Monday, 14 January 2013

കഥയിലെ കഥ        

കഥയിലെ കഥ


          പുതിയ കാലത്തിന്റെ ആവശ്യങ്ങളെ രചനയ്ക്ക് വിഷയമാക്കുമ്പോഴാണ് പുതിയ സാഹിത്യം പിറവികൊള്ളുന്നത്.പാരമ്പര്യവും സംസ്കാരവും ഏതു കാലത്തേയും സാഹിത്യത്തിന് എലുകകൾതീർക്കാമെങ്കിലും ഉള്ളടക്കത്തിന്റേയും ആവിഷ്കാരത്തിന്റേയും കാലികമായ പ്രവണതകളുൾക്കൊള്ളുന്നതിലൂടേയും ചിലപ്പോൾ നവീകരിക്കുന്നതിലൂടേയും സാഹിത്യവും അതിന്റെ വിഭിന്ന രൂപങ്ങളും പുതിയ തലങ്ങളാർജ്ജിക്കുന്നു.ജീവിതത്തിന് അനന്ത സാധ്യതകളാണ് മൊബൈൽഫോണുകളും കംപ്യൂട്ടറും ഇന്റർനെറ്റുമെല്ലാം ചേർന്ന്ഒരുക്കിയിട്ടുള്ളത്.അതോടൊപ്പംതന്നെ നിത്യജീവിതം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും മാറിയിട്ടുണ്ട്.സ്വാഭാവികമായും പ്രശ്ന പരിഹാരത്തിനുള്ള അന്വേഷണങ്ങളും പരിഹാരമെന്നുതോന്നുന്ന വസ്തുതകളുടെ കലാപരമായ ആവിഷ്കാരങ്ങളും സാഹിത്യത്തിലും സംഭവിക്കുന്നു.ശ്രീ സുസ്മേഷ്ചന്ത്രോത്തിന്റെസമൂഹവാഴ്‌ചക്കെതിരെയുള്ള ഒരു മരണസന്ദര്‍ഭം എന്ന കഥയെ ഈ പരിപ്രേക്ഷ്യത്തിലൂടെ നോക്കിക്കാണാനാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്.
                      തിരിച്ചറിയപ്പെടാത്ത വിഹ്വലതകളാണ് ഇന്നത്തെ മനുഷ്യന്റെ ജീവിതത്തെ കൂടുതൽ ദയനീയമാക്കിത്തീർക്കുന്നത്.സയൻസും കച്ചവടവും കൂടി അവന്റെ ജീവിതത്തിന് ഉണ്ടാക്കിക്കൊടുത്ത അഭിവൃദ്ധി ഇന്നവന് താങ്ങാൻ വയ്യാത്തത്രഅളവിലായിട്ടുണ്ട്.ഇവയെല്ലാംകൂടി ജീവിതത്തിന് പകർന്നവേഗമാകട്ടെ അവന്റെ എല്ലാ ഭാവനാവേഗങ്ങളേയും അതിലംഘിക്കുന്നതുമായി.മുൻകാലങ്ങളിൽ നിലനില്പിന്റെ പൊല്ലാപ്പുകളുംചില കേവലമായ കല്പനാദുഃഖങ്ങളുമാണ് അവനെ അലട്ടിയിരുന്നതെങ്കിൽ ഇന്ന് സ്ഥിതി മാറിക്കഴിഞ്ഞു.പരമ്പരാഗതമായി അവന് ദുഃഖങ്ങൾ നല്കിയിരുന്ന ആധിവ്യാധികളെ ഇന്ന് കണികാണാനില്ല.സാഹിത്യത്തിലും ഇതര കലാരൂപങ്ങളിലുംമൃദുലമായതെല്ലാം അരങ്ങൊഴിഞ്ഞു കഴിഞ്ഞു.ഇന്നത്തെ ബന്ധങ്ങളിലും അതൊന്നുമില്ലാത്തതിൽ പരിഭവിച്ചിട്ടു കാര്യവുമില്ല.