നി
കടന്നുകയറിയ അപരിചിതന്‍
നിന്നെ വിളിച്ചുണര്‍ത്തുന്നതും
കരളുന്ന വേദനയുടെ
അഗാധഹ്രദങ്ങളില്‍നിന്ന്
നിന്നെ ആവാഹിച്ചെടുക്കുന്നതും
ഞാനറിഞ്ഞു.
കനിവിന്റെ
ആ വഴി
നിനക്കുമാത്രമായി
തുറക്കപ്പെട്ടതല്ലെന്ന്
വല്ലാതെ ആശിച്ചുപോകുന്നു....
ഇനി
പകരം വയ്ക്കാന്‍
ഒരു പിടി എള്ളും
പിന്നെ
തളര്‍ന്ന
പൂവിതളും.

Tuesday 29 May 2012

തണല്‍


രാക്കിനാക്കളില്‍
അവിശ്വാസത്തിന്റെ
ഫണം നീര്‍ത്തിയ കാളസര്‍പ്പം
ദംശിച്ചടക്കിയ നാള്‍വഴികള്‍.
ഏതുഗ്രഹത്തിന്റെ സഞ്ചാരവും
അപഥത്തിലേയ്ക്കാക്കുന്ന
വിധിയുടെ വിനോദം
മനമൊരു മരക്കട്ടയാക്കി.
ശപിക്കാന്‍ തുടങ്ങിയാലും
നീള്‍വാഴ്വ് മാത്രമുതിര്‍ക്കാന്‍
പരിശീലിച്ച നാവ്
ആശിസ്സും ശാപവുമായി.
വരിനെല്ല് കണികാണാന്‍
കൊതിക്കുംപോള്‍
ഇരിയ്ക്കപ്പിണ്ഡം മുന്നില്‍.
വെളിച്ചത്തിനായുള്ള
പരക്കം പാച്ചിലിന്
മദാന്ധ്യത്തിന്റെ
കൊടുതിയിലന്ത്യം.
വിവശങ്ങളായിത്തീര്‍ന്ന
വാക്കുകള്‍.
കവിത
മരിപ്പിനെത്തുന്ന
വിരുന്നുകാരന്‍.
വെറിയുടെ വറുതിയില്‍
കരിഞ്ഞടങ്ങി
ഉള്ളിലെ നനവില്‍
പാകിമുളപ്പിച്ച
കളിയരങ്ങുകള്‍.
മൃതി ഇരന്നു വാങ്ങിയ
നിമിഷ ശാന്തികള്‍.
ഗ്രഹനിലകളുടെ
കാണാക്കയങ്ങളില്‍
പൊരുത്തം
എന്നോ ശ്വാസം കെട്ടി മരിച്ചു.
ഇനി
കാവലിന്റെ അറുതിവരെ
നീളുന്ന കാത്തിരിപ്പ്.....


