ഒരു ചുവന്ന തെച്ചിപ്പഴം
അടരുംപോലെ
നീ മണ്ണിലേയ്ക്ക് ചൊരിഞ്ഞ്
വീഴുകയായിരുന്നു
വിദ്വേഷവിരൽതൊട്ടുപൊള്ളിച്ച
നിന്റെ കവിൾത്തടം
വല്ലാതെ കരുവാളിച്ചിരുന്നു
മുഖം മൂടിക്കെട്ടിയ കുടിലകാമനകൾ
ആർക്കോ വേണ്ടി തുളഞ്ഞു വീഴ്ത്തിയ
മണ്ണിന്റെആശകൾ
ഉറങ്ങിയോ?
കുഞ്ഞുറക്കത്തിൽ
നീ പുഞ്ചിരിച്ചതുകണ്ട്
പണ്ട് മുത്തശ്ശി
തിരുത്തി
കനവുകാട്ടിക്കൊതിപ്പിക്കുന്നത്
ചിറകുവച്ച മാലാഖക്കുട്ടികളാണെന്ന്
ഇന്ന് നീ ഉണർന്നിരിക്കാൻ
ആയിരമായിരം മാലാഖക്കുഞ്ഞുങ്ങൾ
സർവ്വലോകങ്ങളിലുമിരുന്ന് നോവുന്നത്
നീയറിയുന്നില്ലേ?
ഓർക്കുന്നു
കളിക്കിടയിൽ
കരിമുള്ളുകൊണ്ട് തുടുത്തപാദം
മടിയിലേക്ക് നീട്ടി
നീ തുളുമ്പിയത്
അറിയാതെ നിന്റെ വിരൽത്തുമ്പുകൊണ്ട്
എന്റെ കണ്ണുചുവന്നത്
വിതുമ്പലോടെ നീ നോക്കിനിന്നത്
ആരുടെ വേദനയും നിന്റേതായി
ഏകാന്തതയിൽ വരണ്ട പാടങ്ങളെ നോക്കി
നീ മിഴിനീരണിഞ്ഞതും
മൂന്നുവീടിന്നപ്പുറത്ത്
കരളുന്ന വിശപ്പിന്റെ
കാളലിൽ
അറിയാതുണരുന്ന തേങ്ങലുകൾക്ക്
നീ കാതോർത്തിരുന്നതും
ഞാനറിഞ്ഞു
നിന്റെ നിനവുകളെ തീപ്പിടിപ്പിച്ച
കണ്ണീർച്ചിത്രങ്ങൾ
ചായംകൂട്ടിയ കവിതകളായി
പുനർജ്ജനിച്ചില്ല
അടിച്ചമർത്തപ്പെടുന്നവന്റെ
ശ്വാസംകെട്ടിയ നോവുകൾക്ക്
അത് സ്വയം ഭാഷയായി
നിന്റെ കുറിമാനങ്ങൾക്ക്
ചിറകുമുളച്ചു
പറന്നുയർന്നത്
പുതിയകാലത്തിന്റെ
തിരയാമാനങ്ങളിലേക്ക്
നിന്റെവാക്കുകൾ
കടന്നൽ ക്കുത്തുകൾ പോലെ
ചിലരെ നീറ്റിയെങ്കിൽ
അവർ അവകാശങ്ങളെ
മറിച്ചെഴുതുകയും
സ്വാതന്ത്ര്യത്തെ
അടിച്ചിറക്കുകയുമായിരുന്നു
വെറുപ്പിന്റെ തീപ്പന്തങ്ങൾ മാത്രം
നിന്റെനേർക്ക് ചുഴറ്റിയെറിഞ്ഞവർ
പിശാചിന്റെ
ചുടലക്കഞ്ഞികുടിച്ചവർ
കത്തിപ്പടരുന്ന രോഷാഗ്നിയിൽ
അവരുടെ
അന്തമില്ലാത്ത അസഹിഷ്ണുത
സ്നേഹവറുതികളിലൊടുങ്ങട്ടെ
കാഞ്ചികളിൽ മാത്രം ക്ഷീണം തീർക്കുന്ന
അവരുടെ കുടുന്ന വിരലുകൾ കണ്ട്
സ്വന്തം കുഞ്ഞുങ്ങൾ
ഭയന്ന് ഓടിയൊളിക്കട്ടെ
മതവിഷം തീണ്ടിയ മുഖങ്ങളും
ഉച്ഛ്വാസങ്ങളിലെ ഒടുങ്ങാത്ത
മരണഗന്ധവും സഹിക്കാനാകാതെ
അവരുടെ കാമിനിമാർ
വെറുപ്പിന്റെമരുക്കാടുകളിലേക്ക്
എന്നേയ്ക്കുമായി പലായനം ചെയ്യട്ടെ
മൂർഖജന്മങ്ങൾക്ക് പിറവിയേകിയതിന്റെ
പശ്ചാത്താപത്തിൽ മനംനൊന്ത്
അവരുടെ പെറ്റമ്മമാർ
മലംചരിവുകളിൽ
കഴുകനെറിഞ്ഞുകൊടുത്ത ശരീരവുമായി
മരണം കാത്തുകിടക്കട്ടെ
ഇപ്പോൾ
നിന്നെയോർത്ത്
വേദനയില്ല
നൂറുജന്മങ്ങളുടെ പുണ്യസഞ്ചയം
ഉരുവാർന്നത്തിയ
അഭിമാനം
നീ
എവിടേയും
ഏതച്ഛനും
പിറക്കാതെ പോയ
മകൾ.
