Tuesday, 24 April 2012

തൊടുപുഴയില്‍ കണ്ടത്


തൊടുപുഴയാണ് ഇപ്പോള്‍ എന്റെ തട്ടകം.
ഏതാണ്ട് ഒരുവര്‍ഷമാകുന്നു ഇവിടെ വന്നു കൂടിയിട്ട്.
ജോലിക്കാര്യവും സ്ഥലംമാറ്റവുമായാണ് ഇവിടെ എത്തിപ്പെട്ടതെന്കിലും
പണ്ടെങ്ങോ ഞാനിവിടെ ഉണ്ടായിരുന്നെന്ന തോന്നലാണിപ്പോള്‍.
ഏറ്റവും വലിയ അനുഗ്രഹം തൊടുപുഴ കണ്ണന്റെ സാമീപ്യം തന്നെ.
ഒരുപാടുപ്രാര്‍ത്ഥനകളുടെ പുണ്യമാകണം ഇത്.
നിറവാര്‍ന്ന ചൈതന്യത്തിന്റെ സവിശേഷ സാന്നിദ്ധ്യം
ഇവിടെ എന്നെ അനുനിമിഷം ഉന്മേഷവാനാക്കുന്നുണ്ട്.
എല്ലാറ്റിനും ഭഗവാനോട് കടപ്പെട്ടിരിക്കുന്നു.
മറ്റൊന്ന് തൊടുപുഴയാറ്റിലെ തണുത്ത വെള്ളത്തിലെ
ഇടക്കിടെ തരമാകുന്ന മുങ്ങിക്കുളിയാണ്.
മൂലമറ്റത്തെ പവര്‍ ജനറേഷന്‍ കഴിഞ്ഞ് തുറന്നൊഴുക്കുന്ന
വെള്ളം നഗരംതൊട്ട് അശുദ്ധപ്പെടുന്നതിനും മുന്‍പ്
പൂര്‍ണ്ണ വിശുദ്ധിയില്‍ ഒരു മുങ്ങിക്കുളി!
ഇടുക്കിയിലാണ് തൊടുപുഴ താലൂക്കെന്കിലും
മലംപ്രദേശങ്ങളും വനനീലിമകളും തൊടുപുഴയ്ക്ക് അന്യമാണ്.
സമതലങ്ങളും പച്ചപ്പുംകൊണ്ട് ഇവിടം അനുഗ്രഹീതമാണ്.
ഭീതിപ്പെടുത്തുന്ന ഒന്നേയുള്ളൂ
നിമിഷനേരംകൊണ്ട് വാനത്തെ കരിന്പടം മൂടിക്കുന്ന
കൂറ്റന്‍ കാര്‍മേഘങ്ങളും
അവയ്കിടയില്‍ നിന്നും കണ്ണഞ്ചിക്കുന്ന വെള്ളിവാള്‍
വീശിയടുക്കുന്ന ചുടുമിന്നലും
നെഞ്ചു പിളര്‍ന്ന് ജീവനെടുക്കാന്‍
കുതറിപ്പൊട്ടുന്ന ഇടിമുഴക്കങ്ങളും.
ഇവയെല്ലാം ചേര്‍ന്ന് നമ്മെ തകര്‍ത്തുകളയും!
രുദ്ര കാളിയെപ്പോലെ
ഇടുക്കിയിലെ ആകാശം
മുടിയഴിച്ചാര്‍ത്ത്
അട്ടഹസിച്ച്
പെരുംപറമുഴക്കി
രൗദ്ര താണ്ഡവമാടുംപോള്‍
പ്രകൃതിയുടെ സംഹാരരൂപം
നമുക്ക് വീണ്ടും കാണാം.
മലയോരകര്‍ഷകരുടെയും
ഹൈറേഞ്ച് വാസികളുടേയും
പ്രധാന വിപണന-വ്യാപാരകേന്ദ്ര മാണ് തൊടുപുഴ.
കച്ചവടം തന്നെ എന്തിലും മുന്നില്‍.
തുണിക്കടകളുംസ്വര്‍ണ്ണക്കടകളും
നഗരം ഭരിക്കുന്നു.
ആഡംബരവാഹനങ്ങള്‍ എംപാടും കുതിച്ചുപായുന്നു.
റബ്ബറിന്റെ രാഷ്ട്രീയവും
പശമുക്കി വടിവൊപ്പിച്ച ഖദറും
ഈനാടിന്റെ മുഖമുദ്രകളാകുന്നു.
അശിക്ഷിതന്റെ ആലാപനം പോലെ
മുനവച്ച താളക്രമങ്ങളില്‍
സമയത്തിന് അതിരിട്ടുകൊണ്ട്
പിറന്നുവീഴുന്ന മുനിസിപ്പല്‍ സയറണ്‍.
കാലുകള്‍ കൂട്ടിക്കെട്ടിയ കുരുന്നുകളെ
തരംപോലെകളിയ്ക്കാനയച്ച്
സമയം കൊല്ലാന്‍ മാത്രം
കുശുന്പില്‍ അഭയം തേടുന്ന 
സുന്ദരികളും
പറക്കമുറ്റാത്ത കോഴിക്കുഞ്ഞുങ്ങള്‍
തള്ളക്കോഴിക്ക് വലംവയ്കുന്നതുപോലെ
ഇടറിയകാലുകളും
അവിശ്വാസം പതറിച്ച കണ്ണുകളുമായി
അവരെ ചേര്‍ന്നുനില്ക്കുന്ന പുരുഷന്മാരും
മുനിസിപ്പല്‍ പാര്‍ക്കിന് കനം വയ്പിക്കുന്നു.
കളിപ്പാട്ടങ്ങളും കടല കപ്പലണ്ടിയുമായി
പൊടിപൊടിക്കുന്ന വഴിവാണിഭം
ഒരിക്കല്‍ പ്രശാന്തമായിരുന്ന ഈ നഗരവും
പട്ടണത്തിന്റെ മട്ടും ഭാവവും ഉള്‍ക്കൊണ്ടിരിക്കുന്നു.
മാറ്റങ്ങള്‍ ആവശ്യമാണ്
എന്കിലും
അത് നമ്മെ സ്വയം നഷ്ടപ്പെടുത്താതിരിക്കട്ടെ.


