ഈ വാക്ക്
ഇത് നിനക്കായി മാത്രം
ഉച്ചരിക്കപ്പെട്ടതാണ്
നീ
ഇതിൽ അമർത്തി ചുംബിച്ചീടുക.
അതെന്റെ ഹൃദയമാണ്
സമസ്ത ലോകങ്ങളിലേയും
കമിതാക്കളുടെ
സ്നേഹനീലിമ
ഞാനതിൽ കരുതിയിട്ടുണ്ട്
ആകാശത്തിലെ
ബഹുല വർണ്ണങ്ങളും
പ്രകൃതിയിലെ
അനന്ത വൈചിത്ര്യങ്ങളും
നാദലോകത്തെ
മുഴുവ൯ രാഗതാള ഭാവങ്ങളും
അതിൽ ഇഴചേർത്തിട്ടുണ്ട്
നീ
അതിനെ
മെല്ലെ
വിരൽത്തുമ്പാൽ
സ്പർശിക്കുക
സ്നേഹസാന്ത്വനത്താൽ
മൂടുക.
ആയിരം പീലി വിടുർത്തി
അത് നിന്റെ മുന്നിൽ നൃത്തമാടും
അതിൽ
എന്റെ
ജീവനുണ്ട്
നോക്കുക
അതിന്
സപ്തസമുദ്രങ്ങളുടേയും
മുഴക്കമുണ്ട്
നിന്റെ
കണ്ണിന്റെ ആഴങ്ങളിൽനിന്ന്
ഞാ൯ കറന്നെടുത്ത
വശ്യ ചാരുതയുണ്ട്
ഉറങ്ങാത്ത
ആയിരം രാവുകളുടെ
അശാന്തിയും
നിറച്ച
മധുചഷകത്തിന്റെ
വിതുമ്പലും
അതിലുണ്ട്
ഒരു നിശ്വാസം കൊണ്ട്
നീ
അതിനെ
ഉണർത്തുക
നിനക്കായി മാത്രം
അത്
തുടിച്ചുകൊണ്ടേയിരിക്കും.