പണ്ടാരോ പറഞ്ഞിട്ടുണ്ട്,സ്വാതന്ത്ര്യത്തിന്റെ
വിലയറിയണമെങ്കിൽ അസ്വാതന്ത്ര്യത്തിന്റെ ചവർപ്പുനീർ കുടിച്ചിരിക്കണമെന്ന്.
നമുക്കത്ര പരിചയമില്ലാത്ത ഒരേർപ്പാടാണിത്.
അസ്വാതന്ത്ര്യത്തിന്റെ രുചിയറിയില്ലെങ്കിലും
ദുഃസ്വാതന്ത്ര്യത്തിന്റെ പരമാവധി നമുക്ക് പരിചിതം.
സ്വാതന്ത്ര്യത്തിന്റെ വില
മനസ്സിലാക്കിച്ചിട്ടുവേണം അത് നല്കാനെന്ന് നാല്പത്തേഴിൽ ചിലരെങ്കിലും
ചിന്തിച്ചിട്ടുണ്ടെങ്കിൽ അവരെ കുറ്റം പറയാനില്ല.അവർ ഭയപ്പെട്ടതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിത് പറയാൻ തോന്നിയത് സർക്കാർ
ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട ചില സംഭവവികാസങ്ങൾ കണ്ടതുകൊണ്ടാണ്.
അഭിപ്രായ സ്വാതന്ത്ര്യം പോലെ പ്രധാനമാണ് സമരം
ചെയ്യാനുള്ള സ്വാതന്ത്ര്യവും.രണ്ടും പുരോഗമന ജനാധിപത്യത്തിന്റെ കാവൽ ഭടന്മാർ
തന്നെ.
എന്നാൽ സമരം ചെയ്യാതിരിക്കാനും ജോലി ചെയ്യാനും
ജനാധിപത്യത്തിൽ സ്വാതന്ത്ര്യമുണ്ടെന്നതും മറക്കാൻ പാടില്ലാത്തതാണ്.
ഇത് സൌകര്യപൂർവ്വം മറക്കുന്നിടത്താണ് ജനാധിപത്യം
തോല്ക്കുന്നത്.
അവിടെയാണ് രാഷ്ട്രീയം കടന്നുവരുന്നത്.
ഭരിക്കുന്ന പാർട്ടിയെ തല്ലാൻ കിട്ടുന്ന ഒരവസരവും
പാഴാക്കരുതെന്ന മുന്നൊരുക്കത്തിന്റെ പ്രകടനങ്ങളാണ് ഇപ്പോൾ അരങ്ങേറിവരുന്നത്.
ഇത് ലജ്ജാകരം തന്നെ.
ഉടുതുണി വലിച്ചുരിഞ്ഞും മുണ്ട് കീറിയും കരിഓയിൽ
ഒഴിച്ചും നായ്ക്കുരണപ്പൊടി വിതറിയും കടകളടപ്പിച്ചും നാം ഏതു യുദ്ധമാണ് ജയിക്കാൻ
പോകുന്നത്?അല്ലെങ്കിൽ ആരെ
ജയിപ്പിക്കാനാണീ യുദ്ധം?
നഷ്ടപ്പെടുന്ന പ്രവൃത്തിദിനങ്ങളെ
വിസ്മരിക്കാം.ജനം എന്തും സഹിക്കാൻ എന്നേ പഠിച്ചു.
പക്ഷേ തല്ലിത്തകർക്കുന്ന പൊതുമുതലിന്
കണക്കുപറയേണ്ടിവരും.
പട്ടിണിക്കാരുടെ നികുതി മുതലിന്റെ പങ്കു
പറ്റുന്നവർ ഒരിക്കലും ഈ നെറികേടിന് കൂട്ടുനില്ക്കാൻ പാടില്ല.
ആ ചോറിൽ വീഴുന്ന മണ്ണ് നമ്മുടെ വായിലും
കടിക്കും.
സർക്കാർ ജീവനക്കാർ ഈ സമൂഹത്തിന്റെ പരിച്ഛേദമാണ്.
ന്യായമായ അവന്റെ ആവശ്യങ്ങൾ വിശാലമായ അർത്ഥത്തിൽ
അവനെ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ ആവശ്യങ്ങളാണ്.ഈ ബോധം ഉറയ്ക്കുന്നിടത്താണ് സർക്കാരുകളുടെ
പിടിവാശി തകരുന്നതും ജനകീയസമരങ്ങൾ വിജയിക്കുന്നതും.
സമൂഹത്തിന്റെ ഭാഗമെന്നോണം രാഷ്ട്രീയപ്രവർത്തകരുടെ
അനുഭാവം നമുക്ക് അത്യാവശ്യമാണ്.
പക്ഷേ അനുഭാവം കാട്ടുന്നവരും അത്
സ്വീകരിക്കുന്നവരും പരിധികൾക്കുള്ളിൽ നിന്നു വേണം അത് ചെയ്യേണ്ടത്.
“ഗുണവുമനവധി
ദോഷമായിടാം” എന്ന കാവ്യനീതി
നാം മറക്കാതിരിക്കണം.
ആഭാസസമരം
ReplyDeleteഎല്ലാ സര്‍ക്കാരോഫിസര്‍ക്കും ഒരൊ ബോമ്പു വീതം കൊടുക്കേണ്ടതാണു..
ReplyDeleteഅവര്‍ സ്വന്തം സ്ഥാപനതിനില്‍ തന്നെ അതു പൊട്ടിക്കണ്ടതാണു..
അടുത്ത സമരം അങ്ങനെ വിജയിപ്പ്പ്പിക്കട്ടേ..!!!
ആരും തെറ്റിദ്ധരിക്കരുതേ,ഓരോ തൊഴിൽ മേഖലയും നേരിടുന്ന പ്രശ്നങ്ങൾ വെവ്വേറെയാകകൊണ്ട് എല്ലാവർക്കും എല്ലാം ശരിയാണെന്ന് തോന്നണമെന്നില്ല.അതുകൊണ്ട് തന്നെ സമരത്തിന്റെ സാംഗത്യം എന്റെ കുറിപ്പിന് വിഷയമേയല്ല.അധാർമ്മികമെന്ന് തോന്നിച്ച ചില നീക്കങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണെന്ന് തോന്നി.അതാകട്ടെ നിരാപേക്ഷമായി ഞാനെപ്പോഴും സൂക്ഷിച്ചിട്ടുള്ള നന്മയെക്കുറിച്ചുള്ള പ്രതീക്ഷയാലുമാണ്.
ReplyDelete