കാരണം വേഗം കവർന്ന് രൂപഭംഗം വരാത്ത ഒന്നും ഇപ്പോൾ ശേഷിക്കുന്നില്ല എന്നതു തന്നെ.ബന്ധങ്ങളുടെ മൂല്യമോ സ്നേഹത്തിന്റെ കേട്ടുപാടുകളോ തിരയേണ്ട കാര്യമില്ല.കൈ നിറയെ പണം,അനുകൂലം മാത്രമായ ജീവിത സാഹചര്യങ്ങൾ.എന്തിന്റെ കുറവിലാണ് ഒന്ന് ദുഃഖിക്കുക എന്ന് ചിന്തിച്ചുപോകുന്ന തലമുറയുടെ തിരിച്ചറിവുകളാണ് ഇനി ആവിഷ്കരിക്കപ്പെടേണ്ടത്.ശ്രീ സുസ്മേഷ് ചന്ത്രോത്തിന്റെ കഥ ഈ തലത്തിലുള്ള ഒന്നാണ്.
                   വലിച്ചെറിയപ്പെടേണ്ട പലതും വച്ചുകെട്ടായി നമ്മോടൊപ്പമുണ്ട് എന്ന കണ്ടുപിടുത്തത്തിലേക്ക് എത്തിച്ചേരുന്നത് പ്രശ്നങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയതിന്റെ പ്രാരംഭ ലക്ഷണമായി കണക്കാക്കാം.മാത്രവുമല്ല ഈ കണ്ടെത്തൽ മുൻപേ നടന്ന ചിലർ പ്രാരംഭചികിത്സക്കായി ഉപദേശിച്ചിട്ടുള്ളതുമാണ്.ദുഃഖങ്ങൾ ഒഴിവാക്കാൻ നിരാസം പരിശീലിക്കണമെന്ന് ഇന്ന് ആരോടും നേരിട്ട് കയറി ഉപദേശിക്കാൻ ധൈര്യപ്പെടാതിരിക്കുന്നതാണ് നല്ലതെന്നു വരുമ്പോൾ കഥാകൃത്തിന്റെ വഴി ഉചിതമെന്നും വരുന്നു.ഇവിടെ സെൽഫോൺ ഉപേക്ഷിക്കാനെടുക്കുന്ന അത്രതന്നെ ഗ്ളാമറില്ലാത്ത ഒരു തീരുമാനത്തെതികച്ചും ഗ്ളാമറസാക്കിത്തീർക്കുന്ന ക്രാഫ്റ്റിൽ കഥാകൃത്ത് വിജയിച്ചിട്ടുണ്ട്.
                   സ്വകാര്യമായി സൂക്ഷിക്കേണ്ടുന്ന എന്തിനേയും പരസ്യപ്പെടുത്തി അശ്ലീലച്ചുവയുള്ള ഒരു പരിഹാസമായി ജീവിതത്തെ മാറ്റിമറിക്കുന്നതിൽ സെൽഫോണുകളുടെ പങ്ക് വളരെ വലുതാണ്.ഇതാകട്ടെ സൌകര്യങ്ങളുടെ മായാവലയിൽ പെടുത്തി നമ്മുടെ ചിന്താശേഷിയേയും പ്രതികരണശേഷിയേയും വരെ വന്ധ്യംകരിച്ചും കഴിഞ്ഞു.സെൽഫോണുപേക്ഷിക്കാൻ ധൈര്യമുണ്ടോ എന്ന അർത്ഥം വരുന്ന മേയറുടെ ചോദ്യം നമ്മുടെ ഉള്ളങ്ങളിൽ അണുബോംബായി വന്നുവീഴുമ്പോൾ ഞെട്ടാതിരുന്നിട്ട് കാര്യമില്ല.ഒടുവിൽ അത് ഉപേക്ഷിക്കാനെടുത്ത തീരുമാനത്തെക്കുറിച്ചുള്ള അന്വേഷണത്തിന് അടുത്ത കാലത്തെടുത്ത തീരുമാനങ്ങളിൽ ഏറ്റവും നന്നായത് എന്ന സേവ്യറുടെ ഏതാണ്ട് തന്നോടുതന്നെയുള്ള പ്രതികരണം നമ്മിലേക്കും നീണ്ടുവരുന്ന ഒരന്വേഷണമായി മാറുന്നു.