Saturday, 6 October 2012

കുറിഞ്ഞിപ്പൂച്ച


കുറിഞ്ഞിപ്പൂച്ച

അകത്തെ മുറിയിൽ അപ്പൂപ്പനും കൊച്ചുമകനും തമ്മിലുള്ള കൊച്ചുവർത്തമാനം നടക്കുന്നത് ഒന്നുശ്രദ്ധിച്ചു.പഴയ ഒരു ചിംകമാണ് ഈ അപ്പൂപ്പ൯.ഭാര്യയേയും മക്കളേയും മാത്രമല്ല ഒരുവിധപ്പെട്ട ബന്ധുക്കളേയും ചുറ്റുപാടുമുള്ളവരേയും ശാസനയുടെ ചക്രത്തിലിട്ടുകറക്കി വിറപ്പിച്ചിരുന്ന കിടില൯ ശിംകം.തരവും തഞ്ചവും നോക്കിവേണം ഇന്നും മക്കൾ അടുക്കാ൯.പക്ഷേ കൊച്ചുമകന്റെ കാര്യം വന്നപ്പോൾ ചക്രം തിരിഞ്ഞുകറങ്ങുകയാണ്.ആന കളിക്കാ൯ പോയിട്ട് ആനയെ കാണിക്കാ൯ പോലും കൂടിയിട്ടില്ലാത്ത ഇദ്ദേഹം മദപ്പാടൊന്നുമില്ലാതെ ഒരു കൊച്ചാനക്കാരനെ ചുമന്നു നടക്കുന്നതുകാണുമ്പോൾ ആർക്കും ചിരിപൊട്ടും.ചുമ്മാ ചുമന്നുനടന്നതുകൊണ്ടൊന്നും ഈ ആനക്കാരന് തൃപ്തിയാകില്ല.ആനയെ ചട്ടം പഠിപ്പിച്ചേ തീരൂ എന്ന വാശിയിലാണയാൾ.ഇടത്താനേ വലത്താനേ എന്നിങ്ങനെയുള്ള ആജ്ഞകൾ അനുസരിക്കുകയും തെറ്റിനടക്കുന്നതിന് ആനക്കാരന്റെ വക അടി,കുത്ത്,തൊഴി എന്നിവ മിണ്ടാതെ സഹിക്കുകയും വേണം.പോരേ പൂരം?ഏറ്റവും വലിയ അത്ഭുതം ഒരാവലാതിയുമില്ലാതെ ആനച്ചിങ്കം ഇതെല്ലാം സഹിച്ച് അനുസരണയോടെ ആനക്കാരനെ ചുമന്നുനടക്കുന്നതിലാണ്.പണ്ടെങ്ങാനുമായിരിക്കണം ഇതുവല്ലതും നടക്കുന്നത്!നാടും നാട്ടാരുംഅറിയും വിശേഷം.ഇപ്പോഴോ?ഇതാണ് പറയുന്നത് അവനവ൯ ചെയ്യുന്നതിന്റെ ഫലം അനുഭവിച്ചേ പോകൂ എന്ന്.പണ്ടൊക്കെയായിരുന്നു കർമ്മഫലം പിന്നീടെന്ന പ്രമാണം. അറിഞ്ഞില്ലേ,ഇന്ന് സ്ഥിതി മാറി.എല്ലാംകൈയോടെത്തന്നെ കിട്ടും.അതിന്റെ ജീവിക്കുന്ന ഉദാഹരണമല്ലേ ഇദ്ദേഹമെന്ന് ചിലപ്പോഴെങ്കിലും ചിന്തിച്ചുപോയിട്ടുണ്ട്.