വ്യസനപര്‍വ്വം


സഖീ,
ഈ വെളിച്ചം
എന്റെ നിദ്രയെ കെടുത്തിയിരിക്കുന്നു.
എല്ലാം മറന്ന്
ആ മടിയില്‍ തലചായ്ചുറങ്ങാനാണ്
ഞാന്‍ ശ്രമിച്ചത്.
ചുണ്ടെലികളെപ്പോലെ
നിനവിന്റെ സ്വാസ്ഥ്യം കരളുന്ന
ചിന്തകളെ തട്ടിയകറ്റാനാണ്
ആ മാറില്‍
മുഖം പൂഴ്ത്തിയിരുന്നത്.
പക്ഷേ
മുടിയിഴകളിലൂടെ അരിച്ചിറങ്ങിയ
നനുത്ത വിരല്‍സ്പര്‍ശങ്ങള്‍ക്കോ
മൂര്‍ദ്ധാവിലേക്ക് പകര്‍ന്ന
ചുടുനിശ്വാസങ്ങള്‍ക്കോ
എന്നെ രക്ഷിച്ചെടുക്കാനാകുന്നില്ല.
കണ്ണടക്കുംപോള്‍
എവിടെയോ
പ്രാണവേദനയോടെ
അലറിക്കരയുന്ന കുട്ടികള്‍.
മുറിവേറ്റ ഒരു രാക്കിളിയുടെ
പാടിത്തീരാത്ത നൊമ്പരം.
ആക്രോശത്തോടെ
കവര്‍ന്നെടുക്കപ്പെട്ട
അനാഥസ്ത്രീത്വങ്ങളുടെ
ഒടുങ്ങാത്ത
തേങ്ങലുകള്‍.
എവിടെയോ
ആരുടെയോ
ഒളിമഴുവേറ്റ്
ആര്‍ത്തലച്ചു പതിക്കുന്ന
ഒരു വന്മരത്തിന്റെ
വിറച്ചാര്‍ത്ത്.
ഒടുവിലെ രക്ഷകന്റെ
വരവും കാത്ത്
നിസ്സഹായരായി
കത്തിയമരുന്ന
കാടിന്റെ
മൗനരോദനം.
ഉരുകിയമരുന്ന
തീത്തൊണ്ടയിലേക്ക്
തുള്ളി നീരു തിരയുന്ന
നദിയുടെ
ആര്‍ത്തസ്വനങ്ങള്‍.
...............................
നിന്നിലേക്ക് വരിഞ്ഞു മുറുക്കുന്ന
സ്നേഹച്ചരടുകള്‍ക്കോ
സമാശ്വാസത്തിന്റെ
നറും ചൂടാര്‍ന്ന നിന്റെ
മടിത്തടത്തിനോ
വിങ്ങിയുണരുന്ന
ആ മാര്‍ത്തടത്തിന്റെ
ഇടറുന്ന വിതുമ്പലുകള്‍ക്കോ
പുലര്‍ക്കിളിപ്പാട്ടുപോലെ
കുറുകിയുണരുന്ന
നിന്റെ ശ്വസനവേഗങ്ങള്‍ക്കോ
എന്നിലെ
എന്നെ
മാറ്റാനാകുന്നില്ലല്ലോ!
എന്കിലും
മധുരനിറവാര്‍ന്ന
ചുടുചുംബനങ്ങളാല്‍
നീ
എന്റെ കണ്ണുകളെ മൂടുക
ഒരു നിമിഷം കൂടി
ഞാനുണര്‍ന്നിരിക്കട്ടെ.......

വെറുതെ

വാക്കുകള്‍ക്കുമപ്പുറത്ത്
മഴയൊഴിഞ്ഞ മാനം പോലെ
തെളിഞ്ഞ
നിന്റെ മനസ്സ്.
ഒാര്‍മ്മകളുടെ
തിരനോട്ടത്തിനിടയില്‍
മുഖച്ചാര്‍ത്തഴിക്കാന്‍
മറന്ന
വേഷക്കാരനപ്പോലെ
ഞാനും......

Monday 28 May 2012

സദ്ദാം ഹുസ്സൈന്‍-ഒരോര്‍മ.

ഡിസംബര്‍,
തൂക്കുമരത്തിന്റെ നിഴല്‍പറ്റി
കാളസര്‍പ്പത്തേപ്പോലെ
മയങ്ങിയ
മര്‍ദ്ദകന്റെ വിഷവാക്കിനെ
നീ ഒളിപ്പിച്ചതെവിടെയാണ്?
ഗര്‍ജ്ജിക്കുന്ന വാക്കുകള്‍
പകരംവച്ച്
നിന്നെ വിറകൊള്ളിച്ച്
നടന്നകന്നവന്‍
ടൈഗ്രീസ് തടത്തിന്റെ
നിമ്നോന്നതങ്ങളിലെ
വ്യഥിത സഞ്ചാരി.
നിറംകെട്ടവന് ഗുണവും
മണംകെട്ടവന് മാനവും
പകര്‍ന്ന
തളരാനറിയാത്ത പോരാളി.
ഏറ്റവും ഒടുവില്‍
ഉച്ചരിക്കാനായി
അവന്‍ കരുതിവച്ചത്
സാമ്രാജ്യത്വത്തിന്റെ
ശിരസ്സ് തകര്‍ത്ത
വിലാപവാക്കായി!
അവന്റെ
ഊര്‍ധ്വത്തിനുമേല്‍
മുറുക്കിയ കുരുക്കിനുള്ളില്‍
ഞെരിഞ്ഞമര്‍ന്നത്
ലോകമെങ്ങുമുള്ള
പതിതന്റെ വാക്ക്.
ഒടുങ്ങാത്ത
ആക്രോശത്തോടും
മൃതിയുടെ മുന്നിലെ
പകയറ്റ നിസ്സംഗതയോടും
അവന്‍
അവശേഷിപ്പിച്ചത്
എവിടേയും
അടിച്ചമര്‍ത്തപ്പെടുന്നവന്റെ
എരിയുന്നവാക്ക്.

