Friday, 23 October 2015

വയൽക്കൊറ്റികൾ

കൺമുന്നിൽ പാടങ്ങളുമായാണ് എന്റെ കാഴ്ച മിഴിഞ്ഞതുതന്നെ.ആദ്യമായി കേട്ടെടുത്ത പദങ്ങളിൽ ഉഴവുകാരുടെ വായ്ത്താരിയായ ഇമ്പ ഹേ......  യും ഉണ്ടായിരുന്നു.ആജ്ഞയുടെ അനുശീലങ്ങളായ വലത്തേ,ഇടത്തേ എന്നിങ്ങനെ അമർത്തി ഉച്ചരിക്കുന്ന ചില പദാവലികൾ കൂടിയായാൽ എന്റെ ബാല്യകാല പദകോശം സമ്പൂർണ്ണമായെന്നു തന്നെ പറയാം.അതിവെളുപ്പിനു തന്നെ പാടങ്ങളിൽ ഉഴവിറങ്ങും.ഇടവപ്പാതിയും കന്നിയൊഴിവും പെയ്തു നിറച്ച രാവകങ്ങളെ ആർദ്രമാക്കി നനുത്ത മഞ്ഞും കുളിരും വിരുന്നുവരുന്ന പുലർ കാലങ്ങളിൽ പലപ്പോഴും പൂണ്ടുറക്കത്തിൽ വിരൽ തൊട്ടു വിളിച്ചിരുന്നത് പോത്തിന് കാളയെ ഇണചേർത്ത് എരു മെനഞ്ഞ ചെപ്പടിവിദ്യക്കാരനായ ഉഴവുകാരന്റെ സ്നേഹം നിറഞ്ഞ ആക്രോശങ്ങളായിരുന്നു.ആരും ഉറക്കെണീറ്റിട്ടില്ലാത്ത ആ നേരത്ത് മെല്ലെ ഇറയത്തെ തട്ടുപടിമേൽക്കിടന്ന് നേർത്ത പുലർ നിലാവിൽ തെളിയാ നിഴലുകളായി  ഇടറി നീങ്ങുന്ന ഉഴവുകാരുടേയും ഉരുക്കളുടേയും ചിത്രം നോക്കിയിരുന്നത് ഇപ്പോൾ നൊമ്പരപ്പടുത്തുന്ന ഓർമ്മകളായിരിക്കുന്നു.അന്ന് വീട്ടിലെ കൃഷിനടത്തിപ്പുകാരിയായി വിലസിയിരുന്ന അമ്മൂമ്മയും പ്രധാന ഉഴവുകാരനും തമ്മിൽ അടുത്ത കൃഷിക്ക് പയറ്റേണ്ട ഉഴവു തന്ത്രങ്ങളുടെ ബ്ളൂപ്രിന്റെടുക്കുന്നതിനായി നടന്നുവരാറുള്ള ചില നാടൻ സംഭാഷണ ശകലങ്ങളും പാടങ്ങളുമായി ബന്ധപ്പെട്ട ഓർമ്മക്കൂട്ടിലുണ്ട്.അക്കനെന്നാണ് സ്നേഹ ബഹുമാനങ്ങൾ വിളക്കിച്ചേർത്ത് കുറുപ്പമ്മാവൻ അമ്മൂമ്മയെ വിളിക്കാറുള്ളത്.കളകയറിയ ഞാറ്റടി വിതയ്ക്കു മുന്നൊരുക്കമായി രണ്ടു ചാല് പൂട്ടിയിടണമെന്നോ മുപ്പറയിൽ കഴിഞ്ഞ പൂവിന് പൂട്ടിയപ്പോഴേ മണ്ണിളക്കം കുറവായി കണ്ടെന്നും അതുകൊണ്ട് ഇത്തവണ രണ്ട് ചാൽ അധികം ഉഴണമെന്നോ അതുമല്ലെങ്കിൽ  കന്നിക്കൊരുക്കുമ്പോൾ ഇത്തവണ പച്ചില കുറച്ചധികം ചേർത്തഴുക്കണമെന്നോ ഒക്കെയാകും കുറുപ്പമ്മാവന്റെ ഡിമാന്റുകൾ.