Friday 14 June 2013

മഴയിരമ്പം

വടക്കേപ്പുറത്ത് ഓല കെട്ടിയ ഒരു ചായ്പായിരുന്നു കുട്ടിക്കാലത്തെ വീട്ടിലുണ്ടായിരുന്നത്.തുലാവർഷവും ഇടവപ്പാതിയും പെയ്തൊഴിയുന്നത് ചായ്പിന്റെ ഇറമ്പിൽ നിന്നും വീണൊഴിയുന്ന മഴയുടെ ആരവങ്ങളിൽ നിന്നാണ് അറിഞ്ഞിരുന്നത്.മഴ അക്കാലത്ത് വലിയ ദൌർബല്യമായൊന്നും മാറിയിരുന്നില്ല. മറിച്ച് ഏകാന്തതയെ ഓമനിച്ചുകൊണ്ടുള്ള പറമ്പിലെ എന്റെ ഇടനടത്തങ്ങൾക്ക് അത് തടസ്സം സൃഷ്ടിച്ചിരുന്നത്  എന്നെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നുവെന്നുവേണം പറയേണ്ടത്.അറുപതുകളുടെ അന്ത്യത്തിലും എഴുപതുകളുടെ തുടക്കത്തിലുമായി ഞാൻ കൈമാറിയ എന്റെ നനഞ്ഞ ബാല്യത്തിന്റെ ഈ മഴ ഇന്നത്തെ തലമുറയ്ക്ക് ഊഹിയ്ക്കാവുന്നതിനും അപ്പുറത്താണ്.ആഴ്ചകളോളം നിർത്താതെ, ധാരമുറിയാതെ, ഇറമ്പിൽ നിന്നും തളരാതെ തോരാതെ മഴപെയ്തൊഴിയുന്നത് (അതോ പെയ്തു നിറയുന്നതോ)മുറിഞ്ഞ താളത്തിൽ,ഇടർച്ചയോടെ മാത്രം മഴ ചൊരിയുന്ന ഇന്നത്തെ കാലത്തിന് ഒരത്ഭുതം തന്നെയാകാം.അന്നൊക്കെ തപസ്സിരിക്കും, ആ ധാരയൊന്നു മുറിഞ്ഞുകാണാനായി കാത്തിരിക്കും.എന്നിട്ടുവേണം നനഞ്ഞ മഞ്ഞച്ച മഴവെയിലിൽ കാശിത്തുമ്പകളോട് കിന്നാരം പറയാനെത്തുന്ന വയൽത്തുമ്പികളോട് എനിക്കിത്തിരി സ്വകാര്യം പറയാൻ.നനഞ്ഞൊട്ടിയ ചിറകുകളുമായി കൂട്ടിൽ വിശന്നിരിക്കുന്ന ഇത്തിരികൾക്ക് അടുക്കളയുടെ പിന്നാമ്പുറത്തെ എച്ചിൽകുഴിയായി പരിണമിച്ച തെങ്ങിൻചുവട്ടിൽ തീറ്റ പരതുന്ന കാക്കകളോട് കാണാതെ പോയ എന്റെ നുണുങ്ങു പമ്പരത്തെപ്പറ്റി പരിഭവം പറയാൻ-അങ്ങനെ പലതുമുണ്ട് മഴ കാരണം മുടങ്ങിപ്പോയ ചെറിയ വലിയ സ്വകാര്യങ്ങൾ.പക്ഷേ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും
 പലപ്പോഴും നിരാശയാകും ഫലം.പിണങ്ങിപ്പോയ കണവൻ തിരിച്ചെത്തുമ്പോഴുള്ള ആനന്ദക്കണ്ണീരുമായി കാറു നിറഞ്ഞ മാനം പിന്നെയും നീർവീഴ്ത്തുകയായി.ആദ്യം നുനുനുനെ പിന്നെ കുനുകുനെ പിന്നെ ചറുപിറെ പിന്നെ ആവേഗമാർന്ന് പത്തിവിടുർത്തി സീൽക്കാരത്തോടെ ആഞ്ഞടുക്കുന്ന മഴനാഗിനിയായി.ഇറമ്പിൽ നിന്നും അലച്ചുമറിയുന്ന മഴവെള്ളം നോക്കിയിരുന്നാൽ സമയം പോകുന്നതറിയില്ല.ഒരായിരം പത്തികളുമായി കുതിച്ചുചാടി നിലത്തുവീണഴിയുന്ന നാഗിനികൾ. അവരുടെ വീണടിയാനുള്ള ആവേശം തീർക്കുന്ന മഴയിരമ്പം.എത്ര കേട്ടാലും മതിവരാത്ത ആ ഇരമ്പമാണ് മനസ്സിൽ കവിതയുടെ, സംഗീതത്തിന്റെ ആദിതാളമുതിർത്തത്.ഇറമ്പിലെ മഴവെള്ളച്ചാട്ടത്തിൽ ഞാൻ നിനവു കണ്ടറിയാത്ത നദികളില്ല.വല്ലിയും ഇല്ലിയും പാറക്കെട്ടും കുന്നും മേടും ചരിവും പാമ്പാടുംചോലകളും മഴക്കാടുകളും എല്ലാം പുരപ്പുറത്താണ്.ഹിമവൽ ശൃംഗങ്ങളും ഹിമാനികളുംകൈലാസവും മാനസസരസും അവിടത്തന്നെ.പുരപ്പുറത്ത് ഉത്ഭവിച്ച് നിറഞ്ഞ് ഒഴുകിപ്പരന്ന് ഒടുവിൽ ഇറമ്പിലൂടെ നിലത്തേക്ക് മറിയുമ്പോൾ എനിക്കത് ഗംഗയും യമുനയും അളകനന്ദയുമെല്ലാമായി.കണ്ണന്റെ മൃദുപാദപതമേറ്റ് വിവശനായ കാളിയൻ മദവിഷം തള്ളിയ കാളിന്ദിയായി, നിറഞ്ഞപെരിയാറും തുടുത്ത കാവേരിയുമായി.അങ്ങനെ എന്തെല്ലാമോ ആയിമാറിയിരുന്നു ഓരോ മഴക്കാലവും.തൊടി കഴിഞ്ഞാൽ പിന്നെ വെള്ളം നിറഞ്ഞ പാടങ്ങളാണ്.മഴതോർന്നാൽ അവിടെ ചിലരുടെ വിശേഷങ്ങളും ചോദിച്ചറിയാനുണ്ട്.ഉമ്മറത്തെ ചട്ടുകാലൻ തട്ടുപടിയുടെ മുകളിൽ ചരിഞ്ഞു കിടന്നാൽ പാടവും തപസ്സുചെയ്യുന്ന കൊറ്റികളേയും കാണാം.തോർന്ന മഴയ്ക്കിടയിലൂടെ പാറി നടക്കുമ്പോൾ വെളുത്തകൊറ്റികൾക്ക് ഒരു പ്രത്യേക സൌന്ദര്യമാണ്.തൊടിയിലേയ്ക്കിറങ്ങിനിന്ന് പോക്കണാം തവളകളുടെ വിശേഷങ്ങൾ ചോദിക്കാമെന്നുവച്ചാൽ ഇന്നലെ സന്ധ്യക്ക് പോംപോം വിളിച്ചവരിൽ ഇന്ന് പരിചയക്കാരെത്രയുണ്ടെന്നറിയില്ല.രാത്രി തോട്ടുവരമ്പത്തുകൂടി ഒത്തിരി പെട്രോമാക്സുകൾ നടന്നുപോകുന്നത് കണ്ടിരുന്നു.പിൻകാലുകൾ മുറിച്ചെടുത്ത മരിക്കാത്ത തവളകളുടെ തീരാ ശാപമാണ് പാടങ്ങളെല്ലാം വറ്റിച്ചതെന്ന് വിശ്വസിക്കാനാണ് ഇന്നും എനിക്കിഷ്ടം.