Tuesday 15 May 2012

നിഴല്‍ യുദ്ധങ്ങള്‍



                                                    
                                                 ഏറ്റവും വലിയ ഭീരുവാണ് ആയുധങ്ങളില്‍ അഭയം തേടുന്നതെന്ന് പറയാറുണ്ട്.ആയുധങ്ങള്‍ ചുമന്നു ജീവിക്കുന്ന ഇന്നത്തെ മനുഷ്യന്റെ ഗതികേടിനെ ഇതിന്റെ വ്യാപ്തിയില്‍ നോക്കിക്കാണുന്പോള്‍ നമുക്ക് തോന്നിപ്പോവുക കടുത്ത സഹതാപവും അനുതാപവുമായിരിക്കണം.ആര് ആരെ ആയുധമണിയിച്ചാലും,ആര്‍ക്കെതിരേ പട നടത്തിച്ചാലും അതെല്ലാം മനുഷ്യരാശിയുടെ നേരെയുള്ള,പ്രകൃതിയുടെ നിലനില്പിനെതിരേയുള്ള വെല്ലുവിളികളായി വായിച്ചെടുക്കുംപോഴാണ് നാം യഥാര്‍ത്ഥ മനുഷ്യരായി പരിണമിക്കുന്നതെന്നുപറയാം.പക്ഷേ ഇതത്ര പ്രായോഗികമല്ലെന്ന് നമുക്കെല്ലാം അറിയുന്നതുമാണ്.ഇന്ന് അന്താരാഷ്ട്ര സമൂഹത്തിലെ എണ്ണപ്പെട്ട ധനികന്മാരില്‍ ഭൂരിഭാഗവും ആയുധകച്ചവടക്കാരോ അതിന്റെ ഇടനിലക്കാരോ ആണെന്ന സത്യം മനസ്സിലാക്കുംപോള്‍,അതിന് പിന്നിലെ കച്ചവടലക്ഷ്യങ്ങള്‍ മറനീക്കിയെത്തുംപോള്‍ കാര്യങ്ങള്‍ അത്രത്തോളം ലളിതമല്ലെന്ന് നമുക്ക് ബോധ്യപ്പെടും.മനുഷ്യന് ഹാനികരമാകാത്ത കോഴുപ്പിന്റെ അളവ് ദിനംതോറും താഴ്ത്തിക്കൊണ്ടു വന്ന് നമ്മെയെല്ലാം രോഗികളാക്കി മാറ്റി വിലകൂടിയ മരുന്ന് തീറ്റിച്ച് ഒടുവില്‍ യഥാര്‍ത്ഥ രോഗികളാക്കി മാറ്റിത്തീര്‍ക്കുന്ന ഭിഷഗ്വരന്മാരുടേയും മരുന്ന്കംപനിക്കാരുടേയും അവിശുദ്ധ കൂട്ടുകെട്ടുപോലെ ഇവിടെ സാമ്രാജ്യാധിപതികളുംആയുധക്കച്ചവടക്കാരും തമ്മിലുള്ള രഹസ്യധാരണകളില്‍ മനുഷ്യന്‍ മനുഷ്യന്റെ ആജന്മ ശത്രുവായിപരിണമിപ്പിക്കപ്പെടുന്നു.