 

Sunday, 22 April 2012

നാണംകെട്ടവരെ തുറന്നു കാട്ടണം

22.4.2012 ലെ കേരളകൗമുദി ദിനപ്പത്രത്തില്‍ വന്ന എഡിറ്റോറിയലാണ് ഈ കുറിപ്പിന് ആധാരം.
ഇന്ത്യയിലെ ഭരണാധികാരികളുടെ യഥാര്‍ത്ഥ യജമാനന്മാര്‍ മറ്റെവിടെയോ ആണെന്നുള്ള കാലങ്ങളായുള്ള സംശയത്തിന് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ പരമോന്നത നീതി പീഠത്തിനു മുന്നില്‍ നേരിട്ട് ഹാജരായി തെളിവ് കൊടുക്കുന്ന രംഗമാണ് കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ കപ്പല്‍ക്കൊലയുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ കാണാനായത്.കോടതിയെപ്പോലും അംപരപ്പിച്ചു കൊണ്ടും ആത്മാഭിമാനമുള്ള ഏതൊരു ഭാരതീയനേയും നിരാശനാക്കിക്കൊണ്ടും നടന്ന ഈ പൊറാട്ടുനാടകത്തിന്റെ തിരക്കഥ ഉടനെങ്ങും തയ്യാറാക്കിയതാണെന്ന് കരുതാന്‍വയ്യ.പല സുപ്രധാന വിഷയങ്ങളിലും ,അത് രാജ്യ സുരക്ഷയായാലും ജനങ്ങളുടെ സുരക്ഷയായാലും ,അടുത്ത കാലങ്ങളായി കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ വേറെയാരെയോ പ്രീണിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളവയാണെന്ന് സ്വയം വെളിപ്പെടുത്തുന്നതായിരുന്നു.സുപ്രീം കോടതിയില്‍ ഇതെല്ലാം അരങ്ങേറുന്പോള്‍ പൊട്ടന്‍കളിച്ചു നിന്ന കേരളത്തിന്റെ സ്വന്തം വക്കീലിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല!ഇനിയും ആരുടെയെല്ലാം തനിനിറം വെളിയില്‍ വരാനുണ്ടെന്ന് കാത്തിരുന്നു തന്നെ കാണാം.ഉടയുന്ന വിഗ്രഹങ്ങള്‍ക്ക് പകരം ഒന്നിന് ഒന്‍പതെന്ന തോതില്‍ വിഗ്രഹങ്ങള്‍ വീണ്ടും ജനിക്കുന്നതുകൊണ്ട് രാജ്യം ഭരിക്കാനാളില്ലാതെ വരുമെന്ന് ഭയക്കാനില്ല.ഏതായാലും നാണംകെട്ടവരെ തുറന്ന് കാട്ടാന്‍ കേരളകൗമുദി കാട്ടിയ ആര്‍ജ്ജവം അഭിനന്ദനാര്‍ഹം തന്നെ.

