Saturday 26 September 2020

SPB

 അല്പത്തലേശമില്ലാത്ത മനുഷന്മാരെ അന്വേഷിച്ചാൽ പോലും കണികാണാൻ കിട്ടാത്ത കാലമാണ് ഇത്.

അന്ത:സ്സാര ശൂന്യന്മാരെയാണെങ്കിൽ ഏതു ദിക്കിലും കാണുകയുമാകാം.
അല്പന്മാരും അന്ത:സ്സാരശൂന്യരും നാം ആരാധിക്കുന്ന പ്രതിഭകളുടെ ഇടയിലും ധാരാളമുണ്ടെന്ന് അറിയുമ്പോഴാണ് അങ്ങനെയല്ലെന്ന് ജീവിതം കൊണ്ട് തെളിയിച്ച ചിലരുടെ വേർപാടുകൾക്ക് കനമേറുന്നത്.
ഹിന്ദിയിലും തെന്നിന്ത്യൻ ഭാഷകളിലുമായി SPB പാടിത്തീർത്ത ഗാനങ്ങൾ കേൾക്കാൻ തന്നെ ഒരു മനുഷ്യായുസ്സ് പോര.
അതിലും വലുതാണ് ആ മഹാഗായകൻ പ്രതിനിധാനം ചെയ്തിരുന്ന സമഭാവനയുടെ സംസ്കൃതി.
മുൻപേ നടന്നവരെ ബഹുമാനിച്ചും കൂടെ നടന്നവരെ സമശീർഷരായി കരുതിയും ശേഷം വന്ന തലമുറയെ അംഗീകരിച്ച് അനുഗ്രഹിച്ചും SPB യഥാർത്ഥ കലാകാരൻ എന്തായിരിക്കണം എന്ന് ലോകത്തിന് കാട്ടിക്കൊടുത്തു.
ലാളിത്യവും സഹാനുഭൂതിയും ആ വലിയ കലാകാരൻ തിടമ്പായി ഏറ്റി നടന്നു.
സംഗീതലോകത്തെ വിഭിന്ന മേഖലകളിലുള്ളവർക്ക് ആ വലിയ ശരീരത്തിനുള്ളിലെ ആ വലിയ മനസ്സിന്റെ സാന്നിദ്ധ്യം എന്നും പ്രചോദനമായി.
ശങ്കരാഭരണത്തിലെ ഗാനങ്ങളിലൂടെ പ്രശസ്തിയുടെ പടവുകളേറിയ ആ ഗായകന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
തമിഴ് സിനിമാലോകത്തെ ഗായക സങ്കല്പങ്ങൾ ആ മായിക സ്വരത്തിൽ തട്ടി തകർന്നുവീണു.
മുറിവേറ്റവരും രംഗംവിട്ടൊഴിയേണ്ടി വന്നവരും അന്നുണ്ടായിരുന്നു.
അതൊരുപക്ഷേ ഒഴിവാക്കാനാകാത്ത ചരിത്രനിയോഗമായിരുന്നിരിക്കാം.
പക്ഷേ ആ നിയോഗങ്ങളേറ്റുവാങ്ങി ഉയരങ്ങളിലേയ്ക്ക് കയറുമ്പോഴും കൈവിടാതെ സൂക്ഷിച്ച എളിമയും വിനയവും SPB യെ വ്യത്യസ്ഥനാക്കി.
കൈവച്ച മേഖലകളിലെല്ലാം അദ്ദേഹം പ്രതിഭ തെളിയിച്ചു.
സംഗീത സംവിധായകനായും അഭിനേതാവായും,ഡബ്ബിംഗ് ആർട്ടിസ്റ്റായും ഒക്കെ പല രംഗങ്ങളിൽ അദ്ദേഹം തിളങ്ങി.
ഈ തിളക്കങ്ങളിലും സൗഹൃദങ്ങളെ അദ്ദേഹം പൊലിമയോടെ സൂക്ഷിച്ചു.
വേദികളികളിൽ അദ്ദേഹം എളിമയുടെ നിലവിളക്കും സ്നേഹ-ബഹുമാനങ്ങളുടെ നിറനിലാവുമായി.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സംഗീതം കിനിഞ്ഞിറങ്ങിയ മനസ്സുകളിൽ സഹാനുഭൂതിയുടെ നനുത്ത മഴ പെയ്യുകയായി.
സഹവർത്തിത്വത്തിന്റെ പെരുമ വിളിച്ചോതുന്നവയായി SPB യുടെ സംഗീതനിശകൾ.
കലയുടെ നിറവുകളിലേയ്ക്ക് തലമുറകളെ ചേർത്തുപിടിച്ച ആ ശരീരം നിശ്ചലമായി.
ആത്മാവിന്റെ മിടിപ്പുകളിലേയ്ക്ക് ഊർന്നിറങ്ങിയ ആ സ്നേഹസ്വരം നിലച്ചു.
ഒപ്പം ജീവിക്കാൻ കഴിഞ്ഞ മഹാഭാഗ്യം മാത്രം നമുക്ക് വിട്ടു തന്നു കൊണ്ട് ആ മഹാഗായകൻ വിട പറഞ്ഞു.
ഒരു നിമിഷം കാലം ഇവിടെ നിശ്ചലമാകുന്നു.
ആ സ്വരം വീണ്ടും കേൾക്കാൻ മാത്രം.