ഈ ധൈര്യവും തിരിച്ചറിവും നഷ്ടപ്പെട്ടതോ നഷ്ടപ്പെടുത്തിയതോ ആയ ജീവിതമൂല്യങ്ങളെ കൈയെത്തിപ്പിടിക്കാനുള്ള ഒരാവേശമായി പരിണമിക്കുന്നത് ശവമടക്കിന്റെ അന്ത്യനിമിഷങ്ങളിൽകാണാം.എല്ലാപ്രാർത്ഥനകളും കഴിച്ച് കുഴിയിലേക്കെടുക്കുന്ന ഒടുവിലെ നിമിഷങ്ങളിൽ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് വീണ്ടും സെൽഫോൺ ശബ്ദിക്കുകയാണ്.അവസാനകോളായി വേണമെങ്കിൽസ്വീകരിക്കാം എന്ന പാതിരിയുടെ നിർദ്ദേശത്തെ നിഷ്കരുണം സേവ്യർ നിരസിക്കുന്നത് ആ ശവം ഇനിയും ശബ്ദിക്കുമെന്ന് പറഞ്ഞുകൊണ്ടാണ്.കഴിഞ്ഞ കുറേക്കാലമായി ഒഴിയാബാധയായി കൂടിയിരുന്ന ഒന്നിനെ എന്നേക്കുമായി ഒഴിപ്പിക്കാനെടുത്ത തീരുമാനം ഉറച്ചതാണെന്ന് സേവ്യർ വെളിപ്പെടുത്തുമ്പോൾആ പ്രവർത്തിക്ക് പുതിയ മാനങ്ങളുണ്ടാകുകയാണ്.വായടച്ചുകെട്ടിയാലും മിണ്ടിക്കൊണ്ടേയിരിക്കുന്ന ആധുനികാവസ്ഥകളുടെ അസ്വസ്ഥതകളെ എന്നേക്കുമായി കുഴിച്ചുമൂടുകയല്ലാതെ മോക്ഷത്തിന് വഴിയില്ലെന്ന ഈ തിരിച്ചറിവ് കഥക്ക് പരിണാമഗുപ്തിയേകുന്നു.
                   പക്ഷേ സ്വസ്ഥതതേടിയുള്ള ഈ നിരാസത്തെ സ്ഥായിയായ ജീവിതവിരക്തിയെന്നൊന്നും തെറ്റിദ്ധരിക്കാനില്ല എന്നതിന്റെ സൂചനകൾഅവശേഷിപ്പിച്ചുകൊണ്ടാണ് കഥ പറഞ്ഞുതീരുന്നത്.അത്തരം ഒരു വളർച്ചയോ പരിണാമവ്യഗ്രതയോ അവശേഷിപ്പിക്കാത്തത് കഥയുടെ പോരായ്മയാണെന്നു വരാം.അതേ സമയം ആധുനിക ജീവിതം അഭിമുഖീകരിക്കുന്ന സുപ്രധാനങ്ങളായ ചില സമസ്യകളെ അടക്കിയ പരിഹാസ്യത്തിന്റെ മറവിൽഅവതരിപ്പിക്കുന്നതിന് ശ്രമിച്ചിട്ടുള്ളത് കാണാം.എന്തിനും തിരക്ക് അഭിനയിക്കുന്ന സമൂഹം കാപട്യത്തിന്റെ മറ്റൊരു മുഖമാണെന്ന് ചോദ്യങ്ങളുന്നയിച്ചശേഷം മറുപടിക്ക് കാത്തുനില്ക്കാതെ നടന്നുമറയുന്ന ചോദ്യകർത്താവിനെ ചൂണ്ടി പറയാതെ പറയുന്നത് നമുക്ക് കേൾക്കാം.തിരക്ക് അഭിനയിച്ചില്ലെങ്കിൽനമ്മുടെയൊക്കെ ജീവിതത്തിന് വിലയില്ലാതായിപ്പോകുമോ എന്ന് ഭയപ്പെട്ടിട്ടാണ് പലരും കൃത്രിമമായ തിരക്കുകളിൽ മുഴുകുന്നതെന്ന് തോന്നിപ്പോകും.