Saturday, 21 April 2012

കൂടംകുളം ചിന്തകള്‍

ഇടിന്തകരൈ പറയുന്നത് ...............
കൂടംകുളത്തെ ജനങ്ങളുടെ സഹന സമരത്തേയും അധികാരി വര്‍ഗ്ഗവും മാധ്യമങ്ങളും അതിനോട് വച്ചുപുലര്‍ത്തുന്ന അസഹിഷ്ണുതയെയും കുറിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള ആര്‍ജ്ജവം കാണിച്ച മാതൃഭൂമി വാരികയ്ക് നന്ദി(2012 ഏപ്രില്‍22).ജനകീയ സമരങ്ങളോട് ഏറെക്കാലമൊന്നും മുഖം തിരിച്ചു നില്ക്കാന്‍ ഒരു ഭരണകൂടത്തിനും കഴിഞ്ഞിട്ടുള്ളതായി ചരിത്രത്തിലില്ല.ഭരണവര്‍ഗ്ഗത്തിന്റെ ഏറാന്‍മൂളികളായും തന്‍കാര്യം നോക്കികളായുംപരാന്നഭോജികളായും സമരമുഖങ്ങളില്‍ ഒളിപാര്‍ത്തു നടക്കുന്നവരെ ചരിത്രം എങ്ങനെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും നമുക്കറിയാം.അവരെ അവരുടെ വിധിയ്ക് വിടാം.ആണവേതര ഊര്‍ജ്ജസ്രോതസ്സുകളെ കളിപ്പാട്ടങ്ങളെന്നു വിശേഷിപ്പിച്ച അതിബുദ്ധി കൈയാളിയിരുന്ന കപട മനുഷ്യത്വ വാദത്തിന്റെ പൊള്ളത്തരങ്ങളോടും നമുക്ക് ക്ഷമിക്കാം.വേണ്ടത് തിരിച്ചറിവാണ്.നമ്മെ എന്നതിനേക്കാള്‍, വരും തലമുറകളെ ഒന്നാകെ ബാധിക്കുന്ന ജീവല്‍പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുംപോള്‍, അവ പരിഹരിക്കുന്നതിന്റെ ഭാഗമായ പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടുംപോള്‍, അതിനെ നിസ്സാരവത്കരിക്കാനും പ്രസക്തി കെടുത്താനും ലക്ഷ്യം തെറ്റിക്കാനുമുള്ള സംഘടിത ശ്രമങ്ങള്‍ക്കെതിരേ നാം കരുതിയിരിക്കേണ്ടതുണ്ട്.ചരിത്രത്തില്‍നിന്നും പാഠങ്ങള്‍ പഠിക്കാതിരിക്കുന്നത് അനുഭവങ്ങളില്‍ നിന്നും പഠിക്കാതിരിക്കുന്നതിനുള്ള ന്യായീകരണമല്ല.അതിന് തയ്യാറാകാത്തവരെ ബോധവത്കരിക്കേണ്ട വലിയ ഉത്തരവാദിത്വം കൂടി ഇന്നത്തെ ജനകീയ സമരങ്ങള്‍ക്കുണ്ട്.ഇടിന്തകരൈയിലെ സമരം ലോകത്തിനു തന്നെ മാതൃകയാവട്ടെ.