Wednesday 8 March 2017

വ്രണിതം

വ്രണിതം

സ്ത്രീയേ,
പകയ്ക്കരുത്
പ്രണയം
ശരീരമായി പരിണമിച്ചതറിയുക.
സ്നേഹം അധമവും.
ആരും,അധികാരിയും, അറിഞ്ഞില്ലെന്നു നടിക്കുന്നത്
അവസരം പാർക്കുന്നതാണ്
ഇരയെ തകർക്കാനുള്ള അടവ്.
ഇര മാത്രമാണ്  എല്ലാം,എവിടെയും
തനിച്ചും തകർന്നും.
നന്മയുടെ ഉറവുകളെ
സ്നേഹത്തിന്റെ ഈടുവയ്പുകളെ
മറന്നത് അല്ലെങ്കിൽ
അങ്ങനെ ഭാവിച്ചത്
അടവായിരുന്നു.
ആരും ഒന്നും മറക്കുന്നില്ല.
ഒരിയ്ക്കലും.
വരമ്പത്തു വിടർമിഴികളുമായി
കാത്തു നിന്ന പുലർകാല സ്വപ്നങ്ങളെ,
ഇരുൾച്ചിറകുമായിവന്ന്
വാരിപ്പുണർന്ന്
ചുടുചുംബനങ്ങൾ കൊണ്ടുമൂടിയ സാന്ധ്യ നിശീഥങ്ങളെ,
താനറിയാതെ അലഞ്ഞ് വശംകെട്ട്
പതറി എത്തിയ രാത്രികളിൽ
ഇമയടയ്ക്കാതെ കാത്തിരുന്ന
ഒരുപിടിച്ചോറിന്റെ കദനങ്ങളെ,
പനിയുറക്കത്തിന്റെ വിസ്മൃതിപ്പരലുകൾ
തകർക്കാതിരിക്കാൻ
പെരുവിരൽ ഊന്നിയെത്തിയ
ഉടപ്പിറന്നവളുടെ
സ്നേഹക്കരുതലുകളെ,
ദുരനുഭവങ്ങളുടെ തീക്കാറ്റേറ്റ്
വല്ലാതെ കറുത്തിട്ടും
പ്രതീക്ഷ കൊണ്ട് വിളക്കിയ
ചിരിയുമായി പടിമേൽ കാത്തിരിക്കുന്നവളുടെ
പ്രണയ പരിഭവങ്ങളെ,
മകളുടെ
വായ കെട്ടിയ
മോഹങ്ങളുടെ ഇരുണ്ട
വിങ്ങലുകളെ,
ആരും, ഒന്നും മറക്കുന്നില്ല.
സത്യം.
നാം പുറപ്പെട്ടിടത്തു തന്നെ തിരിച്ചെത്തിക്കഴിഞ്ഞു
മൃഗചോദനകൾ
വന്യവാസനകൾ
വെളുത്തതായൊന്നും
അവശേഷിക്കുന്നില്ല
 എവിടെയും കറുപ്പിൽ വരഞ്ഞ
ദാരുണ ചിത്രങ്ങൾ മാത്രം.
വലക്കണ്ണികളിൽ തിരഞ്ഞും
മുഖപുസ്തകത്തിൽ പരതിയും
അന്വേഷിച്ചെടുത്തത്
അഴുകിയവാസനകളെ.
പകർത്തിയെഴുതി പഠിച്ചത്
വികൃതചിത്രങ്ങൾ
തീക്കാറ്റിനെ മലവെള്ളം
കൊണ്ട് തടയാം.
ഒഴുകിപ്പരന്ന ദുർവ്വാസനകൾ
എല്ലാ നിയന്ത്രണങ്ങൾക്കും
അതീതമാണ്.
രഹസ്യത്തിന്റെ താക്കോൽ
തിരഞ്ഞ് അലയുന്നു,എല്ലാവരും.
 കപടമാണ് എല്ലാം.
അഭിനയമാണ് എങ്ങും.
അലിവുള്ളതൊന്നും അവശേഷിച്ചിട്ടില്ല,എവിടെയും.
ദൂഷിതമാണ് എന്തും.
ഇത് ദ്വാപരത്തിന്റെ
പ്രേതാവിഷ്ടർ.
പ്രതീക്ഷിക്കാനൊന്നുമില്ല.
വേണുഗാനവും കടലെടുത്തു.
ഇനി
സ്ത്രീയേ,
 കരുതുക
നിനക്ക് നീ താൻ തുണ.



.



















Tuesday 28 February 2017

സഹനം


അനാഥത്വത്തിന്റെ
കറുത്തവേദന പകലിരവുകളിൽ കരളുപിളർത്തിയപ്പോൾ
കരയാതിരിയ്ക്കാൻ നീ
വിതുമ്പലിൽ
ചുണ്ടമർത്തി.
തണലിട്ട കൈ തളർന്നപ്പോൾ
തകരാതിരിക്കാൻ
നീ പുകഞ്ഞു നീറി.
മധുരിച്ചതെല്ലാം
നിനക്ക് വിഷം.
നിറചിരി കണ്ണീർക്കടൽ.
പൊട്ടിയും ശീവോതിയും
ആതിരയും നിറനിലാവും
നിറം മങ്ങിയ വളപ്പൊട്ടുകൾ.
പാകിമുളപ്പിച്ചവയെ
ചാഴികുത്താതെ കാക്കാൻ
നീ എരിപ്പന്തമായി.
വേനലറുതി പടികടന്നു
വേലയും വിഷുവുമെത്തി.
അധികപ്പറ്റിന്റെ
നൊമ്പരങ്ങളില്ലാതെ
മക്കൾക്ക്സ്വൈരംപെറ്റു നൽകി
നീ
നിറഞ്ഞ കളത്തിനു പുറത്തേയ്ക്ക്.
ആരോടും പരിഭവിക്കാതെ.
എരിഞ്ഞുതീരാൻ
ഇനിയും ഒരു ജന്മം….