നേരിടാന്‍ ആയുധങ്ങള്‍ തരംപോലെ തരാന്‍ ആളുള്ളപ്പോള്‍ നമുക്ക് ആരെയാണ് ശത്രുവായി പ്രഖ്യാപിച്ചുകൂടാത്തതെന്ന് ആരും ചിന്തിച്ചു പോകുന്നതില്‍ അത്ഭുതപ്പെടാനില്ല.സ്വാര്‍ത്ഥതയും ദുരയും ആര്‍ത്തിയും ചതിയും അസഹിഷ്ണുതയും നമ്മുടെ രാത്രികളെ വല്ലാതെ കലക്കിമറിക്കുന്ന ഇന്നത്തെ സാഹചര്യം നമ്മെ അങ്ങനെ മാറ്റിത്തീര്‍ക്കുകയും ചെയ്യും.
                                   ശിലായുഗത്തിലെ മനുഷ്യന്‍ വയറിന്റെ വേവലാതികള്‍ക്കുള്ള മറുമരുന്നായാണ് ആയുധങ്ങളിലേക്ക് നടന്നെത്തിയത്.ആത്മരക്ഷ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാകാനേ വഴിയുള്ളൂ.ഏത് സാഹചര്യങ്ങളിലും ഈ രണ്ട് ആവശ്യങ്ങളും അനാവശ്യങ്ങളായി വ്യാഖ്യാനിക്കപ്പെടാനും നിവൃത്തിയില്ല.പിഴവ് പറ്റിയത് ആത്മരക്ഷയുടെ സാഹചര്യങ്ങളെ വ്യാഖ്യാനിച്ചപ്പോഴാണ്.ഉറങ്ങുന്നവനെ വിളിച്ചുണര്‍ത്തി,പ്രകോപിപ്പിച്ച് പ്രത്യാക്രമണം ഇരന്ന് വാങ്ങിയിട്ട് പിന്നെ സ്വരക്ഷയുടെ പേരില്‍ അവനെ ക്രൂരമായി വകവരുത്തുംപോഴും,നീതിന്യായകോടതികളില്‍ സ്വന്തം തെറ്റുകളെ അധികാരവും പണവും ചെലുത്തി ന്യായീകരിക്കുംപോഴുമാണ് ആത്മരക്ഷ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നത്.കൃത്രിമ ഏറ്റുമു‍ട്ടലില്‍ വധിക്കപ്പെടുന്ന തീവ്രവാദി പിന്നീട് ആസൂത്രിതമായി കൊല്ലപ്പെടുകയായിരുന്നു എന്നുതെളിയുംപോള്‍ ആത്മ രക്ഷയെസംബന്ധിച്ച് നാം മുന്നോട്ടുവച്ച ആശന്കകള്‍ ശരിയാണെന്ന് വരും.തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിയില്‍ ഒട്ടും കുറവല്ല ലോകത്തെവിടേയുമുള്ള ഭരണകൂടഭീകരതയെന്നാണ് ആധുനിക കാലം തെളിയിക്കുന്നത്.