സോഷ്യൽ നെറ്റ് വർക്കുകളുടെ ഇടപെടലില്ലാത്ത ഒരു ജീവിതം മാറിയ സാഹചര്യങ്ങളിൽചിന്തിക്കാൻപോലുമാകില്ലെന്ന സൂചന പരിഹാസത്തിന്റെ മറ്റൊരു ഒളിയമ്പാണ്.മാതാപിതാക്കളുടെ ചരമം നെറ്റിലൂടെ വിവരിച്ചറിയാൻതിടുക്കപ്പെടുന്ന മക്കളുടെ കഥ എവിടെയോ വായിച്ചതോർക്കുന്നു.തൊട്ടടുത്ത വീട്ടിലെ മരണമോ കല്യാണമോ പോലും നെറ്റുവഴിയറിയുന്ന ഇക്കാലത്ത് കഥയിലെ വിവരണം ഒട്ടും അതിശയോക്തിയായി കാണാനില്ല.നിമിഷത്തിന് കണക്കുവച്ച് മുന്തിയവിലയ്ക്ക് സമയം കച്ചവടം ചെയ്ത് ലാഭം കൊയ്യാനുള്ള തിരക്കിൽആര് ആരെ കാത്തുനില്ക്കാൻ?കന്യാസ്ത്രീയുടെ തുടയോട് ചേർന്ന്തുള്ളുന്ന ഉപകരണം സന്നിവേശിപ്പിക്കുന്ന രൂക്ഷ പരിഹാസം തന്നെത്തന്നെ മറന്നുജീവിക്കുന്ന സുഖാന്വേഷികളുടെ ആധുനികപരിതോവസ്ഥകളെ കണക്കിന് കളിയാക്കുന്നുണ്ട്.
                            ഏറ്റവും പ്രധാനം മരണത്തെക്കുറിച്ച് അവശേഷിപ്പിച്ച ചില കല്പനകളാണ്.ബോധപൂർവ്വം കല്പിച്ചൊരുക്കിയ സെൽഫോണിന്റെ മരണവും മരിച്ചടക്കും ഒടുവിൽതന്റേതുകൂടിയായി പരിണമിക്കുമോ എന്ന് സേവ്യർ ഭയക്കാതിരുന്നില്ല.കാലങ്ങളായി സ്വശരീരത്തിന്റെ ഭാഗമോ ചില അവസരങ്ങളിൽ ശരീരം തന്നെയായോ മാറിയിരുന്ന സെൽഫോൺ വിചാരിച്ചതുപോലെ നിസ്സംഗതയോടെ ഉപേക്ഷിക്കാനാകുമോ എന്ന് ഭയന്നിരുപ്പോഴാണ് സമാശ്വാസവുമായി മേയർവീണ്ടും എത്തിയത്. ധീരനാണ് നിങ്ങൾ എന്ന മേയറുടെ ഓർമ്മപ്പെടുത്തൽ സേവ്യറിൽ അണഞ്ഞുതുടങ്ങിയ ആത്മ വിശ്വാസത്തിന്റെ തിരി ഊതിത്തിളക്കി.ഒരിക്ക സംഭവിക്കേണ്ട വിലയിരുത്തലും അതിന്റെ ഫലവും ഒളിച്ചുവയ്‌ക്കുന്നുണ്ടോ എല്ലാ മനോഹാരിതയും.?വാസ്‌തവത്തിഅയാള്‍ക്കുണ്ടായത്‌ വെറുപ്പാണ്‌.വെറുപ്പ്‌ എന്ന വികാരത്തിനുമാത്രമാണ്‌ അത്രയേറെ ബന്ധുക്കളുള്ളതെന്നും സേവ്യറിന്‌ തോന്നി. ചിന്തകളുടെ ഈ കാടിളക്കത്തെത്തുടർന്ന്
ത്യജിക്കുന്നത് ഉള്ളടക്കിയ ശത്രുവിനെയാണെന്ന പരികല്പനയോടെ തികഞ്ഞ വൈരാഗ്യത്തോടെ മരിച്ചടക്ക് ചടങ്ങ് സേവ്യർഅതിജീവിക്കുന്നു!പിൻവിളിക്ക് കാതോർക്കാതെ നടന്നു മറയുന്ന സേവ്യർ ആധുനിക കാലത്തെ ഒരു ധീരനല്ലെന്ന് ആർക്കു പറയാനാകും? http://susmeshchandroth.blogspot.com/


