Sunday 25 November 2012

ഒരു വിയോജനക്കുറിപ്പ്


ശ്രീമതി അനിതാ തമ്പിയുടെ മൊഹീതാ പാട്ട് എന്ന കവിതക്ക് ശ്രീ സുസ്മേഷ് ചന്ത്രോത്ത്  ബ്ളോഗിൽ എഴുതിയ അഭിപ്രായക്കുറിപ്പിനോട് പ്രതികരിച്ചുകൊണ്ടുള്ള കുറിപ്പ്



സുസ്മേഷ്,ഞാൻ ശക്തമായി വിയോജിക്കുന്നു.സുസ്മേഷിന്റെ ആസ്വാദനക്കുറിപ്പ് കവിതയെ മഹത്തരമാക്കി.വീട്ടിനേക്കാൾ വലിയകൊട്ടിയമ്പലമായി അത്.അത്രയും നേട്ടം!എന്നാ
പ്രശസ്തർ പലപ്പോഴും നുകത്തിലെ കാളകളെപ്പോലെ പരിമിതമായി കാണുന്നവരോ അങ്ങനെ നടിക്കുന്നവരോ ആണ്.ഇന്ന് വാരികകളിൽ അച്ചടിച്ചുവരുന്ന സാഹിത്യം മാത്രമാണ് യഥാർത്ഥ സാഹിത്യമെന്ന് കൊച്ചുകുട്ടികൾ പോലും പറയുമെന്ന് തോന്നുന്നില്ല.ഇ-വായനയുടെ സാംഗത്യവും പ്രസക്തിയും മനസ്സിലാക്കിയിട്ടുള്ളതിന്റെ തെളിവാണ് ബ്ളോഗിലും ഫെയ്സ്ബുക്കിലുമൊക്കെ പ്രശസ്തരും അതിപ്രശസ്തരുമൊക്കെ കടന്നുവരാനിടയാക്കിയിട്ടുള്ളത്.അച്ചടിച്ചുവരുന്നതിനേക്കാൾ മികച്ചതുപലതും ഇന്ന് സ്വയം പ്രസിദ്ധീകരിക്കപ്പെടുകയാണ്.മുൻവിധികളില്ലാതെ നോക്കിക്കാണാവുന്നത്.കാണാൻ ശ്രമിക്കാത്തവരെക്കുറിച്ച് എനിക്ക് അഭിപ്രായമില്ല.പക്ഷേ കാലം മാറുകയാണ്.വെറും പുകഴ്ത്തലുകൾ കൊണ്ട് ഒരു കൃതിക്കും നിലനില്ക്കാനാകുമെന്ന് ഞാൻ കരുതുന്നില്ല.സ്വയം സംവേദനക്ഷമമാകേണ്ടത് ഏതൊരു രചനയുടേയും ധർമ്മമാണെന്ന് ഞാൻ വിശ്വസിക്കുന്നു. സാഹിത്യത്തിലെ ടിപ്പണികൊണ്ട് പാഠപുസ്തകങ്ങൾ പഠിക്കപ്പെടാം,ആസ്വദിക്കപ്പെടാനുള്ള സാധ്യത വിരളം.ജിയുടേയും വൈലോപ്പിള്ളിയുടേയും അടിക്കുറിപ്പുകളെപ്പോലും മലയാളം അകൽച്ചയോടെയേ കണ്ടിട്ടുള്ളൂ എന്ന് പഠിച്ചവർക്കറിയാം.മേതിലാൻ എങ്ങനെ തലകുത്തിക്കളിച്ചാലും ഒരു ലക്കം വാരിക തുലയ്ക്കാമെന്നല്ലാതെ വായനയേയും ആസ്വാദനത്തേയും കുറിച്ചുള്ള പരികല്പനകളി
 വായനക്കാരൻ വഴിതെറ്റിക്കപ്പെടാനിടയില്ല.പത്രാധിപരുടേയും അച്ചടി പ്രസിദ്ധീകരണങ്ങളുടേയും സ്ഥാനങ്ങൾ മാറി നിർവ്വചിക്കപ്പെടാൻ പോകുകയാണ്,വെറുതേ അന്ധാളിച്ചിട്ട് കാര്യമില്ല, ആരും.കാണേണ്ടത് കാണേണ്ട സമയത്ത് കാണണം.ദയവായി തെരഞ്ഞെടുപ്പുകവായനക്കാരന് വിടുക,അതെങ്കിലും അവനിരിക്കട്ടെ.കൂടെത്തന്നെ പറയട്ടെ സുസ്മേഷ് നന്നായി എഴുതി.അതിന് പ്രത്യേകം അഭിനന്ദനങ്ങൾ