                                             എന്നാല്‍ യഥാര്‍ത്ഥ വിഷയം ഇതുമല്ല.ശത്രുവില്‍ നിന്നുമാണ് ആത്മരക്ഷ തേടേണ്ടത്.പക്ഷേ ആരാണ് ശത്രു?യഥാര്‍ത്ഥ ശത്രുവിനെ കണ്ടെത്താനായില്ലെന്കില്‍ പുതുതായി ശത്രുക്കളെ സൃഷ്ടിക്കുന്നതാണ് ഇന്നത്തെ രീതി.ആയുധം ശത്രുവിനുനേരേ പ്രയോഗിക്കാനുള്ളതാകയാല്‍ ഏതുരീതിയിലും പുതിയ പുതിയ ശത്രുക്കളെ ജനിപ്പിക്കേണ്ടത് ആയുധനിര്‍മാണത്തിലും അതിന്റെ വ്യാപാരത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അത്യാവശ്യമാണ്.പരംപരാഗത ശത്രുതയുടെ കത്തിയമര്‍ന്ന ചാരത്തില്‍പോലും ഇക്കൂട്ടര്‍ കനല്‍ചീളുകള്‍ തിരയുന്നത് ഇതേ കച്ചവ‍ടലക്ഷ്യങ്ങള്‍ മനസ്സില്‍ കണ്ടുകൊണ്ടാണ്.പാലസ്തീന്‍-ഇസ്രായേല്‍ തര്‍ക്കങ്ങളിലെ ലോകപോലീസുകാരന്റെ ഇടപെടലുകളും,ഇറാക്കിലെ അവന്റെ അധിനിവേശവും,അഫ്ഗാന്‍ മണ്ണില്‍ സോവിയറ്റ് യൂണിയനും പിന്നീട് അമേരിക്കക്കാരും നടത്തിയ പടയോട്ടങ്ങളും ഗതകാലത്തെ ചില ഉദാഹരണങ്ങളാണെന്കില്‍ ടിബറ്റന്‍ ജനതയോടുള്ള ചൈനയുടെ പരാക്രമങ്ങളുടെ പിന്നിലും ഇന്ത്യയും പാക്കിസ്താനുമിടയിലെ ഒളിഞ്ഞും മറഞ്ഞുമുള്ള ശത്രുതക്കുപിന്നിലും നേരിട്ടോ അല്ലാതേയോ ഉള്ള ആയുധക്കച്ചവടക്കാരുടെ താല്പര്യങ്ങളാണുള്ളതെന്ന് കണ്ടെത്താവുന്നതാണ്.ശവപ്പെട്ടിക്കച്ചവടക്കാരുടെപോലും കമ്മീഷന്‍ പറ്റുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും നിറഞ്ഞ ഇന്ത്യന്‍ പരിതസ്ഥിതികളില്‍  ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാവുന്നതുമാണ്.
                                     ഒരുതരത്തില്‍ ഇന്ന് ലോകം അഭിമുഖീകരിച്ചുവരുന്ന ഏറ്റവും വലിയ വിപത്തായ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ പോലും ആയുധക്കച്ചവടലോബിയുടെ ഒത്താശയോടെയാണോ നടന്നുവരുന്നതെന്ന് സംശയിക്കണം.ഏറ്റവും നവീനവും അപാരമായ പ്രഹരശേഷിയുമുള്ള ആയുധങ്ങള്‍ പണംമുടക്കാതെ തീവ്രവാദികള്‍ക്കു കിട്ടുമെന്ന് യുക്തിബോധമുള്ള ആര്‍ക്കും ചിന്തിക്കാനാകില്ല.മാത്രവുമല്ല പുതിയശത്രുക്കളെ വാര്‍ത്തെടുക്കാനും പരംപരാഗത ശത്രുക്കളുടെ വൈരത്തിന് മുനകൂര്‍പ്പിക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ത്തന്നെ നടന്നുവരുംപോള്‍ തീവ്രവാദ-വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ആക്കം ഇനിയും വര്‍ദ്ധിക്കാതിരിക്കാന്‍ തരമില്ല.ആയുധക്കച്ചവ‍ടം അരങ്ങുതകര്‍ക്കുകയും കമ്മീഷന്‍ പറ്റി കൊഴുക്കുന്ന ശവംതീനിപ്പട പെരുകുകയും ചെയ്യുംപോള്‍ പ്രകൃതി ദുരന്തങ്ങളും രോഗവും പട്ടിണിയും കൊണ്ട് സ്വതേ പൊറുതിമുട്ടുന്ന ജനം എന്തിനെന്നറിയാതെ പരസ്പരം പോരടിച്ചുമരിച്ചുവീഴും.ഇത് കാണാന്‍ വലിയ ദീര്‍ഘദര്‍ശന പാടവമൊന്നും വേണ്ട,മറിച്ച് അല്പം സാമാന്യ ബുദ്ധിമതിയാകും.പ്രശ്നം നാം അധികം എടുത്തു പ്രയോഗിക്കാത്തതുകൊണ്ട് വേണ്ടസമയത്ത് അത് നമുക്ക് പ്രയോജനപ്പെടുമോ എന്ന സംശയമാണ്.സര്‍വ്വനാശം എത്തിപ്പിടിക്കുംമുന്‍പ് നാം ഉണര്‍ന്ന് ചിന്തിക്കുകയും ജാഗ്രതയോടെ പ്രവര്‍ത്തിക്കുയും വേണം.