Saturday 26 September 2020

SPB

 അല്പത്തലേശമില്ലാത്ത മനുഷന്മാരെ അന്വേഷിച്ചാൽ പോലും കണികാണാൻ കിട്ടാത്ത കാലമാണ് ഇത്.

അന്ത:സ്സാര ശൂന്യന്മാരെയാണെങ്കിൽ ഏതു ദിക്കിലും കാണുകയുമാകാം.
അല്പന്മാരും അന്ത:സ്സാരശൂന്യരും നാം ആരാധിക്കുന്ന പ്രതിഭകളുടെ ഇടയിലും ധാരാളമുണ്ടെന്ന് അറിയുമ്പോഴാണ് അങ്ങനെയല്ലെന്ന് ജീവിതം കൊണ്ട് തെളിയിച്ച ചിലരുടെ വേർപാടുകൾക്ക് കനമേറുന്നത്.
ഹിന്ദിയിലും തെന്നിന്ത്യൻ ഭാഷകളിലുമായി SPB പാടിത്തീർത്ത ഗാനങ്ങൾ കേൾക്കാൻ തന്നെ ഒരു മനുഷ്യായുസ്സ് പോര.
അതിലും വലുതാണ് ആ മഹാഗായകൻ പ്രതിനിധാനം ചെയ്തിരുന്ന സമഭാവനയുടെ സംസ്കൃതി.
മുൻപേ നടന്നവരെ ബഹുമാനിച്ചും കൂടെ നടന്നവരെ സമശീർഷരായി കരുതിയും ശേഷം വന്ന തലമുറയെ അംഗീകരിച്ച് അനുഗ്രഹിച്ചും SPB യഥാർത്ഥ കലാകാരൻ എന്തായിരിക്കണം എന്ന് ലോകത്തിന് കാട്ടിക്കൊടുത്തു.
ലാളിത്യവും സഹാനുഭൂതിയും ആ വലിയ കലാകാരൻ തിടമ്പായി ഏറ്റി നടന്നു.
സംഗീതലോകത്തെ വിഭിന്ന മേഖലകളിലുള്ളവർക്ക് ആ വലിയ ശരീരത്തിനുള്ളിലെ ആ വലിയ മനസ്സിന്റെ സാന്നിദ്ധ്യം എന്നും പ്രചോദനമായി.
ശങ്കരാഭരണത്തിലെ ഗാനങ്ങളിലൂടെ പ്രശസ്തിയുടെ പടവുകളേറിയ ആ ഗായകന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
തമിഴ് സിനിമാലോകത്തെ ഗായക സങ്കല്പങ്ങൾ ആ മായിക സ്വരത്തിൽ തട്ടി തകർന്നുവീണു.
മുറിവേറ്റവരും രംഗംവിട്ടൊഴിയേണ്ടി വന്നവരും അന്നുണ്ടായിരുന്നു.
അതൊരുപക്ഷേ ഒഴിവാക്കാനാകാത്ത ചരിത്രനിയോഗമായിരുന്നിരിക്കാം.
പക്ഷേ ആ നിയോഗങ്ങളേറ്റുവാങ്ങി ഉയരങ്ങളിലേയ്ക്ക് കയറുമ്പോഴും കൈവിടാതെ സൂക്ഷിച്ച എളിമയും വിനയവും SPB യെ വ്യത്യസ്ഥനാക്കി.
കൈവച്ച മേഖലകളിലെല്ലാം അദ്ദേഹം പ്രതിഭ തെളിയിച്ചു.
സംഗീത സംവിധായകനായും അഭിനേതാവായും,ഡബ്ബിംഗ് ആർട്ടിസ്റ്റായും ഒക്കെ പല രംഗങ്ങളിൽ അദ്ദേഹം തിളങ്ങി.
ഈ തിളക്കങ്ങളിലും സൗഹൃദങ്ങളെ അദ്ദേഹം പൊലിമയോടെ സൂക്ഷിച്ചു.
വേദികളികളിൽ അദ്ദേഹം എളിമയുടെ നിലവിളക്കും സ്നേഹ-ബഹുമാനങ്ങളുടെ നിറനിലാവുമായി.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സംഗീതം കിനിഞ്ഞിറങ്ങിയ മനസ്സുകളിൽ സഹാനുഭൂതിയുടെ നനുത്ത മഴ പെയ്യുകയായി.
സഹവർത്തിത്വത്തിന്റെ പെരുമ വിളിച്ചോതുന്നവയായി SPB യുടെ സംഗീതനിശകൾ.
കലയുടെ നിറവുകളിലേയ്ക്ക് തലമുറകളെ ചേർത്തുപിടിച്ച ആ ശരീരം നിശ്ചലമായി.
ആത്മാവിന്റെ മിടിപ്പുകളിലേയ്ക്ക് ഊർന്നിറങ്ങിയ ആ സ്നേഹസ്വരം നിലച്ചു.
ഒപ്പം ജീവിക്കാൻ കഴിഞ്ഞ മഹാഭാഗ്യം മാത്രം നമുക്ക് വിട്ടു തന്നു കൊണ്ട് ആ മഹാഗായകൻ വിട പറഞ്ഞു.
ഒരു നിമിഷം കാലം ഇവിടെ നിശ്ചലമാകുന്നു.
ആ സ്വരം വീണ്ടും കേൾക്കാൻ മാത്രം.

No comments:

Post a Comment