Friday 23 October 2015

വയൽക്കൊറ്റികൾ

കൺമുന്നിൽ പാടങ്ങളുമായാണ് എന്റെ കാഴ്ച മിഴിഞ്ഞതുതന്നെ.ആദ്യമായി കേട്ടെടുത്ത പദങ്ങളിൽ ഉഴവുകാരുടെ വായ്ത്താരിയായ ഇമ്പ ഹേ......  യും ഉണ്ടായിരുന്നു.ആജ്ഞയുടെ അനുശീലങ്ങളായ വലത്തേ,ഇടത്തേ എന്നിങ്ങനെ അമർത്തി ഉച്ചരിക്കുന്ന ചില പദാവലികൾ കൂടിയായാൽ എന്റെ ബാല്യകാല പദകോശം സമ്പൂർണ്ണമായെന്നു തന്നെ പറയാം.അതിവെളുപ്പിനു തന്നെ പാടങ്ങളിൽ ഉഴവിറങ്ങും.ഇടവപ്പാതിയും കന്നിയൊഴിവും പെയ്തു നിറച്ച രാവകങ്ങളെ ആർദ്രമാക്കി നനുത്ത മഞ്ഞും കുളിരും വിരുന്നുവരുന്ന പുലർ കാലങ്ങളിൽ പലപ്പോഴും പൂണ്ടുറക്കത്തിൽ വിരൽ തൊട്ടു വിളിച്ചിരുന്നത് പോത്തിന് കാളയെ ഇണചേർത്ത് എരു മെനഞ്ഞ ചെപ്പടിവിദ്യക്കാരനായ ഉഴവുകാരന്റെ സ്നേഹം നിറഞ്ഞ ആക്രോശങ്ങളായിരുന്നു.ആരും ഉറക്കെണീറ്റിട്ടില്ലാത്ത ആ നേരത്ത് മെല്ലെ ഇറയത്തെ തട്ടുപടിമേൽക്കിടന്ന് നേർത്ത പുലർ നിലാവിൽ തെളിയാ നിഴലുകളായി  ഇടറി നീങ്ങുന്ന ഉഴവുകാരുടേയും ഉരുക്കളുടേയും ചിത്രം നോക്കിയിരുന്നത് ഇപ്പോൾ നൊമ്പരപ്പടുത്തുന്ന ഓർമ്മകളായിരിക്കുന്നു.അന്ന് വീട്ടിലെ കൃഷിനടത്തിപ്പുകാരിയായി വിലസിയിരുന്ന അമ്മൂമ്മയും പ്രധാന ഉഴവുകാരനും തമ്മിൽ അടുത്ത കൃഷിക്ക് പയറ്റേണ്ട ഉഴവു തന്ത്രങ്ങളുടെ ബ്ളൂപ്രിന്റെടുക്കുന്നതിനായി നടന്നുവരാറുള്ള ചില നാടൻ സംഭാഷണ ശകലങ്ങളും പാടങ്ങളുമായി ബന്ധപ്പെട്ട ഓർമ്മക്കൂട്ടിലുണ്ട്.അക്കനെന്നാണ് സ്നേഹ ബഹുമാനങ്ങൾ വിളക്കിച്ചേർത്ത് കുറുപ്പമ്മാവൻ അമ്മൂമ്മയെ വിളിക്കാറുള്ളത്.കളകയറിയ ഞാറ്റടി വിതയ്ക്കു മുന്നൊരുക്കമായി രണ്ടു ചാല് പൂട്ടിയിടണമെന്നോ മുപ്പറയിൽ കഴിഞ്ഞ പൂവിന് പൂട്ടിയപ്പോഴേ മണ്ണിളക്കം കുറവായി കണ്ടെന്നും അതുകൊണ്ട് ഇത്തവണ രണ്ട് ചാൽ അധികം ഉഴണമെന്നോ അതുമല്ലെങ്കിൽ  കന്നിക്കൊരുക്കുമ്പോൾ ഇത്തവണ പച്ചില കുറച്ചധികം ചേർത്തഴുക്കണമെന്നോ ഒക്കെയാകും കുറുപ്പമ്മാവന്റെ ഡിമാന്റുകൾ.അംഗീകരിച്ചാലും ഇല്ലെങ്കിലും ഇതൊക്കെ പറയേണ്ടത് തന്റെ കടമയാണെന്നാണ് കുറുപ്പമ്മാവന്റെ മനസ്സിലിരിപ്പ്.കുറുപ്പമ്മാവന് വേണ്ടത്ര ബഹുമാനം കൊടുക്കുന്നതിന് അമ്മൂമ്മയും ഒരു കുറവും വരുത്തുമായിരുന്നില്ല.ചായയും കുടിച്ച് മൂന്നുംകൂട്ടി വിസ്തരിച്ചൊരു മുറുക്കും കഴിഞ്ഞ് കുറുപ്പമ്മാവൻ പടികടന്നു മറയുമ്പോൾ കൃഷിയുടെ അവാച്യമായ ദൃശ്യാനുഭുതി പടിയിറങ്ങിപ്പോകുന്നതായാണ് അന്ന് തോന്നാറുണ്ടായിരുന്നത്.മഴയേയും വെള്ളത്തേയും ഒഴിവാക്കി എന്തു പറഞ്ഞാലും അത് പാടത്തിന്റെ ചെറു വരമ്പിനെ പോലും സ്പർശിക്കുന്നതാകില്ല.തിമിർത്ത മഴയിൽ വെള്ളം നിറഞ്ഞ പാടത്ത് തലയൊന്ന് പുറത്തുകാട്ടാൻ വെമ്പി വിതുമ്പി നില്ക്കുന്ന ഞാറിൻ തലപ്പുകളും പെട്ടെന്ന് വീണുകിട്ടിയ മീൻ സദ്യയിൽ മനം മയങ്ങി സ്ഥലകാലങ്ങൾ മറന്ന് നനഞ്ഞൊട്ടിയ മേനിയുമായി ഒറ്റക്കാലിൽ തപസ്സുചെയ്യുന്ന വെള്ളക്കൊറ്റികളും വയലേത് വരമ്പേതെന്ന് അറിയാതെ തപ്പിത്തടഞ്ഞ് ഒടുവിൽ വെള്ളക്കെട്ടിലേയ്ക്കുതന്നെ മറിഞ്ഞ് ആകെ വശം കെടുന്ന വയൽയാത്രക്കാരും പാടത്തെ മഴവെള്ളം ഉത്സവമാക്കി കടിപിടികൂടി കെട്ടിമറിഞ്ഞ്  ആകെ അലങ്കോലമാക്കുന്ന വളർത്തു നായ്ക്കൂട്ടവും പാടത്തിന്റെ മാത്രം ഓർമ്മത്തുരുത്തുകളാണ്.സ്ഥലത്തെപാട്ടുകാരെക്കൂടി ഉൾപ്പെടുത്താതിരുന്നാൽ ഈ ഓർമ്മക്കളി അപുർണ്ണമായിപ്പോയേയ്ക്കാം.മഴ വരുന്നതറിയിക്കുന്നതു മുതൽ പെട്രോമാക്സിന്റെ കണ്ണഞ്ചിക്കുന്ന മാസ്മരവെളിച്ചത്തിൽ കുരുങ്ങി ഏതെങ്കിലും ഭാഗ്യാന്വേഷിയുടെ പൊക്കണത്തിൽ കുടുങ്ങുതുവരേയും ആ പാട്ട് മഴയുടെ സംഗീതത്തെ പാടി മുഴുമിപ്പിച്ചുകൊണ്ടേയിരിക്കും.നമുക്കായി അത് ഓർമ്മയിൽ വേദനയുടെ പുതിയ ചിത്രക്കൂടുകൾ പണിതുവയ്ക്കുകയും ചെയ്യും.