അംഗീകരിച്ചാലും ഇല്ലെങ്കിലും ഇതൊക്കെ പറയേണ്ടത് തന്റെ കടമയാണെന്നാണ് കുറുപ്പമ്മാവന്റെ മനസ്സിലിരിപ്പ്.കുറുപ്പമ്മാവന് വേണ്ടത്ര ബഹുമാനം കൊടുക്കുന്നതിന് അമ്മൂമ്മയും ഒരു കുറവും വരുത്തുമായിരുന്നില്ല.ചായയും കുടിച്ച് മൂന്നുംകൂട്ടി വിസ്തരിച്ചൊരു മുറുക്കും കഴിഞ്ഞ് കുറുപ്പമ്മാവൻ പടികടന്നു മറയുമ്പോൾ കൃഷിയുടെ അവാച്യമായ ദൃശ്യാനുഭുതി പടിയിറങ്ങിപ്പോകുന്നതായാണ് അന്ന് തോന്നാറുണ്ടായിരുന്നത്.മഴയേയും വെള്ളത്തേയും ഒഴിവാക്കി എന്തു പറഞ്ഞാലും അത് പാടത്തിന്റെ ചെറു വരമ്പിനെ പോലും സ്പർശിക്കുന്നതാകില്ല.തിമിർത്ത മഴയിൽ വെള്ളം നിറഞ്ഞ പാടത്ത് തലയൊന്ന് പുറത്തുകാട്ടാൻ വെമ്പി വിതുമ്പി നില്ക്കുന്ന ഞാറിൻ തലപ്പുകളും പെട്ടെന്ന് വീണുകിട്ടിയ മീൻ സദ്യയിൽ മനം മയങ്ങി സ്ഥലകാലങ്ങൾ മറന്ന് നനഞ്ഞൊട്ടിയ മേനിയുമായി ഒറ്റക്കാലിൽ തപസ്സുചെയ്യുന്ന വെള്ളക്കൊറ്റികളും വയലേത് വരമ്പേതെന്ന് അറിയാതെ തപ്പിത്തടഞ്ഞ് ഒടുവിൽ വെള്ളക്കെട്ടിലേയ്ക്കുതന്നെ മറിഞ്ഞ് ആകെ വശം കെടുന്ന വയൽയാത്രക്കാരും പാടത്തെ മഴവെള്ളം ഉത്സവമാക്കി കടിപിടികൂടി കെട്ടിമറിഞ്ഞ്  ആകെ അലങ്കോലമാക്കുന്ന വളർത്തു നായ്ക്കൂട്ടവും പാടത്തിന്റെ മാത്രം ഓർമ്മത്തുരുത്തുകളാണ്.സ്ഥലത്തെപാട്ടുകാരെക്കൂടി ഉൾപ്പെടുത്താതിരുന്നാൽ ഈ ഓർമ്മക്കളി അപുർണ്ണമായിപ്പോയേയ്ക്കാം.മഴ വരുന്നതറിയിക്കുന്നതു മുതൽ പെട്രോമാക്സിന്റെ കണ്ണഞ്ചിക്കുന്ന മാസ്മരവെളിച്ചത്തിൽ കുരുങ്ങി ഏതെങ്കിലും ഭാഗ്യാന്വേഷിയുടെ പൊക്കണത്തിൽ കുടുങ്ങുതുവരേയും ആ പാട്ട് മഴയുടെ സംഗീതത്തെ പാടി മുഴുമിപ്പിച്ചുകൊണ്ടേയിരിക്കും.നമുക്കായി അത് ഓർമ്മയിൽ വേദനയുടെ പുതിയ ചിത്രക്കൂടുകൾ പണിതുവയ്ക്കുകയും ചെയ്യും.