Tuesday 13 November 2012

വിളക്കുമരങ്ങൾ


ശ്രീ കമലഹാസൻ തന്റെ അഭിനയത്തിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് ഏതാനും വർഷങ്ങൾക്കുമുൻപുനടത്തിയ മറുപടി പ്രസംഗം ടിവിയിൽകണ്ടിരുന്നത് ഓർക്കുന്നു.തമിഴിലായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്.തമിഴിൽ കാര്യമായ പിടിപാടൊന്നുമില്ലെങ്കിലും ജന്മ ഗുണംകൊണ്ടാകണം ചിലതൊക്കെ നമുക്കും തിരിഞ്ഞു.ജീവിതത്തിൽ താൻ തയ്യാറാക്കി സൂക്ഷിച്ചിരുന്ന ഒരു നീണ്ട ലിസ്റ്റിനെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ച് തുടങ്ങിയത്.അത് മറ്റൊന്നുമായിരുന്നില്ല. ഈ ജീവിതം കൊണ്ട് അദ്ദേഹം ചെയ്യാൻ ഉദ്ദേശിച്ച സംഗതികളുടെ ഒരു ലിസ്റ്റായിരുന്നത്രേ അത്.പക്ഷേ ഇത്രയും കാലത്തെ ജീവിതത്തിനും എന്തെല്ലാമൊക്കെ ചെയ്തുകഴിഞ്ഞെന്ന അഭിമാനത്തിനും ശേഷം ആ ലിസ്റ്റ് ഒന്നു പരിശോധിക്കാനിടവന്നപ്പോഴാണ് ലിസ്റ്റിലെ പകുതിയിൽ കൂടുതൽ കാര്യങ്ങൾ ഇനിയും ചെയ്യാൻ ബാക്കിയുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കിയത്.ഇപ്പോൾ അദ്ദേഹത്തിന് നിരാശയാണ് തോന്നിയത്.കാരണം ഇനി അധികകാലം തനിക്ക് അതിനുവേണ്ടി പരിശ്രമിക്കാൻ ജീവിതം ബാക്കിയുണ്ടാവില്ല എന്ന സത്യം അദ്ദേഹം മനസ്സിലാക്കുന്നു.എങ്കിലും സർവ്വേശ്വരൻ അനുവദിക്കുന്നിടത്തോളം ലിസ്റ്റിലെ ബാക്കികാര്യങ്ങൾ കൂടി ചെയ്തുതീർക്കാൻ താൻ അശ്രാന്തം പരിശ്രമിക്കുന്നതാണെന്ന് അദ്ദേഹം സദസ്യർക്ക് ഉറപ്പുനൽകി.ഒടുവിൽ ഒരു കലാകാരനെന്ന നിലയിൽ തന്റെ എല്ലാമായ പ്രേക്ഷകരേയും തമിഴകത്തേയും സദസ്സിൽ മുട്ടുകുത്തിനമസ്കരിച്ചാണ് അദ്ദേഹം വിടവാങ്ങിയത്.മഹാനായ ആ കലാകാരന്റെ എളിമയും മഹത്വവും എന്റെ കണ്ണുകളെ നനയിച്ചിരുന്നു.മരങ്ങൾ താഴുന്നു ഫലാഗമത്തിനാൽ എന്ന കവിവാക്യത്തിന്റെ അർത്ഥഗരിമയാണ് ശ്രീ കമലഹാസന്റെ ലാളിത്യം എന്നെ ഓർമ്മിപ്പിച്ചത്.
                        ഒരു വിളി കാത്താണ് നാം ജീവിക്കുന്നത്.അതെപ്പോഴുമാകാമെന്നതുകൊണ്ടും നമുക്ക് അതിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതുകൊണ്ടും അതിനെക്കുറിച്ചുള്ള ആശങ്കകളുടെ ആവശ്യമില്ലെന്ന് അറിവുള്ളവർ പറയുകയും ചെയ്യുന്നു.എന്നാൽ ഇതുവരെ ചെയ്തതിനെക്കുറിച്ചും ഇനി ചെയ്യാനുള്ളതിനെക്കുറിച്ചും നമുക്ക് ഒരുകാഴ്ചപ്പാടുണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യമാണ് മുകളിലെ ലിസ്റ്റ് വെളിപ്പെടുത്തുന്നത്.വിജയങ്ങളിൽ സമചിത്തതയും പരാജയങ്ങളിൽ മനോധൈര്യവും പുലർത്തുന്നവർക്കേ കർമ്മപ്രവൃദ്ധമായ ഒരുജീവിതം സാധ്യമാകൂ.നിറഞ്ഞവേദികളിൽ മണിവിളക്കുപോലെ ഒളിവിതറി വാക്കുകൾ കൊണ്ട് സദസ്യരുടെയുള്ളിൽ ജ്ഞാനദീപം തെളിയിച്ച് മടങ്ങാറുള്ള മഹാകവി ജിയുടെ സവിശേഷസാന്നിദ്ധ്യത്തെക്കുറിച്ച് പലരുമെഴുതിയിട്ടുണ്ട്.ചെയ്യാനെന്തുണ്ടെന്ന് അറിവുള്ളവരുടെ സാന്നിദ്ധ്യം പോലും നമുക്ക് ജീവിതപ്രചോദനമാകും.ആ വിളക്കുകളിൽ നിന്ന് തിരിപകർത്തി ജീവിതനാളങ്ങൾ കൊളുത്താൻ പ്രേരിപ്പിക്കുന്നതാകട്ടെ ഈ ദീപാവലി രാത്രി.