                                 നികത്തിയ പാടങ്ങളുടെ ഗതിവിഗതികൾ ചർച്ചചെയ്യപ്പെടുന്ന ഇക്കാലത്ത്  വരും തലമുറകൾക്ക് നാം നഷ്ടപ്പെടുത്തിയത് എന്തായിരുന്നെന്ന് വെറുതേ ഒന്നോർത്തുനോക്കുകയായിരുന്നു.ഉള്ളിൽ കൊള്ളേണ്ടത് പലതും പുരപ്പുറത്തുപോലുമില്ല എന്ന അവസ്ഥയായി.നെല്ല് കണികാണാനില്ല.തൊട്ടടുത്ത വീട്ടിൽ നേദിച്ച പറനെല്ല് പണം നൽകി വാങ്ങി വീണ്ടും കാണിക്ക വച്ച് നാം തേവരുടെ മുന്നിലും സ്വയം അപഹാസ്യരാകുന്നു.എന്തിനും പണം പകരക്കാരനായപ്പോൾ നമ്മുടെ മൂല്യം ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തിയത് നാം അറിഞ്ഞില്ല.മുന്തിയ ജീവിത സൌകര്യങ്ങൾ ലക്ഷ്യം വച്ച് നാം പാടങ്ങളെ വരഞ്ഞുകീറി റോഡുകൾ നിർമ്മിച്ചു.അവയ്ക്ക് കയറിയിറങ്ങിപ്പോകാൻ പാലങ്ങളും ഒരുക്കി നൽകി.എല്ലാം നല്ല ലക്ഷ്യങ്ങളോടെയായിരുന്നു.പക്ഷേ റോഡുകളും പാലങ്ങളും കടന്നെത്തിയത് വികസനത്തേക്കാളുപരി ഭൂമാഫിയയായിരുന്നു.പുതിയ തൊഴിൽസംസ്കാരം കൊണ്ട് സ്വതേ പൊറുതിമുട്ടിയിരുന്ന ചെറുകിട നാമമാത്ര കർഷകർ നിലങ്ങൾ സ്വാഭാവികമായും തീറെഴുതി.പിന്നീടുള്ളതെല്ലാം ചരിത്രമാണ്,ഒരർത്ഥത്തിൽ രാഷ്ട്രീയവും.ഇവിടുത്തെ വിഷയം മറ്റൊന്നാണ്.കൃഷി കൈമോശം വന്ന  സമൂഹത്തിന് യഥാർത്ഥത്തിൽ നഷ്ടമായത് ഒരു സംസ്കൃതിയാണ്.സംസ്കൃതിയെന്നാൽ കഴിഞ്ഞുപോയ തലമുറകളുടെ സാംസ്കാരികമായ ഈടുവയ്പ്.അഭിമാനിക്കാൻ ഏറെയുണ്ടായിരുന്ന,വരും തലമുറകളിലേയ്ക്ക് കൈമാറാൻ നാം ഓരോരുത്തരും ബാധ്യതപ്പെട്ടിരുന്ന ഒന്നായിരുന്നു അത്.ഒരു നിയമനിർമ്മാണത്തിനും അതിനെ തിരിച്ചുകൊണ്ടുവരാനോ പുന: സൃഷ്ടിക്കാനോ കഴിയില്ല.അവശേഷിക്കുന്ന കൃഷിയിടങ്ങളെയെങ്കിലും സംരക്ഷിക്കാനുള്ള ആർജ്ജവമാണ് നമുക്കുണ്ടാകേണ്ടത്.അതിനുവേണ്ടി പഴുതറ്റ നിയമങ്ങൾ നിർമ്മിക്കാൻ നമ്മുടെ ജനപ്രതിനിധികൾക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.

Thursday 22 October 2015

ചില വിദ്യാരംഭ ദിന ചിന്തകൾ

ഇന്ന് വിദ്യാരംഭ ദിനം
നാം ആർജ്ജിക്കുന്നതിലും ആർജ്ജിക്കേണ്ടതിലും വച്ച് ഏറ്റവും ശ്രേഷ്ഠമാണ് വിദ്യയെന്ന് അഭിജ്ഞമതം.
വിദ്യകൊണ്ട് അറിയേണ്ടത് അറിയുന്നതിലാണ് കാര്യം.
തമസ്സിൽ നിന്നും ജ്യോതിസ്സിലേയ്ക്കും
മൃത്യുവിൽ നിന്നും അമരത്വത്തിലേയ്ക്കും നയിക്കേണ്ടതാണ് വിദ്യ.
അങ്ങനെയുള്ളതാകണം വിദ്യ.
ഇന്നത്തെ വിദ്യ അത്തരം ലക്ഷ്യങ്ങളിൽ നിന്ന് ഏറെ അകന്നിരിക്കുന്നു.
വിദ്യാധനം സർവ്വധനാത് പ്രധാനം എന്ന ചൊല്ല്
ധനസമ്പാദ്യാത് പ്രധാനം വിദ്യ എന്ന് മാറ്റി വായിയ്ക്കേണ്ടിയിരിക്കുന്നു.
മരങ്ങൾ ചായുന്നു ഫലാഗമത്തിനാൽ എന്ന കവിവാക്യം വിദ്യാധനം

 നേടിയവർക്കുണ്ടായിരിക്കേണ്ടുന്ന വിനയത്തേയും ലക്ഷ്യം വയ്ക്കുന്നുണ്ട്.
വിനയവും വിവേകവും വിദ്യയിൽ നിന്നും ഏറെ അകലെയല്ല
അങ്ങനെ ആകാനും പാടില്ല.
വിവേകശാലികളല്ലാത്ത വിദ്യക്കാരെ പൂന്താനം കണക്കറ്റ് പരിഹസിച്ചിരുന്നത് ഓർത്തിരിയ്ക്കാം.
ഈ വിദ്യാരംഭ ദിനം വിവേകശാലികളായ ഒരു പുതുതലമുറയ്ക്ക് ആദ്യാക്ഷരം കുറിക്കട്ടെ എന്ന് നമുക്ക്

സർവ്വശക്തനോട് പ്രാർത്ഥിക്കാം.