                                 നികത്തിയ പാടങ്ങളുടെ ഗതിവിഗതികൾ ചർച്ചചെയ്യപ്പെടുന്ന ഇക്കാലത്ത്  വരും തലമുറകൾക്ക് നാം നഷ്ടപ്പെടുത്തിയത് എന്തായിരുന്നെന്ന് വെറുതേ ഒന്നോർത്തുനോക്കുകയായിരുന്നു.ഉള്ളിൽ കൊള്ളേണ്ടത് പലതും പുരപ്പുറത്തുപോലുമില്ല എന്ന അവസ്ഥയായി.നെല്ല് കണികാണാനില്ല.തൊട്ടടുത്ത വീട്ടിൽ നേദിച്ച പറനെല്ല് പണം നൽകി വാങ്ങി വീണ്ടും കാണിക്ക വച്ച് നാം തേവരുടെ മുന്നിലും സ്വയം അപഹാസ്യരാകുന്നു.എന്തിനും പണം പകരക്കാരനായപ്പോൾ നമ്മുടെ മൂല്യം ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തിയത് നാം അറിഞ്ഞില്ല.മുന്തിയ ജീവിത സൌകര്യങ്ങൾ ലക്ഷ്യം വച്ച് നാം പാടങ്ങളെ വരഞ്ഞുകീറി റോഡുകൾ നിർമ്മിച്ചു.അവയ്ക്ക് കയറിയിറങ്ങിപ്പോകാൻ പാലങ്ങളും ഒരുക്കി നൽകി.എല്ലാം നല്ല ലക്ഷ്യങ്ങളോടെയായിരുന്നു.പക്ഷേ റോഡുകളും പാലങ്ങളും കടന്നെത്തിയത് വികസനത്തേക്കാളുപരി ഭൂമാഫിയയായിരുന്നു.പുതിയ തൊഴിൽസംസ്കാരം കൊണ്ട് സ്വതേ പൊറുതിമുട്ടിയിരുന്ന ചെറുകിട നാമമാത്ര കർഷകർ നിലങ്ങൾ സ്വാഭാവികമായും തീറെഴുതി.പിന്നീടുള്ളതെല്ലാം ചരിത്രമാണ്,ഒരർത്ഥത്തിൽ രാഷ്ട്രീയവും.ഇവിടുത്തെ വിഷയം മറ്റൊന്നാണ്.കൃഷി കൈമോശം വന്ന  സമൂഹത്തിന് യഥാർത്ഥത്തിൽ നഷ്ടമായത് ഒരു സംസ്കൃതിയാണ്.സംസ്കൃതിയെന്നാൽ കഴിഞ്ഞുപോയ തലമുറകളുടെ സാംസ്കാരികമായ ഈടുവയ്പ്.അഭിമാനിക്കാൻ ഏറെയുണ്ടായിരുന്ന,വരും തലമുറകളിലേയ്ക്ക് കൈമാറാൻ നാം ഓരോരുത്തരും ബാധ്യതപ്പെട്ടിരുന്ന ഒന്നായിരുന്നു അത്.ഒരു നിയമനിർമ്മാണത്തിനും അതിനെ തിരിച്ചുകൊണ്ടുവരാനോ പുന: സൃഷ്ടിക്കാനോ കഴിയില്ല.അവശേഷിക്കുന്ന കൃഷിയിടങ്ങളെയെങ്കിലും സംരക്ഷിക്കാനുള്ള ആർജ്ജവമാണ് നമുക്കുണ്ടാകേണ്ടത്.അതിനുവേണ്ടി പഴുതറ്റ നിയമങ്ങൾ നിർമ്മിക്കാൻ നമ്മുടെ ജനപ്രതിനിധികൾക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.

3 comments:

 1. മറഞ്ഞുപോയ നല്ല കാലത്തെ ഓര്‍മ്മിപ്പിക്കുന്ന മനോഹരമായ ഒരു കുറിപ്പ്

  ReplyDelete
 2. നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും കണ്‍മണിയേ....
  'ഫ്ലാറ്റു'കാരുടെയും,'വില്ലാ'കാരുടെയും ആവുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്!
  ആശംസകള്‍

  ReplyDelete
 3. നന്നായി എഴുതി ഫലിപ്പിച്ചു

  ReplyDelete