Saturday 17 March 2012

ഗാന്ധി


ഗാന്ധി-
ഇരുട്ടില്‍
ചിതറിയ വെളിച്ചം
അതിരുകളില്ലാ ലോകത്തേക്ക്
വികസിച്ചെത്തിയ
ആത്മശുദ്ധിയുടെ
നിറദീപം
കംപോളത്തിന്റെ
ലാഭേച്ഛകളില്‍
പുതിയ
വില്പനച്ചരക്ക്.
സ്വാര്‍ത്ഥത്തിന്റെ
പൊള്ളുന്ന
വാക്കുകളില്‍
മുഖമില്ലാത്ത
മുറിവ്.
ശരണാര്‍ത്ഥിയുടെ
തിളച്ചുമറിയുന്ന
കനല്‍സ്വപ്നങ്ങളില്‍
ആളൊഴിഞ്ഞ
ശാന്തിതീരം....

Thursday 15 March 2012

മരണത്തെക്കുറിച്ച് വീണ്ടും ചിലത്


ആരോമറിച്ചിട്ട
കനലോര്‍മ്മയുടെ
അളുക്കുകള്‍ക്കിടയില്‍ നിന്നും
പത്തിവിരിക്കുന്ന കരിനാഗം
വേദനയുടെ
കിനാവള്ളികളിലേയ്ക്
പിണ‍ഞ്ഞുകയറി
സീല്‍ക്കാരമുയര്‍ത്തി
ഉണ്മയെ
ഭേദ്യം ചെയ്ത്
മറവിയുടെ
കരിയിലകള്‍ക്കു പിറകില്‍
പതുങ്ങിക്കിടന്ന്
മോഹത്തിന്റെ പൊത്തുകളില്‍
അളയിട്ടിരുന്ന്
ഉന്മാദത്തിന്റെ
ചുമരുകളില്‍
ഉറയുരി‍ഞ്ഞ്
അവസരം കാത്ത്
നിരങ്ങാതെ
ശ്വാസം കഴിക്കാതെ
മൃതിനാഗം......

Tuesday 6 March 2012

മരണം

മരണം
കാമുകിയുടെ കണ്ണിലെ 
എരിഞ്ഞുതീര്‍ന്ന 
സ്നേഹത്തിലും 
അടഞ്ഞ സൌഹൃദത്തിലും 
വിരല്‍തുമ്പില്‍ നിന്നും 
അറിയാതെ 
വഴുതിപ്പോയ 
വാക്കിന്റെ 
അനര്‍ത്ഥങ്ങളിലും 
കുടിയിരിക്കുന്ന
കൂടപ്പിറപ്പ്