Friday 14 June 2013

മഴയിരമ്പം

വടക്കേപ്പുറത്ത് ഓല കെട്ടിയ ഒരു ചായ്പായിരുന്നു കുട്ടിക്കാലത്തെ വീട്ടിലുണ്ടായിരുന്നത്.തുലാവർഷവും ഇടവപ്പാതിയും പെയ്തൊഴിയുന്നത് ചായ്പിന്റെ ഇറമ്പിൽ നിന്നും വീണൊഴിയുന്ന മഴയുടെ ആരവങ്ങളിൽ നിന്നാണ് അറിഞ്ഞിരുന്നത്.മഴ അക്കാലത്ത് വലിയ ദൌർബല്യമായൊന്നും മാറിയിരുന്നില്ല. മറിച്ച് ഏകാന്തതയെ ഓമനിച്ചുകൊണ്ടുള്ള പറമ്പിലെ എന്റെ ഇടനടത്തങ്ങൾക്ക് അത് തടസ്സം സൃഷ്ടിച്ചിരുന്നത്  എന്നെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നുവെന്നുവേണം പറയേണ്ടത്.അറുപതുകളുടെ അന്ത്യത്തിലും എഴുപതുകളുടെ തുടക്കത്തിലുമായി ഞാൻ കൈമാറിയ എന്റെ നനഞ്ഞ ബാല്യത്തിന്റെ ഈ മഴ ഇന്നത്തെ തലമുറയ്ക്ക് ഊഹിയ്ക്കാവുന്നതിനും അപ്പുറത്താണ്.ആഴ്ചകളോളം നിർത്താതെ, ധാരമുറിയാതെ, ഇറമ്പിൽ നിന്നും തളരാതെ തോരാതെ മഴപെയ്തൊഴിയുന്നത് (അതോ പെയ്തു നിറയുന്നതോ)മുറിഞ്ഞ താളത്തിൽ,ഇടർച്ചയോടെ മാത്രം മഴ ചൊരിയുന്ന ഇന്നത്തെ കാലത്തിന് ഒരത്ഭുതം തന്നെയാകാം.അന്നൊക്കെ തപസ്സിരിക്കും, ആ ധാരയൊന്നു മുറിഞ്ഞുകാണാനായി കാത്തിരിക്കും.എന്നിട്ടുവേണം നനഞ്ഞ മഞ്ഞച്ച മഴവെയിലിൽ കാശിത്തുമ്പകളോട് കിന്നാരം പറയാനെത്തുന്ന വയൽത്തുമ്പികളോട് എനിക്കിത്തിരി സ്വകാര്യം പറയാൻ.നനഞ്ഞൊട്ടിയ ചിറകുകളുമായി കൂട്ടിൽ വിശന്നിരിക്കുന്ന ഇത്തിരികൾക്ക് അടുക്കളയുടെ പിന്നാമ്പുറത്തെ എച്ചിൽകുഴിയായി പരിണമിച്ച തെങ്ങിൻചുവട്ടിൽ തീറ്റ പരതുന്ന കാക്കകളോട് കാണാതെ പോയ എന്റെ നുണുങ്ങു പമ്പരത്തെപ്പറ്റി പരിഭവം പറയാൻ-അങ്ങനെ പലതുമുണ്ട് മഴ കാരണം മുടങ്ങിപ്പോയ ചെറിയ വലിയ സ്വകാര്യങ്ങൾ.പക്ഷേ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും
 പലപ്പോഴും നിരാശയാകും ഫലം.പിണങ്ങിപ്പോയ കണവൻ തിരിച്ചെത്തുമ്പോഴുള്ള ആനന്ദക്കണ്ണീരുമായി കാറു നിറഞ്ഞ മാനം പിന്നെയും നീർവീഴ്ത്തുകയായി.ആദ്യം നുനുനുനെ പിന്നെ കുനുകുനെ പിന്നെ ചറുപിറെ പിന്നെ ആവേഗമാർന്ന് പത്തിവിടുർത്തി സീൽക്കാരത്തോടെ ആഞ്ഞടുക്കുന്ന മഴനാഗിനിയായി.ഇറമ്പിൽ നിന്നും അലച്ചുമറിയുന്ന മഴവെള്ളം നോക്കിയിരുന്നാൽ സമയം പോകുന്നതറിയില്ല.ഒരായിരം പത്തികളുമായി കുതിച്ചുചാടി നിലത്തുവീണഴിയുന്ന നാഗിനികൾ. അവരുടെ വീണടിയാനുള്ള ആവേശം തീർക്കുന്ന മഴയിരമ്പം.എത്ര കേട്ടാലും മതിവരാത്ത ആ ഇരമ്പമാണ് മനസ്സിൽ കവിതയുടെ, സംഗീതത്തിന്റെ ആദിതാളമുതിർത്തത്.ഇറമ്പിലെ മഴവെള്ളച്ചാട്ടത്തിൽ ഞാൻ നിനവു കണ്ടറിയാത്ത നദികളില്ല.വല്ലിയും ഇല്ലിയും പാറക്കെട്ടും കുന്നും മേടും ചരിവും പാമ്പാടുംചോലകളും മഴക്കാടുകളും എല്ലാം പുരപ്പുറത്താണ്.ഹിമവൽ ശൃംഗങ്ങളും ഹിമാനികളുംകൈലാസവും മാനസസരസും അവിടത്തന്നെ.പുരപ്പുറത്ത് ഉത്ഭവിച്ച് നിറഞ്ഞ് ഒഴുകിപ്പരന്ന് ഒടുവിൽ ഇറമ്പിലൂടെ നിലത്തേക്ക് മറിയുമ്പോൾ എനിക്കത് ഗംഗയും യമുനയും അളകനന്ദയുമെല്ലാമായി.കണ്ണന്റെ മൃദുപാദപതമേറ്റ് വിവശനായ കാളിയൻ മദവിഷം തള്ളിയ കാളിന്ദിയായി, നിറഞ്ഞപെരിയാറും തുടുത്ത കാവേരിയുമായി.അങ്ങനെ എന്തെല്ലാമോ ആയിമാറിയിരുന്നു ഓരോ മഴക്കാലവും.തൊടി കഴിഞ്ഞാൽ പിന്നെ വെള്ളം നിറഞ്ഞ പാടങ്ങളാണ്.മഴതോർന്നാൽ അവിടെ ചിലരുടെ വിശേഷങ്ങളും ചോദിച്ചറിയാനുണ്ട്.ഉമ്മറത്തെ ചട്ടുകാലൻ തട്ടുപടിയുടെ മുകളിൽ ചരിഞ്ഞു കിടന്നാൽ പാടവും തപസ്സുചെയ്യുന്ന കൊറ്റികളേയും കാണാം.തോർന്ന മഴയ്ക്കിടയിലൂടെ പാറി നടക്കുമ്പോൾ വെളുത്തകൊറ്റികൾക്ക് ഒരു പ്രത്യേക സൌന്ദര്യമാണ്.തൊടിയിലേയ്ക്കിറങ്ങിനിന്ന് പോക്കണാം തവളകളുടെ വിശേഷങ്ങൾ ചോദിക്കാമെന്നുവച്ചാൽ ഇന്നലെ സന്ധ്യക്ക് പോംപോം വിളിച്ചവരിൽ ഇന്ന് പരിചയക്കാരെത്രയുണ്ടെന്നറിയില്ല.രാത്രി തോട്ടുവരമ്പത്തുകൂടി ഒത്തിരി പെട്രോമാക്സുകൾ നടന്നുപോകുന്നത് കണ്ടിരുന്നു.പിൻകാലുകൾ മുറിച്ചെടുത്ത മരിക്കാത്ത തവളകളുടെ തീരാ ശാപമാണ് പാടങ്ങളെല്ലാം വറ്റിച്ചതെന്ന് വിശ്വസിക്കാനാണ് ഇന്നും എനിക്കിഷ്ടം.