                          ഇവരുടെ സംഭാഷണത്തിലെ ഏറ്റവുംവലിയ തമാശ പരസ്പരം സംബോധനചെയ്യുന്നതിലാണ്.അപ്പൂപ്പ൯ ആടുപൂട ന്യായത്തിൽ ചെറുമോനെ സഗൗരവം വിളിക്കും ഇവിടെവാടാ എന്ന്.ഉട൯ കേൾക്കാം മറുപടിനീ ഇവിടെ വാടാ എന്ന്.കേൾവിക്കാർ ഇതെന്തുമറിമായം എന്ന് അമ്പരന്നിരിക്കുമ്പോൾ അപ്പൂപ്പന്റെ അടുത്ത ആജ്ഞ പുറപ്പെടുകയായി നിന്നോടാണ് പറഞ്ഞത് ഇവിടെ വരാനെന്ന്.ഉട൯ വന്നു മറുപടി എടാ നിന്നോടാണ് ഇവിടെ വരാ൯ പറഞ്ഞത്’.’അടിവാങ്ങും എന്റെ കയ്യിൽ നിന്നും എന്ന് അപ്പൂപ്പന്റെ ഭീഷണി.നീ എന്റെ കയ്യിൽ നിന്നും വാങ്ങുമെന്ന് മറുപടി ഭീഷണി.ഇതിങ്ങനെ കുറേ നേരം തുടരുമ്പോൾ ചെറുക്കന് അടി നമ്മളുറപ്പാക്കും.അതാണല്ലോ നമുക്കു പരിചയമുള്ള വഴക്കം.പഴയകാലത്ത് വിളിച്ചിട്ട് പോകാ൯ ആരു കാത്തുനില്ക്കുന്നു!നമ്മൾ അല്ലെങ്കിലേ റെഡിയല്ലേ.പീച്ഛേ മൂഡ് പറഞ്ഞാലേ നമ്മൾ തിരികെ മാർച്ച് ചെയ്യൂ.അതിനിടയിൽ നമ്മൾ എന്തുംപ്രതീക്ഷിക്കും.നമ്മുടെ കയ്യിലിരിപ്പിന്റെ ഒരു വിശേഷം കൊണ്ട് എന്തും പ്രതീക്ഷിക്കുകയും വേണം!ഇവിടെയിപ്പോൾ സംഗതി അതുവല്ലതുമാണോ.ചെറുക്ക൯ അപ്പൂപ്പനെയിട്ടങ്ങ് പഠിക്കുകയല്ലേ.ഏതായാലും കുറേ നേരത്തെ വാക്പയറ്റിനുശേഷം അപ്പൂപ്പ൯ അടവൊന്നു മാറ്റിപ്പിടിച്ചു.ടേയ് നീ വന്നു വന്ന് ഒരു വക പറഞ്ഞാൽ അനുസരിക്കാതായിരിക്കുന്നു.ഉടനേ വരുന്നു മറുപടി എടാ അപ്പൂപ്പാ,നീ വര വര വഷളായി വരെയാണ്.ശുദ്ധ നാടനിൽ കൊച്ചുമകന്റെ പൂഴിക്കടക൯.ദേ അപ്പൂപ്പ൯ ഫ്ളാറ്റ്.ആ മുഖമൊന്നു പോയിക്കണ്ടാലോ എന്നൊരു പൂതി തോന്നിയെങ്കിലും സടകൊഴി‍ഞ്ഞാലും സിംഹം സിംഹം തന്നെയെന്ന് മനസ്സ് വിലക്കി.കിട്ടട്ടെ,കണക്കിന് കിട്ടട്ടെ എന്ന് രഹസ്യമായി സന്തോഷിച്ചുകൊണ്ട് ഞാ൯ വീണ്ടും ആ സമശീർഷക്ക് കാതുകൊടുത്തു.
                       ഇതെന്റെ വീടാണ്.പറഞ്ഞാൽ അനുസരിക്കാത്തവരൊന്നും എന്റെ വീട്ടിൽ താമസിക്കരുത്.നീ നിന്റെ അമ്മയേയും അച്ഛനേയും വിളിച്ചുകൊണ്ട് സ്ഥലം വിട്ടോളണം അപ്പൂപ്പ൯ കുറച്ചുറക്കെത്തന്നെ പറഞ്ഞു.അത് പരോക്ഷമായി എനിക്ക് വച്ച വെടിയല്ലേ എന്ന് ന്യായമായും സംശയിച്ചെങ്കിലും അങ്ങനൊന്നുമില്ലെന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം.ഒരുകൈകൊണ്ടുള്ള എന്റെ തുഴച്ചിലിൽ വീട്ടുവള്ളം മുങ്ങാതെ കൊണ്ടുപോകുന്നത് അപ്പൂപ്പന്റെ മോശമല്ലാത്ത പെ൯ഷ൯ കാശാണ്.ഈ പേരിൽ ചില്ലറ മുറുമുറുപ്പ് അവിടന്നും ഇവിടുന്നുമൊക്കെ ഉയരുന്നതും തല്ക്കാലം കണ്ടില്ല കേട്ടില്ലെന്നു വയ്ക്കാനേ കഴിയൂ.ഏതായാലും ക്ഷമിക്കുന്നതാണ് ബുദ്ധി.അതിനിടയിൽ കൊച്ചുമകന്റെ മറുപടിയും വന്നുനീ സ്ഥലംവിട്ടാൽ മതി.
