മലയാളി സ്ത്രീയുടെ വ്യാജ ജീവിതത്തെക്കുറിച്ച് ഡോ.ഖദീജാമുംതാസിന്റെ ലേഖനമാണ് ഈ കുറിപ്പിന് ആധാരം( മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012ഏപ്രില്‍ 15).മലയാളി സ്ത്രീ വീട്ടിനുള്ളിലും സമൂഹമധ്യത്തിലും അനുഭവിക്കുന്ന തെളിഞ്ഞും മറഞ്ഞുമുള്ള ശാരീരികവും മാനസീകവുമായ പീഡനങ്ങളുടെ രേഖാചിത്രം വരഞ്ഞിടുന്നതില്‍ ലേഖിക വിജയിച്ചിട്ടുണ്ടെന്കിലും ശരിയായ കാരണങ്ങളെ തമസ്കരിക്കാനുള്ള ചില പരിശ്രമങ്ങളും ലേഖികയുടെ ഭാഗത്തുനിന്നും വന്നുപോയിട്ടുണ്ട്.സ്ത്രീപക്ഷ എഴുത്തുകാരുടെ പരംപരാഗതമായ ഈ സമരസപ്പെടല്‍ ഇപ്പോള്‍ അംഗീകൃത ദൗര്‍ബല്യമായും തീര്‍ന്നിട്ടുണ്ട്.
കേരളീയസമൂഹം മൊത്തത്തിലും സ്തീകള്‍ പ്രത്യേകിച്ചും ഇന്നനുഭവിക്കുന്ന അരക്ഷിതത്വത്തിന്റെ സുപ്രധാന കാരണം മദ്യത്തിന്റെ അതിരുകടന്ന ഉപഭോഗവും ലൈംഗീക അരാജകത്വവും തന്നെ.ഇതു രണ്ടും കേരളീയ സമൂഹം സ്വയം വലിച്ച് തലയില്‍ കയറ്റിയതൊന്നുമല്ല.പരിധി വിട്ട ഉപഭോഗ സംസ്കൃതിയുടെ സ്വാഭാവീക ഉപോത്പന്നങ്ങളാണ് ഇവ രണ്ടും.അള്‍ട്രാമോഡേണാവാനുള്ള പരക്കം പാച്ചിലിനിടയില്‍, പണ്ടെന്നത്തേതുപോലെ വിദേശിയുടെ ഉച്ഛിഷ്ടത്തെപ്പോലുംആഹരിക്കാനുള്ള വെംപലില്‍,വികൃതമായ പാശ്ചാത്യ അനുകരണങ്ങളെപ്പോലും തൊണ്ട തൊടാതെ വിഴുങ്ങാനുള്ള ആവേശത്തള്ളിച്ചയില്‍ പറ്റിപ്പോയ അബദ്ധമാണിത്.ഇനിയിപ്പോള്‍ ഉടനെങ്ങും തിരുത്താനാകാത്തവിധത്തില്‍ ആ അബദ്ധം സമൂഹത്തെ ഒന്നാകെ ഗ്രസിച്ചുകഴിഞ്ഞു.മകള്‍ക്ക് അച്ഛനെ പേടിയാണ്.അമ്മയ്ക് മകനേയും പെങ്ങള്‍ക്ക് ആങ്ങളയേയുംപേടിക്കേണ്ടിയിരിക്കുന്നു.ഒറ്റവരിയില്‍ ആണ്‍ജാതിയില്‍ പെടുന്ന എന്തിനേയും പെണ്ണ് പേടിക്കണം.ആണുങ്ങളുടെ അതിക്രമത്തിന്റെ കണക്കെടുക്കുംപോള്‍ സ്ത്രീകളുടെ അപഥസഞ്ചാര കഥകള്‍ അഗണ്യങ്ങളെന്നുകണ്ട് വിട്ടുകളയാം.ആരെയാണ് സ്ത്രീ ആശ്രയിക്കേണ്ടത്?ആരാണ് അവള്‍ക്ക് അഭയം?വേണ്ട,അസുഖകരങ്ങളായ ചോദ്യങ്ങള്‍ നമുക്ക് ഒഴിവാക്കാം.ഉപരിപ്ളവവും നിരര്‍ത്ഥകങ്ങളുമായ വാക്കുകളില്‍ നമുക്ക് അഭിരമിക്കാം.അവയുടെ താള്രകമങ്ങളില്‍ അമര്‍ത്തിയ തേങ്ങലുകളെ മുക്കിക്കൊല്ലാം.അച്ഛനായും അമ്മാവനായും മകനായും പേരക്കുട്ടിയായും മരുമകനായും മദ്യം മണക്കുന്ന രാപ്പകലുകളിലൂടെ ശാന്തിയുടെ ഒടുവിലെ ചില്ലുപാത്രവും എറിഞ്ഞുടക്കാം.ഞാന്‍ ലജ്ജിക്കുന്നു,ആണായി പിറന്നതില്‍!
No comments:
Post a Comment