പ്രിയപ്പെട്ട മാഷെ,
ReplyDeleteഅഭിനന്ദനങ്ങള്‍ അഭിനന്ദനങ്ങള്‍ . വരികള്‍ ഏറെ നന്നായി. മലാല തിരിച്ചുവരുന്നു എന്നറിഞ്ഞു സന്തോഷിക്കുന്നു. ശുഭാകരമായ വാര്‍ത്തകള്‍ ആണ് വരുന്നത്. ആ പോന്നനിയത്തിയെ ഓര്‍ത്തു ഞാനും അഭിമാനിക്കുന്നു.
സ്നേഹത്തോടെ,
ഗിരീഷ്
മനുഷ്യസ്നേഹത്തിനുമാത്രമേ തിന്മയെ അകറ്റാനാവൂ എന്ന് അന്ധമായെങ്കിലും ഞാൻ വിശ്വസിക്കുന്നു.വരവിനും വിലയേറിയ അഭിപ്രായത്തിനും നന്ദി.
Deleteമനസ്സില്‍ തട്ടുന്ന വരികള്‍ !വംശ വെറികളുടെ,അധിനിവേശത്തിന്റെ,അസഹിഷ്ണുതയുടെ ചെകുത്താന്മാര്‍ക്കു മുമ്പില്‍ ഇരകളുടെ,നിരപരാധാരുടെ രോദനങ്ങള്‍ വനരോദനങ്ങള്‍ ആവാത്ത ഒരു കാലം വരാതിരിക്കുമോ?
ReplyDeleteതീർച്ചയായും നന്മ വിലമതിക്കപ്പെടും.അങ്ങയുടെ അഭിപ്രായത്തിന് നന്ദി.
Deleteഒരായിരം മലാലമാര്‍ നിലവിളിക്കുന്നു
ReplyDeleteഭാഗ്യം ചെയ്തവര്‍ മാത്രം ഘോഷിക്കപ്പെടുന്നു
ബാക്കിയെല്ലാവരും ആരാലും അറിയപ്പെടാതെ മണ്ണിലലിഞ്ഞുപോയി
നല്ല കവിത
ആശംസകള്‍
ഇതൊരുപക്ഷേ കാലത്തിന്റെ ഇടപെടലാകാം.എല്ലാ നിലവിളികളും കാറ്റിലൊലിച്ചുപോയാൽ തിന്മയുടെ ഇരമ്പൽ മാത്രം അവശേഷിച്ചാൽ പ്രപഞ്ചത്തിൽ പിന്നെ ഒന്നും ബാക്കിയാകാനിടയില്ല.അങ്ങയുടെ അവധിക്കാലം നന്നായി കഴിച്ചുകൂട്ടിയെന്ന് കരുതുന്നു.വരവിനും അഭിപ്രായത്തിനും ഏറെ നന്ദി.
Deleteകവിത നന്നായി, കവി പാടിയപോലെ അന്തമില്ലാത്ത അസഹിഷ്ണുത
ReplyDeleteസ്നേഹവറുതികളിലൊടുങ്ങട്ടെ! ആശംസകള്‍!..!
പ്രിയ വിനോദ്,താങ്കളുടെ ബ്ളോഗ് പുതുമകളോടെ അവതരിച്ചിരിക്കുന്നത് കണ്ടു.നന്നായി.ഇടയ്ക്ക് ചിലത് സ്ക്രിപ്റ്റിന്റെ തകരാറു കാരണം വായിക്കാൻ കഴിഞ്ഞിരുന്നില്ല.കവിത(?)കൃത്യമായി വിലയിരുത്തപ്പെട്ടതിലുള്ള കടപ്പാട് അറിയിക്കുന്നു.