15 comments:

 1. മനോഹരവും ആഴമുള്ളതുമായൊരു പഠനം.
  ഇത് വായിച്ചിട്ട് ആ കഥ വായിയ്ക്കുന്നത് വളരെ ആസ്വാദ്യത വര്‍ദ്ധിപ്പിക്കും

  ReplyDelete
  Replies
  1. ശരിയോ?സാറിന്റെ വിലയിരുത്തലിന് ആത്മവിശ്വാസം പകരാൻ കഴിയുന്നു.നന്ദി.

   Delete
 2. ennale vayichirunnu..enkilum eppam karyangal kuduthal vekthamayi

  ReplyDelete
  Replies
  1. പ്രിയ മനോജ്, ഈ വരവിനും അഭിപ്രായത്തിനും മൂല്യമേറും.ഗൌരവമുള്ള രചനകൾ ബ്ളോഗിൽ കുറച്ചേ വായിക്കപ്പെടുന്നുള്ളൂ.നന്ദി.

   Delete
 3. നല്ല അവലോകനം

  ReplyDelete
  Replies
  1. നന്ദി ശ്രീ എന്നെ വായിച്ചതിന്.

   Delete
 4. നന്നായിരിക്കുന്നു മാഷെ അവലോകനം.
  മൊബൈല്‍ കയ്യിലെടുക്കാന്‍ മറന്ന് പുറത്തുപോയാല്‍,തിരിച്ചെത്തുന്നതുവരെ
  അസ്വസ്ഥതയാണ്‌ മനസ്സില്‍.....,.........
  ആശംസകള്‍

  ReplyDelete
 5. അങ്ങയെ പ്രതീക്ഷിച്ചു.ക്ലാസ്സുമുറികളിൽ നിന്നും വിടവാങ്ങിയിട്ട് ഇരു പതിറ്റാണ്ടെങ്കിലും കഴിഞ്ഞിരിക്കുന്നു.പരീക്ഷണമെന്നോണം ഒരു പഠനം നടത്തിനോക്കിയതാണ്.പുതിയതലമുറയുമായി സംവദിക്കാനാകുമോ എന്നായിരുന്നു അന്വേഷിച്ചത്.വിജയിച്ചുവോ ആവോ,അറിയുന്നില്ല.ഏതായാലും അങ്ങയുടെ അനുമോദനം വിനീതനായി ഏറ്റുവാങ്ങുന്നു.

  ReplyDelete
 6. നമ്മള്‍ സ്വതന്ത്രരാണ്. പക്ഷേ, അതേസമയം അടിമകളും. തൊട്ടതിനും പിടിച്ചതിനും എല്ലാം നമ്മള്‍ അടിമകള്‍...! വല്ലാത്തൊരു വിരോധാഭാസം. നല്ല വിലയിരുത്തല്‍ ..... ആശംസകള്‍ ....

  ReplyDelete
  Replies
  1. പുതിയ കഥയ്ക്ക് വിഷയമാക്കിക്കോളൂ വിനോദ്.നല്ല രചനകൾ വിനോദിന്റതായി ഇനിയും വരട്ടെ.വിനോദിന്റെ രചനകളേയും വരും കാലത്ത് പരിചയപ്പെടുത്താൻ എനിക്ക് ഭാഗ്യമുണ്ടാകട്ടെ.നന്ദി.

   Delete
 7. നല്ല അവലോകനം .. മുൻപേ വായിച്ചിരുന്നു ഇപ്പോഴാണ്‌ കമന്റ്‌ ചെയ്യാൻ സൌകര്യപെട്ടത്‌ . പുതിയ രചനകൾ ഒന്നും കാണാതെ താങ്കളെ തേടി ഇറങ്ങിയതാണ് ഞാൻ . ആശംസകൾ രമേഷേട്ടാ

  ReplyDelete
 8. പുതിയ തലമുറയിലെ കഥാകാരന്‍ സുസ്മേഷ് ചന്ദ്രോത്തിന്റെ കഥയെ പരിചയപ്പെടുത്തുന്ന അവലോകനം വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തി.അഭിനന്ദനങ്ങള്‍!

  ReplyDelete