                ഇന്നും മഴ പെയ്തു നിറഞ്ഞ പാടങ്ങളെ,അതിലെ തുയിലുണർത്തുന്ന പോക്കണാം തവളകളെ,ഒറ്റക്കാലിൽ തപസ്സുചെയ്യുന്ന കൊറ്റികളെ,മഴപ്പൂക്കൾ നിറഞ്ഞ പാട വരമ്പുകളെ,പാറുന്ന തുമ്പിക്കൂട്ടങ്ങളെ,മഴമഞ്ഞു മൂടിയ മരത്തലപ്പുകളെ ഞാൻ സ്വപ്നം കാണുന്നു. അപ്പോഴെല്ലാം നമ്മുടെ കുഞ്ഞുങ്ങളെക്കുറിച്ച്, അവരുടെ നഷ്ടങ്ങളെക്കുറിച്ച് സങ്കടത്തോടെയോർക്കുന്നു..........

Monday 14 January 2013

കഥയിലെ കഥ



        

കഥയിലെ കഥ


          പുതിയ കാലത്തിന്റെ ആവശ്യങ്ങളെ രചനയ്ക്ക് വിഷയമാക്കുമ്പോഴാണ് പുതിയ സാഹിത്യം പിറവികൊള്ളുന്നത്.പാരമ്പര്യവും സംസ്കാരവും ഏതു കാലത്തേയും സാഹിത്യത്തിന് എലുകകൾതീർക്കാമെങ്കിലും ഉള്ളടക്കത്തിന്റേയും ആവിഷ്കാരത്തിന്റേയും കാലികമായ പ്രവണതകളുൾക്കൊള്ളുന്നതിലൂടേയും ചിലപ്പോൾ നവീകരിക്കുന്നതിലൂടേയും സാഹിത്യവും അതിന്റെ വിഭിന്ന രൂപങ്ങളും പുതിയ തലങ്ങളാർജ്ജിക്കുന്നു.ജീവിതത്തിന് അനന്ത സാധ്യതകളാണ് മൊബൈൽഫോണുകളും കംപ്യൂട്ടറും ഇന്റർനെറ്റുമെല്ലാം ചേർന്ന്ഒരുക്കിയിട്ടുള്ളത്.അതോടൊപ്പംതന്നെ നിത്യജീവിതം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും മാറിയിട്ടുണ്ട്.സ്വാഭാവികമായും പ്രശ്ന പരിഹാരത്തിനുള്ള അന്വേഷണങ്ങളും പരിഹാരമെന്നുതോന്നുന്ന വസ്തുതകളുടെ കലാപരമായ ആവിഷ്കാരങ്ങളും സാഹിത്യത്തിലും സംഭവിക്കുന്നു.ശ്രീ സുസ്മേഷ്ചന്ത്രോത്തിന്റെസമൂഹവാഴ്‌ചക്കെതിരെയുള്ള ഒരു മരണസന്ദര്‍ഭം എന്ന കഥയെ ഈ പരിപ്രേക്ഷ്യത്തിലൂടെ നോക്കിക്കാണാനാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്.
                      തിരിച്ചറിയപ്പെടാത്ത വിഹ്വലതകളാണ് ഇന്നത്തെ മനുഷ്യന്റെ ജീവിതത്തെ കൂടുതൽ ദയനീയമാക്കിത്തീർക്കുന്നത്.സയൻസും കച്ചവടവും കൂടി അവന്റെ ജീവിതത്തിന് ഉണ്ടാക്കിക്കൊടുത്ത അഭിവൃദ്ധി ഇന്നവന് താങ്ങാൻ വയ്യാത്തത്രഅളവിലായിട്ടുണ്ട്.ഇവയെല്ലാംകൂടി ജീവിതത്തിന് പകർന്നവേഗമാകട്ടെ അവന്റെ എല്ലാ ഭാവനാവേഗങ്ങളേയും അതിലംഘിക്കുന്നതുമായി.മുൻകാലങ്ങളിൽ നിലനില്പിന്റെ പൊല്ലാപ്പുകളുംചില കേവലമായ കല്പനാദുഃഖങ്ങളുമാണ് അവനെ അലട്ടിയിരുന്നതെങ്കിൽ ഇന്ന് സ്ഥിതി മാറിക്കഴിഞ്ഞു.പരമ്പരാഗതമായി അവന് ദുഃഖങ്ങൾ നല്കിയിരുന്ന ആധിവ്യാധികളെ ഇന്ന് കണികാണാനില്ല.സാഹിത്യത്തിലും ഇതര കലാരൂപങ്ങളിലുംമൃദുലമായതെല്ലാം അരങ്ങൊഴിഞ്ഞു കഴിഞ്ഞു.ഇന്നത്തെ ബന്ധങ്ങളിലും അതൊന്നുമില്ലാത്തതിൽ പരിഭവിച്ചിട്ടു കാര്യവുമില്ല.കാരണം വേഗം കവർന്ന് രൂപഭംഗം വരാത്ത ഒന്നും ഇപ്പോൾ ശേഷിക്കുന്നില്ല എന്നതു തന്നെ.ബന്ധങ്ങളുടെ മൂല്യമോ സ്നേഹത്തിന്റെ കേട്ടുപാടുകളോ തിരയേണ്ട കാര്യമില്ല.കൈ നിറയെ പണം,അനുകൂലം മാത്രമായ ജീവിത സാഹചര്യങ്ങൾ.എന്തിന്റെ കുറവിലാണ് ഒന്ന് ദുഃഖിക്കുക എന്ന് ചിന്തിച്ചുപോകുന്ന തലമുറയുടെ തിരിച്ചറിവുകളാണ് ഇനി ആവിഷ്കരിക്കപ്പെടേണ്ടത്.ശ്രീ സുസ്മേഷ് ചന്ത്രോത്തിന്റെ കഥ ഈ തലത്തിലുള്ള ഒന്നാണ്.