Monday 12 November 2012

എല്ലാ പ്രിയ സുഹൃത്തുക്കൾക്കും നന്മ നിറഞ്ഞ ദീപാവലി ആശംസകൾ

Saturday 10 November 2012

സസ്നേഹം....


വേദനയോടെയാണ് ഞാനീ കുറിപ്പെഴുതുന്നത്.നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ചില്ലറജ്ഞാനമായിക്കോട്ടേ എന്ന വിചാരം കൊണ്ടുമാത്രം ബ്ളോഗിലുംപുതിയതലമുറയിലുള്ളവർ കാര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്നറിയാൻ മാത്രം ഫേസ്ബുക്കിലും വല്ലപ്പോഴും ഒന്നുചുറ്റിക്കറങ്ങി വരുന്നുണ്ട്.ഇത് എന്നെത്തന്നെ നവീകരിക്കാനുള്ള പരിശ്രമവുമാണ്.പുതിയ എഴുത്തുകാരുടെ ആർജ്ജവവും കുട്ടികളുടെ വിവിധവിഷയങ്ങളിലെ അവഗാഹവും എന്നെ വല്ലാതെ സന്തോഷിപ്പിക്കാറുമുണ്ട്. ഉറക്കമിളയ്ക്കുന്നതിലല്ല ഉണർന്നിരിക്കുന്നതിലാണല്ലോ കാര്യം.കവിതയോടുള്ള, അതും അരാജക കവിതയുടെയും കവിതയിലെ അപനിർമാണത്തിന്റേയും ചക്രവർത്തിയായ അയ്യപ്പന്റേതു പോലുള്ള കവിതകളോടുപോലും പുതിയ തലമുറ വച്ചുപുലർത്തുന്ന വൈകാരികതയും ആധികാരികതയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സങ്കടപ്പെടുത്തുന്ന സംഗതി അഭിപ്രായവ്യത്യാസങ്ങളോട്  പ്രായഭേദമെന്യേ കാണിക്കുന്ന അസഹിഷ്ണുതയാണ്.വിയോജിക്കുന്നവരെല്ലാം ഇവിടെ ശത്രുവായി പരിണമിക്കുന്നു.അടുത്തിടെ എന്റെ ഒരുയുവ സുഹൃത്ത് തന്റെ ഫേസ് ബുക്ക് കുറിപ്പുകളിൽ ശ്രീമതി അജിതയെ ഏതോ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ അവളെന്നോ ഇവളെന്നോ ഒക്കെ വിശേഷിപ്പിച്ച് വിദ്വേഷകുറിപ്പെഴുതിയിരുന്നത് ശ്രദ്ധിച്ചു.നേരിട്ട് ഉപദേശിക്കുന്നതിൽ ഇന്ന് കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ട് വടി വെട്ടിക്കൊടുത്ത് അടിവാങ്ങാൻ നിന്നില്ല.സുഹൃത്തിന് മറ്റൊരവസരത്തിൽ ചെറിയൊരു ഉപദേശം നൽകി.മറുപടി ഒരു ലൈക്കിലൊതുക്കി.അത്രയും ഭാഗ്യമെന്നേ കരുതി.