                ഇന്നും മഴ പെയ്തു നിറഞ്ഞ പാടങ്ങളെ,അതിലെ തുയിലുണർത്തുന്ന പോക്കണാം തവളകളെ,ഒറ്റക്കാലിൽ തപസ്സുചെയ്യുന്ന കൊറ്റികളെ,മഴപ്പൂക്കൾ നിറഞ്ഞ പാട വരമ്പുകളെ,പാറുന്ന തുമ്പിക്കൂട്ടങ്ങളെ,മഴമഞ്ഞു മൂടിയ മരത്തലപ്പുകളെ ഞാൻ സ്വപ്നം കാണുന്നു. അപ്പോഴെല്ലാം നമ്മുടെ കുഞ്ഞുങ്ങളെക്കുറിച്ച്, അവരുടെ നഷ്ടങ്ങളെക്കുറിച്ച് സങ്കടത്തോടെയോർക്കുന്നു..........

16 comments:

  1. ഓരോ നിമിഷങ്ങളും നമുക്ക് നഷ്ടങ്ങളാണ് അത് ആയുസ്സയാലും ഗൃഹാതുരത ഉണര്ത്തുന്ന ഓർമ്മകൾ ആയാലും.. കമ്പ്യൂട്ടറും മൊബൈൽ ഫോണും അധികം അലയാതെ ജോലിയും ഓക്കേ ആയീ ജീവിതം സുഗത സുന്ദരമാകുമ്പോൾ നഷ്റെപെടുന്നതിന്റെ ഓര്മപെടുത്തലുകൾ നന്നായി

    ReplyDelete
  2. ആദ്യ വായനയ്ക്കും സഹൃദയത്വത്തിനും നന്ദി.
    സസ്നേഹം
    രമേഷ്.

    ReplyDelete
  3. ഓര്‍മ്മകള്‍ കവിതപോലെ ഒഴുകിയിറങ്ങുന്നു

    ReplyDelete
  4. മനോഹരമായ ഒരു ഇരമ്പം..വാക്കുകളുടെ ഒഴുക്ക്

    ReplyDelete
  5. ഗതകാലസ്മരണകള്‍ ഉണര്‍ത്തുന്ന മനോഹരമായ കുറിപ്പ്.
    ആര്‍ത്തിരമ്പുന്ന മഴയില്‍ തിമിര്‍ത്താഘോഷിച്ചിരുന്ന ബാല്യകാലം.
    പുഴകള്‍,തോടുകള്‍,വിശാലമായി കിടക്കുന്ന പാടങ്ങള്‍. മഴവെള്ളം
    തടസ്സങ്ങളൊന്നുമില്ലാതെ സുഗമമായി ഒഴുകി പുഴയേയും,തോടിനേയും
    ആവേശപൂര്‍വ്വം ആലിംഗനം ചെയ്യുന്ന കാഴ്ചകള്‍.......

    ഇന്നോ? മഴ വീഴുമ്പോഴേക്കും പാടം വീടായി മാറിയ അഞ്ചുസെന്‍റുകളില്‍
    ചെളിവെള്ളപ്രളയം! ഈ വെള്ളം ഒഴുക്കിവിടുന്ന റോഡുകളാകെ ദുരിതമയം.കൊതുകുകള്‍ക്കും സമ്പന്നകാലം......
    വയലും,വരമ്പും,കൈത്തോടുകളും,മീന്‍പിടുത്തത്തിനുള്ള ഓട്ടങ്ങളും
    ഇന്നത്തെ കുട്ടികള്‍ക്ക് അന്യമാകുന്നല്ലോ മാഷെ.
    നല്ല ഓര്‍മ്മപ്പെടുത്തലായി.
    ആശംസകള്‍

    ReplyDelete
  6. സ്നേഹവും നന്ദിയും...

    ReplyDelete
  7. മഴ പെയ്തു നിറഞ്ഞ പാടങ്ങളെ,അതിലെ തുയിലുണർത്തുന്ന പോക്കണാം തവളകളെ,ഒറ്റക്കാലിൽ തപസ്സുചെയ്യുന്ന കൊറ്റികളെ,മഴപ്പൂക്കൾ നിറഞ്ഞ പാട വരമ്പുകളെ,പാറുന്ന തുമ്പിക്കൂട്ടങ്ങളെ,മഴമഞ്ഞു മൂടിയ മരത്തലപ്പുകളെ .......ചിന്തകള്‍ക്ക് പിന്നിലെക്കൊരു യാത്ര....നന്നായി .!

    ReplyDelete
  8. സന്തോഷം സലിം

    ReplyDelete
  9. മഴ കഴിഞ്ഞാൽ ഇലത്തുമ്പിലെ തുള്ളികളെ കണ്ണിലേക്കൊഴുക്കനും ഇറ്റിവീഴുന്ന വെള്ളത്തുള്ളിയെ കയ്യിൽ വീഴ്ത്തി തെറിപ്പിക്കാനും,.... ഹോ പഴയ കാലമെല്ല ഓർമ്മ വരുന്നു....

    ReplyDelete
    Replies
    1. എല്ലാം ഓർത്തെടുക്കാം.നന്ദി കലാവല്ലഭൻ

      Delete
  10. മഴപോലെ സുന്ദരമായ എഴുത്ത്.

    ReplyDelete
    Replies
    1. നന്ദി.ഇനിയും വന്നാലും.

      Delete
  11. മഴക്കഥ ഇഷ്ടമായി.

    ReplyDelete
  12. മുൻപ് വായിച്ചിരുന്നു , ഇഷ്ടത്തോടെ ഒരിക്കൽ കൂടെ വായിച്ചു പോകുന്നു . എന്താ രമേഷേട്ട ഇവിടെ ഒരു മൌനം .? ഒന്നും എഴുതാറില്ലേ ഇപ്പോൾ .? സ്നേഹം . <3

    ReplyDelete