Deleteഎന്തോരു ധൈര്യമാണ് ആ കുട്ടിക്ക് ഇത്ര ചെറുപ്പത്തിലെ സ്വന്തം സമൂഹത്തിന് നന്മചെയ്യാന്‍
ReplyDeleteതോന്നിയ ആ മാലാഖ കുട്ടിക്ക് വേണ്ടി ഒരായിരം കവിതകള്‍ എഴുതുന്നതിലും തെറ്റില്ല.കവിത അതിമനോഹരമായിരിക്കുന്നു.പ്രാര്‍ഥിക്കാം മലാലയുടെ തിരിച്ചു വരവിനായി
മോളെ,നിങ്ങളെപ്പോലുള്ള കുട്ടികൾക്ക് ഒരു ചൂണ്ടുപലക മാത്രമാണ് ഞാൻ.പ്രതികരിക്കുന്ന ഒരു തലമുറ ഇനിയും ഇവിടെ ആവശ്യമുണ്ട്.വിഷയങ്ങൾ നന്നായി പഠിക്കുക,എഴുതുക അതുതന്നെ കർമ്മം.വരവിനും അഭിപ്രായത്തിനും കടപ്പാട്.നന്മ വരട്ടെ.
ReplyDeleteഇപ്പോൾ
ReplyDeleteനിന്നെയോർത്ത്
വേദനയില്ല
നൂറുജന്മങ്ങളുടെ പുണ്യസഞ്ചയം
ഉരുവാർന്നത്തിയ
അഭിമാനം
നീ
എവിടേയും
ഏതച്ഛനും
പിറക്കാതെ പോയ
മകൾ.
ഹൃദ്യമായ വരികള്‍... മലാലയെ പോലുള്ളവരെയോര്‍ത്തു നമുക്കും അഭിമാനിയ്ക്കാം... പ്രാര്‍ഥിക്കാം ആ മടങ്ങി വരവിനായ്...ആശംസകള്‍ രമേഷേട്ടാ...
വരവിനും അഭിപ്രായത്തിനും നന്ദി.സുഖമായിരിക്കുക.നല്ലതുവരും.
ReplyDeleteഭീരുക്കളുടെ പേടിസ്വപ്നം
ReplyDeleteവരവിന് നന്ദി.
Deleteഇനിയും ലോകത്ത് ഒരായിരം മലാലമാര്‍ ഉണ്ടാവട്ടെ......
ReplyDeleteഒറു പക്ഷെ അവരിലൂടെ ആയിരിക്കും ഒരു ജനതയുടെ ഉയിര്‍ത്തിയെഴുനേല്‍പ്.
ഇവിടെ നമുക്ക് അതിനായി പ്രാര്‍ത്ഥിക്കാം....
നന്ദി.
Deleteനന്നായിട്ടുണ്ട് ........... ബ്ലോഗില്‍ പുതിയ പോസ്റ്റ്...... അയാളും ഞാനും തമ്മില്‍ ...... വായിക്കണേ.......
ReplyDeleteനന്ദി.അഭിപ്രായമറിയിക്കാം.
Deleteനല്ല വരികള്‍ . ഹ്യദയത്തില്‍ സ്പര്‍ശിച്ചു . ആശംസകള്‍
ReplyDeleteനന്ദി പ്രവാഹിനി.സുഖമായിരിക്കൂ.
ReplyDeleteശരി ചേട്ടാPRAVAAHINY . @
Deleteഐക്യപ്പെടുന്നു.
ReplyDeleteനൂറുജന്മങ്ങളുടെ പുണ്യസഞ്ചയം
ReplyDeleteഉരുവാർന്നത്തിയ
അഭിമാനം
നീ
എവിടേയും
ഏതച്ഛനും
പിറക്കാതെ പോയ
മകൾ....മനോഹരം..... നല്ല കവിത. ഹൃദയ സ്പര്‍ശിയായ ശൈലി. ആശംസകള്‍.
അഭിപ്രായത്തിലുള്ള സന്തോഷം അറിയിക്കട്ടെ.ആരെങ്കിലുമൊക്കെ കണ്ടെടുക്കുമ്പോഴാണ് കവിത സഫലമാകുന്നത്.
ReplyDelete