അജിതയും വേണുവും ഫിലിപ്പൻ പ്രസാദും വെള്ളത്തൂവൽ സ്റ്റീഫനും എന്റെ ബന്ധുക്കളൊന്നുമല്ല.അവരോ അവർ പ്രതിനിധാനം ചെയ്ത പ്രസ്ഥാനമോ പ്രത്യയശാസ്ത്രമോ എന്നെ ദുസ്വാധീനിച്ചിട്ടില്ല.മാത്രവുമല്ല ഇവർ ഒരഞ്ചാംക്ളാസ്സുകാരന്റെ നിർദ്ദോഷരാവുകളേയും അവന്റെ കുഞ്ഞുറക്കങ്ങളേയും വല്ലാതെ ഭീതിയിൽ നിർത്തിപ്പൊരിച്ചിട്ടുമുണ്ട്.വെളിമ്പറമ്പിലെ മാവിൻചുവട്ടിൽ പറന്നിറങ്ങുന്ന മനോരമപത്രം ഹൈജാക്ക് ചെയ്ത് മാനേജ്മെന്റിന്റെ മസാലചേർത്ത് ചൂടാറാതെ വിളമ്പിയിട്ടുള്ള തലവെട്ടുവാർത്തകൾ വിഴുങ്ങുമ്പോൾ രാത്രിയിൽ അതെല്ലാംകൂടി നിണവേഷമണിഞ്ഞ് എന്റെ വള്ളിനിക്കറിൽ പിടികൂടുമെന്ന് ഓർക്കുമായിരുന്നില്ല.പുൽപ്പള്ളിയും നഗരൂരും പിന്നെ ഇപ്പോൾ ഓർക്കാൻ കഴിയാത്ത നിരവധി ആക്രമണ പരമ്പരകളും അന്നത്തെ അഞ്ചാം ക്ളാസ്സുകാരന്റെ എന്തിനെന്ന ചോദ്യത്തിന് ഇന്നും ഉത്തരം തന്നിട്ടുമില്ല.ഏത് വിശ്വാസത്തിന്റെ,ഏത് പ്രത്യയ ശാസ്ത്രത്തിന്റെ പേരിലായാലും കൊല ഒന്നിനും പരിഹാരമാകുന്നില്ല.പക്ഷേ ലോകമുണ്ടായകാലം മുതൽ ആളുകൾ അങ്ങനെ വിശ്വസിക്കുകയും അരും കൊലകൾ അരങ്ങേറുകയും ചെയ്യുന്നു.സമാധാനം കാംക്ഷിച്ചവരെയെല്ലാം വധിച്ച് സ്മാരകങ്ങൾ പണിയാനാണ് എവിടേയും ശ്രമിച്ചിട്ടുള്ളത്.ഇന്ന് മതവും വർഗ്ഗീയതയും മതതീവ്രവാദവും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു.കാരണങ്ങളേ മാറിയുള്ളൂ,കാര്യങ്ങൾ പഴയപടിതന്നെ.സ്നേഹിച്ചാലും ഇന്ന് ശിക്ഷ വധം തന്നെ.ചരിത്രത്തിന്റെ വഴി ചാക്രികമാണെന്ന് പറഞ്ഞയാളിനെ കണ്ടുപിടിച്ചാൽ ദയാപൂർവ്വം അദ്ദേഹത്തേയും വധിക്കാം.
                                    പറയാനൊരുങ്ങിയത് മറ്റൊന്നാണ്.ശരിയെന്നുകരുതിയാണ് എല്ലാവരും എല്ലാം ചെയ്യാനൊരുങ്ങുന്നത്.ശരി ശരിതന്നെയാണോ എന്നുറപ്പുവരുത്തണമെങ്കിൽ വിവേകം നന്നായി പ്രവർത്തിക്കണം.പക്ഷേ ഏതുവിശ്വാസവും അന്ധമായിക്കഴിയുമ്പോൾ നാം ശരിയിൽ നിന്നും പരമാവധി അകലുകയാണ് ചെയ്യുക.