ഇടിന്തകരൈ പറയുന്നത് ...............
കൂടംകുളത്തെ ജനങ്ങളുടെ സഹന സമരത്തേയും അധികാരി വര്‍ഗ്ഗവും മാധ്യമങ്ങളും അതിനോട് വച്ചുപുലര്‍ത്തുന്ന അസഹിഷ്ണുതയെയും കുറിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള ആര്‍ജ്ജവം കാണിച്ച മാതൃഭൂമി വാരികയ്ക് നന്ദി(2012 ഏപ്രില്‍22).ജനകീയ സമരങ്ങളോട് ഏറെക്കാലമൊന്നും മുഖം തിരിച്ചു നില്ക്കാന്‍ ഒരു ഭരണകൂടത്തിനും കഴിഞ്ഞിട്ടുള്ളതായി ചരിത്രത്തിലില്ല.ഭരണവര്‍ഗ്ഗത്തിന്റെ ഏറാന്‍മൂളികളായും തന്‍കാര്യം നോക്കികളായുംപരാന്നഭോജികളായും സമരമുഖങ്ങളില്‍ ഒളിപാര്‍ത്തു നടക്കുന്നവരെ ചരിത്രം എങ്ങനെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും നമുക്കറിയാം.അവരെ അവരുടെ വിധിയ്ക് വിടാം.ആണവേതര ഊര്‍ജ്ജസ്രോതസ്സുകളെ കളിപ്പാട്ടങ്ങളെന്നു വിശേഷിപ്പിച്ച അതിബുദ്ധി കൈയാളിയിരുന്ന കപട മനുഷ്യത്വ വാദത്തിന്റെ പൊള്ളത്തരങ്ങളോടും നമുക്ക് ക്ഷമിക്കാം.വേണ്ടത് തിരിച്ചറിവാണ്.നമ്മെ എന്നതിനേക്കാള്‍, വരും തലമുറകളെ ഒന്നാകെ ബാധിക്കുന്ന ജീവല്‍പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുംപോള്‍, അവ പരിഹരിക്കുന്നതിന്റെ ഭാഗമായ പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടുംപോള്‍, അതിനെ നിസ്സാരവത്കരിക്കാനും പ്രസക്തി കെടുത്താനും ലക്ഷ്യം തെറ്റിക്കാനുമുള്ള സംഘടിത ശ്രമങ്ങള്‍ക്കെതിരേ നാം കരുതിയിരിക്കേണ്ടതുണ്ട്.ചരിത്രത്തില്‍നിന്നും പാഠങ്ങള്‍ പഠിക്കാതിരിക്കുന്നത് അനുഭവങ്ങളില്‍ നിന്നും പഠിക്കാതിരിക്കുന്നതിനുള്ള ന്യായീകരണമല്ല.അതിന് തയ്യാറാകാത്തവരെ ബോധവത്കരിക്കേണ്ട വലിയ ഉത്തരവാദിത്വം കൂടി ഇന്നത്തെ ജനകീയ സമരങ്ങള്‍ക്കുണ്ട്.ഇടിന്തകരൈയിലെ സമരം ലോകത്തിനു തന്നെ മാതൃകയാവട്ടെ.
No comments:
Post a Comment