                   വലിച്ചെറിയപ്പെടേണ്ട പലതും വച്ചുകെട്ടായി നമ്മോടൊപ്പമുണ്ട് എന്ന കണ്ടുപിടുത്തത്തിലേക്ക് എത്തിച്ചേരുന്നത് പ്രശ്നങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയതിന്റെ പ്രാരംഭ ലക്ഷണമായി കണക്കാക്കാം.മാത്രവുമല്ല ഈ കണ്ടെത്തൽ മുൻപേ നടന്ന ചിലർ പ്രാരംഭചികിത്സക്കായി ഉപദേശിച്ചിട്ടുള്ളതുമാണ്.ദുഃഖങ്ങൾ ഒഴിവാക്കാൻ നിരാസം പരിശീലിക്കണമെന്ന് ഇന്ന് ആരോടും നേരിട്ട് കയറി ഉപദേശിക്കാൻ ധൈര്യപ്പെടാതിരിക്കുന്നതാണ് നല്ലതെന്നു വരുമ്പോൾ കഥാകൃത്തിന്റെ വഴി ഉചിതമെന്നും വരുന്നു.ഇവിടെ സെൽഫോൺ ഉപേക്ഷിക്കാനെടുക്കുന്ന അത്രതന്നെ ഗ്ളാമറില്ലാത്ത ഒരു തീരുമാനത്തെതികച്ചും ഗ്ളാമറസാക്കിത്തീർക്കുന്ന ക്രാഫ്റ്റിൽ കഥാകൃത്ത് വിജയിച്ചിട്ടുണ്ട്.
                   സ്വകാര്യമായി സൂക്ഷിക്കേണ്ടുന്ന എന്തിനേയും പരസ്യപ്പെടുത്തി അശ്ലീലച്ചുവയുള്ള ഒരു പരിഹാസമായി ജീവിതത്തെ മാറ്റിമറിക്കുന്നതിൽ സെൽഫോണുകളുടെ പങ്ക് വളരെ വലുതാണ്.ഇതാകട്ടെ സൌകര്യങ്ങളുടെ മായാവലയിൽ പെടുത്തി നമ്മുടെ ചിന്താശേഷിയേയും പ്രതികരണശേഷിയേയും വരെ വന്ധ്യംകരിച്ചും കഴിഞ്ഞു.സെൽഫോണുപേക്ഷിക്കാൻ ധൈര്യമുണ്ടോ എന്ന അർത്ഥം വരുന്ന മേയറുടെ ചോദ്യം നമ്മുടെ ഉള്ളങ്ങളിൽ അണുബോംബായി വന്നുവീഴുമ്പോൾ ഞെട്ടാതിരുന്നിട്ട് കാര്യമില്ല.ഒടുവിൽ അത് ഉപേക്ഷിക്കാനെടുത്ത തീരുമാനത്തെക്കുറിച്ചുള്ള അന്വേഷണത്തിന് അടുത്ത കാലത്തെടുത്ത തീരുമാനങ്ങളിൽ ഏറ്റവും നന്നായത് എന്ന സേവ്യറുടെ ഏതാണ്ട് തന്നോടുതന്നെയുള്ള പ്രതികരണം നമ്മിലേക്കും നീണ്ടുവരുന്ന ഒരന്വേഷണമായി മാറുന്നു.ഈ ധൈര്യവും തിരിച്ചറിവും നഷ്ടപ്പെട്ടതോ നഷ്ടപ്പെടുത്തിയതോ ആയ ജീവിതമൂല്യങ്ങളെ കൈയെത്തിപ്പിടിക്കാനുള്ള ഒരാവേശമായി പരിണമിക്കുന്നത് ശവമടക്കിന്റെ അന്ത്യനിമിഷങ്ങളിൽകാണാം.എല്ലാപ്രാർത്ഥനകളും കഴിച്ച് കുഴിയിലേക്കെടുക്കുന്ന ഒടുവിലെ നിമിഷങ്ങളിൽ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് വീണ്ടും സെൽഫോൺ ശബ്ദിക്കുകയാണ്.അവസാനകോളായി വേണമെങ്കിൽസ്വീകരിക്കാം എന്ന പാതിരിയുടെ നിർദ്ദേശത്തെ നിഷ്കരുണം സേവ്യർ നിരസിക്കുന്നത് ആ ശവം ഇനിയും ശബ്ദിക്കുമെന്ന് പറഞ്ഞുകൊണ്ടാണ്.കഴിഞ്ഞ കുറേക്കാലമായി ഒഴിയാബാധയായി കൂടിയിരുന്ന ഒന്നിനെ എന്നേക്കുമായി ഒഴിപ്പിക്കാനെടുത്ത തീരുമാനം ഉറച്ചതാണെന്ന് സേവ്യർ വെളിപ്പെടുത്തുമ്പോൾആ പ്രവർത്തിക്ക് പുതിയ മാനങ്ങളുണ്ടാകുകയാണ്.വായടച്ചുകെട്ടിയാലും മിണ്ടിക്കൊണ്ടേയിരിക്കുന്ന ആധുനികാവസ്ഥകളുടെ അസ്വസ്ഥതകളെ എന്നേക്കുമായി കുഴിച്ചുമൂടുകയല്ലാതെ മോക്ഷത്തിന് വഴിയില്ലെന്ന ഈ തിരിച്ചറിവ് കഥക്ക് പരിണാമഗുപ്തിയേകുന്നു.