മുൻതലമുറയുടെ ശരി പിൻതലമുറയ്ക്ക് അപഹാസ്യമായിത്തോന്നുന്നതും സ്വാഭാവീകം മാത്രം.പ്രശ്നം പിന്നേയും വിവേകത്തിന്റെ കോർട്ടിൽ തന്നെ.വിവേകമുള്ളവർ ഇതിന്റെമറപൊരുകളറിഞ്ഞ് സംയമത്തോടെ എല്ലാറ്റിനോടും പ്രതികരിക്കും.അജിതയും കൂട്ടരും ലക്ഷ്യം കണ്ടതും അടിച്ചമർത്തപ്പെട്ടവന്റെ ഉന്നമനവും മാനവരാശിയുടെ പുരോഗതിയും തന്നെ.എന്നാൽ മുൻപുപറഞ്ഞതുപോലെ ശരിയെക്കുറിച്ചുള്ള  അന്ധമോ അബദ്ധജടിലമോ ആയ നിരീക്ഷണ നിഗമനങ്ങ
 അവരുടെ കാഴ്ചകളെ ദുസ്വാധീനിച്ചപ്പോൾ തിരഞ്ഞെടുത്ത വഴിയെക്കുറിച്ച് യുക്തിപൂർവ്വകമായ ഒരു വിലയിരുത്തലിന് അവർക്ക് കഴിയാതെ പോയി.(ഭരതന്റെ ഒരു സിനിമയിൽ ഇത് കലാപരമായി ചിത്രീകരിച്ചിട്ടുണ്ട്).ചരിത്രപരമായ ആ തെറ്റുകൾക്ക് അവർ ജീവിതം കൊണ്ടാണ് വിലയിട്ടത്.ചരിത്രത്തോടുള്ളമാപ്പപേക്ഷയായിത്തന്നെ ഇന്നത്തെ അവരുടെ ജനാധിപത്യപരമായ അവകാശസമരാഭിമുഖ്യത്തെ വിലയിരുത്തണം.കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുക സർഗ്ഗശേഷിയും സമരാഭിമുഖ്യവും അടിച്ചമർത്തലിനെതിരേയുള്ള എതിർപ്പും രക്തത്തിൽ കൊണ്ടുനടക്കുന്നവർക്ക് പറഞ്ഞിട്ടുള്ളതാണ്.അടവുനയവും ഒത്തുതീർപ്പിന്റെമന്ത്രങ്ങളുമായി കുതന്ത്രവിജയങ്ങൾ മാത്രം കണ്ടു വളരുന്ന തലമുറകൾക്ക് അത് അന്യമായിത്തന്നെ തുടരും.
            അഭിപ്രായവ്യത്യാസങ്ങളോടുള്ള അസഹിഷ്ണുതയും ചരിത്രത്തിലുള്ളതാണ്.പ്രതിപക്ഷം എന്നും അസ്വീകാര്യമായ ഒരവസ്ഥതന്നെ.എന്നാൽ ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷത്തിനുള്ള പ്രാധാന്യത്തെ ഒട്ടും കുറച്ചുകാണാതിരിക്കാനുള്ള ആർജ്ജവമാണ്നമുക്കുണ്ടാകേണ്ടത്. ഭരണസംവിധാനത്തിൽ മാത്രമല്ല വ്യക്തിജീവിതത്തിലും ജനാധിപത്യ മര്യാദകളും പ്രതിപക്ഷ ബഹുമാനവും നാം പരിശീലിക്കേണ്ടിയിരിക്കുന്നു.പക്ഷേ നിർഭാഗ്യവശാൽ ഇന്ന് നമുക്കിതിനൊന്നും ഒട്ടും അവസരമില്ല.