Wednesday, 18 April 2012

മലയാളി സ്ത്രീയുടെ വ്യാജ ജീവിതം-ചില വസ്തുതകള്‍




                              മലയാളി സ്ത്രീയുടെ വ്യാജ ജീവിതത്തെക്കുറിച്ച് ഡോ.ഖദീജാമുംതാസിന്റെ ലേഖനമാണ് ഈ കുറിപ്പിന് ആധാരം( മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012ഏപ്രില്‍ 15).മലയാളി സ്ത്രീ വീട്ടിനുള്ളിലും സമൂഹമധ്യത്തിലും അനുഭവിക്കുന്ന തെളിഞ്ഞും മറഞ്ഞുമുള്ള ശാരീരികവും മാനസീകവുമായ പീഡനങ്ങളുടെ രേഖാചിത്രം വരഞ്ഞിടുന്നതില്‍ ലേഖിക വിജയിച്ചിട്ടുണ്ടെന്കിലും ശരിയായ കാരണങ്ങളെ തമസ്കരിക്കാനുള്ള ചില പരിശ്രമങ്ങളും ലേഖികയുടെ ഭാഗത്തുനിന്നും വന്നുപോയിട്ടുണ്ട്.സ്ത്രീപക്ഷ എഴുത്തുകാരുടെ പരംപരാഗതമായ ഈ സമരസപ്പെടല്‍ ഇപ്പോള്‍ അംഗീകൃത ദൗര്‍ബല്യമായും തീര്‍ന്നിട്ടുണ്ട്.
                                     കേരളീയസമൂഹം മൊത്തത്തിലും സ്തീകള്‍ പ്രത്യേകിച്ചും ഇന്നനുഭവിക്കുന്ന അരക്ഷിതത്വത്തിന്റെ സുപ്രധാന കാരണം മദ്യത്തിന്റെ അതിരുകടന്ന ഉപഭോഗവും ലൈംഗീക അരാജകത്വവും തന്നെ.ഇതു രണ്ടും കേരളീയ സമൂഹം സ്വയം വലിച്ച് തലയില്‍ കയറ്റിയതൊന്നുമല്ല.പരിധി വിട്ട ഉപഭോഗ സംസ്കൃതിയുടെ സ്വാഭാവീക ഉപോത്പന്നങ്ങളാണ് ഇവ രണ്ടും.അള്‍ട്രാമോഡേണാവാനുള്ള പരക്കം പാച്ചിലിനിടയില്‍, പണ്ടെന്നത്തേതുപോലെ വിദേശിയുടെ ഉച്ഛിഷ്ടത്തെപ്പോലുംആഹരിക്കാനുള്ള വെംപലില്‍,വികൃതമായ പാശ്ചാത്യ അനുകരണങ്ങളെപ്പോലും തൊണ്ട തൊടാതെ വിഴുങ്ങാനുള്ള ആവേശത്തള്ളിച്ചയില്‍ പറ്റിപ്പോയ അബദ്ധമാണിത്.ഇനിയിപ്പോള്‍ ഉടനെങ്ങും തിരുത്താനാകാത്തവിധത്തില്‍ ആ അബദ്ധം സമൂഹത്തെ ഒന്നാകെ ഗ്രസിച്ചുകഴിഞ്ഞു.മകള്‍ക്ക് അച്ഛനെ പേടിയാണ്.അമ്മയ്ക് മകനേയും പെങ്ങള്‍ക്ക് ആങ്ങളയേയുംപേടിക്കേണ്ടിയിരിക്കുന്നു.ഒറ്റവരിയില്‍ ആണ്‍ജാതിയില്‍ പെടുന്ന എന്തിനേയും പെണ്ണ് പേടിക്കണം.ആണുങ്ങളുടെ അതിക്രമത്തിന്റെ കണക്കെടുക്കുംപോള്‍ സ്ത്രീകളുടെ അപഥസഞ്ചാര കഥകള്‍ അഗണ്യങ്ങളെന്നുകണ്ട് വിട്ടുകളയാം.ആരെയാണ് സ്ത്രീ ആശ്രയിക്കേണ്ടത്?ആരാണ് അവള്‍ക്ക് അഭയം?വേണ്ട,അസുഖകരങ്ങളായ ചോദ്യങ്ങള്‍ നമുക്ക് ഒഴിവാക്കാം.ഉപരിപ്ളവവും നിരര്‍ത്ഥകങ്ങളുമായ വാക്കുകളില്‍ നമുക്ക് അഭിരമിക്കാം.അവയുടെ താള്രകമങ്ങളില്‍ അമര്‍ത്തിയ തേങ്ങലുകളെ മുക്കിക്കൊല്ലാം.അച്ഛനായും അമ്മാവനായും മകനായും പേരക്കുട്ടിയായും മരുമകനായും മദ്യം മണക്കുന്ന രാപ്പകലുകളിലൂടെ ശാന്തിയുടെ ഒടുവിലെ ചില്ലുപാത്രവും എറിഞ്ഞുടക്കാം.ഞാന്‍ ലജ്ജിക്കുന്നു,ആണായി പിറന്നതില്‍!