                   പക്ഷേ സ്വസ്ഥതതേടിയുള്ള ഈ നിരാസത്തെ സ്ഥായിയായ ജീവിതവിരക്തിയെന്നൊന്നും തെറ്റിദ്ധരിക്കാനില്ല എന്നതിന്റെ സൂചനകൾഅവശേഷിപ്പിച്ചുകൊണ്ടാണ് കഥ പറഞ്ഞുതീരുന്നത്.അത്തരം ഒരു വളർച്ചയോ പരിണാമവ്യഗ്രതയോ അവശേഷിപ്പിക്കാത്തത് കഥയുടെ പോരായ്മയാണെന്നു വരാം.അതേ സമയം ആധുനിക ജീവിതം അഭിമുഖീകരിക്കുന്ന സുപ്രധാനങ്ങളായ ചില സമസ്യകളെ അടക്കിയ പരിഹാസ്യത്തിന്റെ മറവിൽഅവതരിപ്പിക്കുന്നതിന് ശ്രമിച്ചിട്ടുള്ളത് കാണാം.എന്തിനും തിരക്ക് അഭിനയിക്കുന്ന സമൂഹം കാപട്യത്തിന്റെ മറ്റൊരു മുഖമാണെന്ന് ചോദ്യങ്ങളുന്നയിച്ചശേഷം മറുപടിക്ക് കാത്തുനില്ക്കാതെ നടന്നുമറയുന്ന ചോദ്യകർത്താവിനെ ചൂണ്ടി പറയാതെ പറയുന്നത് നമുക്ക് കേൾക്കാം.തിരക്ക് അഭിനയിച്ചില്ലെങ്കിൽനമ്മുടെയൊക്കെ ജീവിതത്തിന് വിലയില്ലാതായിപ്പോകുമോ എന്ന് ഭയപ്പെട്ടിട്ടാണ് പലരും കൃത്രിമമായ തിരക്കുകളിൽ മുഴുകുന്നതെന്ന് തോന്നിപ്പോകും.സോഷ്യൽ നെറ്റ് വർക്കുകളുടെ ഇടപെടലില്ലാത്ത ഒരു ജീവിതം മാറിയ സാഹചര്യങ്ങളിൽചിന്തിക്കാൻപോലുമാകില്ലെന്ന സൂചന പരിഹാസത്തിന്റെ മറ്റൊരു ഒളിയമ്പാണ്.മാതാപിതാക്കളുടെ ചരമം നെറ്റിലൂടെ വിവരിച്ചറിയാൻതിടുക്കപ്പെടുന്ന മക്കളുടെ കഥ എവിടെയോ വായിച്ചതോർക്കുന്നു.തൊട്ടടുത്ത വീട്ടിലെ മരണമോ കല്യാണമോ പോലും നെറ്റുവഴിയറിയുന്ന ഇക്കാലത്ത് കഥയിലെ വിവരണം ഒട്ടും അതിശയോക്തിയായി കാണാനില്ല.നിമിഷത്തിന് കണക്കുവച്ച് മുന്തിയവിലയ്ക്ക് സമയം കച്ചവടം ചെയ്ത് ലാഭം കൊയ്യാനുള്ള തിരക്കിൽആര് ആരെ കാത്തുനില്ക്കാൻ?കന്യാസ്ത്രീയുടെ തുടയോട് ചേർന്ന്തുള്ളുന്ന ഉപകരണം സന്നിവേശിപ്പിക്കുന്ന രൂക്ഷ പരിഹാസം തന്നെത്തന്നെ മറന്നുജീവിക്കുന്ന സുഖാന്വേഷികളുടെ ആധുനികപരിതോവസ്ഥകളെ കണക്കിന് കളിയാക്കുന്നുണ്ട്.
                            ഏറ്റവും പ്രധാനം മരണത്തെക്കുറിച്ച് അവശേഷിപ്പിച്ച ചില കല്പനകളാണ്.ബോധപൂർവ്വം കല്പിച്ചൊരുക്കിയ സെൽഫോണിന്റെ മരണവും മരിച്ചടക്കും ഒടുവിൽതന്റേതുകൂടിയായി പരിണമിക്കുമോ എന്ന് സേവ്യർ ഭയക്കാതിരുന്നില്ല.കാലങ്ങളായി സ്വശരീരത്തിന്റെ ഭാഗമോ ചില അവസരങ്ങളിൽ ശരീരം തന്നെയായോ മാറിയിരുന്ന സെൽഫോൺ വിചാരിച്ചതുപോലെ നിസ്സംഗതയോടെ ഉപേക്ഷിക്കാനാകുമോ എന്ന് ഭയന്നിരുപ്പോഴാണ് സമാശ്വാസവുമായി മേയർവീണ്ടും എത്തിയത്. ധീരനാണ് നിങ്ങൾ എന്ന മേയറുടെ ഓർമ്മപ്പെടുത്തൽ സേവ്യറിൽ അണഞ്ഞുതുടങ്ങിയ ആത്മ വിശ്വാസത്തിന്റെ തിരി ഊതിത്തിളക്കി.ഒരിക്ക സംഭവിക്കേണ്ട വിലയിരുത്തലും അതിന്റെ ഫലവും ഒളിച്ചുവയ്‌ക്കുന്നുണ്ടോ എല്ലാ മനോഹാരിതയും.?വാസ്‌തവത്തിഅയാള്‍ക്കുണ്ടായത്‌ വെറുപ്പാണ്‌.വെറുപ്പ്‌ എന്ന വികാരത്തിനുമാത്രമാണ്‌ അത്രയേറെ ബന്ധുക്കളുള്ളതെന്നും സേവ്യറിന്‌ തോന്നി. ചിന്തകളുടെ ഈ കാടിളക്കത്തെത്തുടർന്ന്
ത്യജിക്കുന്നത് ഉള്ളടക്കിയ ശത്രുവിനെയാണെന്ന പരികല്പനയോടെ തികഞ്ഞ വൈരാഗ്യത്തോടെ മരിച്ചടക്ക് ചടങ്ങ് സേവ്യർഅതിജീവിക്കുന്നു!പിൻവിളിക്ക് കാതോർക്കാതെ നടന്നു മറയുന്ന സേവ്യർ ആധുനിക കാലത്തെ ഒരു ധീരനല്ലെന്ന് ആർക്കു പറയാനാകും?



 http://susmeshchandroth.blogspot.com/