വീടുകൾക്കുള്ളിൽ നാം പരിചയിക്കുന്നത്,ക്ളാസ്സുമുറികളിൽ നിന്നും പകർന്നുകിട്ടുന്നത്,സമൂഹം പരിശീലിപ്പിക്കുന്നത് എല്ലാം താൻപോരിമയുടേയും സ്വാർത്ഥതയുടേയും പാഠങ്ങൾ മാത്രം.ഉരുവിട്ടുറപ്പിക്കുന്നതാകട്ടെ മനുഷ്യത്വരഹിതമായ മത്സരത്തിന്റെ ഗതികസിദ്ധാന്തങ്ങളും.സത്സംഗങ്ങളും മതഭാഷണങ്ങളും പോലും അനൈക്യത്തിന്റെ കാളിയവിഷം കുത്തിനിറച്ച മനസ്സുകളെ സമൂഹമധ്യത്തിലേക്ക് തുറന്നുവിടുകയാണ് ചെയ്യുന്നത്.സദ്വചനങ്ങൾ പരസ്യവാചകങ്ങൾ പോലെ ഉള്ളിൽ തട്ടാതെ വിറങ്ങലിച്ചുപോകുന്നു.പുതിയ ആൾദൈവങ്ങളെ വാഴ്ത്താനുള്ള അദമ്യമായ ആവേശത്തിൽ അവശവാർദ്ധകങ്ങളെപ്പോലും നാം ഉറങ്ങാൻ വിടാതെ രാജപ്രമുഖനായി എഴുന്നള്ളിച്ച് മഹാപാപം ചെയ്യുന്നു. സമൂഹത്തിന് മാതൃകയാകേണ്ടുന്ന സാഹിത്യകാരന്മാർ ഒന്നാംക്ളാസ്സിലെ മിഠായിപ്പിണക്കങ്ങളുമായി വേദി പങ്കിട്ട് ജനത്തിനെ പടുവിഡ്ഢികളാക്കുന്നു.പുട്ടുംകടലയും പകുത്തതിലെ ഏറ്റക്കുറവുകൾ കൊതിക്കെറുവുകളായി കൊണ്ടുനടന്ന്  സമൂഹമധ്യത്തിലും പിന്നെ കിട്ടുന്ന ഇടങ്ങളിലെല്ലാം ഭരണപ്രതിപക്ഷഭേദമില്ലാതെ രാഷ്ട്രീയക്കാർ അല്പത്വ സദ്യ വിളമ്പുകയാണ്. ഉദ്ദേശശുദ്ധി കണികാണാനെങ്കിലും നാം നട്ടുച്ചയ്ക്ക് വിളക്കുകാട്ടണം.നമ്മുടെ കുഞ്ഞുങ്ങളെയെങ്കിലും സ്വാതന്ത്ര്യത്തിന്റെ വിശുദ്ധിയും ജനാധിപത്യത്തിന്റെ മൂല്യവും നന്മയുടെ പ്രാധാന്യവും ബോധ്യപ്പെടുത്തണം.സ്നേഹത്തിന്റെ വിലയും കരുതലും അവർക്ക് അനുഭവപ്പെടുത്തിക്കൊടുക്കണം.മറ്റുള്ള എന്തിനേയും ആദരിക്കാനും ബഹുമാനത്തോടെ വിയോജിക്കാനും അവരെ പരിശീലിപ്പിക്കണം.ഇത് വീട്ടിനുള്ളിൽ നിന്നുതന്നെ തുടങ്ങണം.ശ്രീരാമകൃഷ്ണന്റെ ശർക്കരതിന്നുന്ന കുട്ടിയോടുള്ള ഉപദേശത്തിലെ മുൻകരുതൽ നമുക്കും വേണ്ടിവന്നേക്കാം. അതിന് മടിക്കരുത്.കാരണം വൃദ്ധസദനങ്ങളിലെ അന്തേവാസികൾ മുൻപ് ഇത് മറന്നവരാണ്.