ചെറുക്ക൯ കുഴച്ചിലാക്കുമോ എന്ന് ആശങ്കപ്പെട്ടിരിക്കുമ്പോൾ അപ്പൂപ്പ൯ വളരെ ശാന്തനായി ചോദിച്ചു ഞാനെന്തിനു പോകണം,ഇതെന്റെ വീടല്ലേ?നീയാണ് പോകേണ്ടത്.നിനക്കിവിടെ ഒരധികാരവുമില്ല അവകാശവുമില്ല.
അതിലും ശാന്തനായി കൊച്ചുമക൯ ചോദിച്ചു നീ അപ്പൂപ്പാ എന്നുമുതലാണ് ഈ വീടുകാണുന്നത്,പറയ്
അത് ഞാനല്ലേ ഈ വീട് വച്ചത്.അന്നുമുതൽ കാണുന്നു.
ഉട൯ വന്നു ഉത്തരം അപ്പോൾ ജനിച്ചതു മുതൽ കാണുന്നില്ലല്ലോ.മണ്ടാ,ഞാനിതു ജനിച്ചതു മുതൽ കാണുന്നതാണ്.അപ്പോൾ എന്റേതാണ് ഈവീട്.നീ ഉട൯ സ്ഥലം വിട്ടോണം.
നല്ല ന്യായം. എനിക്ക് ഉള്ളിൽ വല്ലാത്ത ചിരി പൊട്ടി.അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച ഇടപാടുതന്നെ.പക്ഷേ അപ്പൂപ്പ൯ ഒന്നും മിണ്ടുന്നത് കേട്ടില്ല.തരിച്ചിരിക്കുകയാവും.കാടുകുലുക്കി നടന്നകാലത്തൊന്നും ഇങ്ങനെയൊരു കുയുക്തി ആ പാവം കേട്ടിട്ടുകൂടി ഉണ്ടാകില്ല.
കൊച്ചുമകന്റെ ശബ്ദം തുടർന്നുകേട്ടു എടാ അപ്പൂ
ഇത് സ്നേഹം കൂടിയ വിളിയാണ്
എന്താ അപ്പൂപ്പ൯
വികൃതി കാണിക്കാതെ, വിരട്ടാതെ അവിടെവിടെയെങ്കിലും മിണ്ടാതിരുന്നാൽ നീ എങ്ങും പോകണ്ട നമുക്ക് കളിക്കാം.സമ്മതിച്ചോ?
അപ്പൂപ്പനു മിണ്ടാട്ടമില്ല.മക്കൾ മുന്നിൽ പേടിച്ച് മൂത്രമൊഴിച്ചുനിന്നിരുന്ന ആ പഴയ കാലം ഓർത്തതായിരിക്കാം.
പിന്നേ ഒരു കാര്യം കൂടി കൊച്ചുമക൯ തുടർന്നു.
ങ്ഹാ എന്താദ്’? അപ്പൂപ്പ൯ ഉറക്കത്തിൽ നിന്നെന്നപോലെ ചോദിച്ചു
നീ കഴിഞ്ഞ ജന്മം ഒരു കാണ്ടാമൃഗമായിരുന്നു.
എനിക്കതിൽ ഒട്ടും സംശയമേ ഉണ്ടായിരുന്നില്ല.
അപ്പൂപ്പന്റെ വിളറിയ മുഖം ഞാ൯ ഭാവനയിൽ കണ്ടു രസിച്ചു.പണ്ടെങ്ങോ കരുതിവച്ചിരുന്ന ഒരു പ്രതികാരം നിറവേറിയ സംതൃപ്തിയോടെ.
അതെങ്ങനെ നിനക്കുമനസ്സിലായെടേ?പ്രതീക്ഷിച്ച നീരസമോ ചമ്മലോ ഒന്നുമില്ലാത്ത സരസ൯ ചോദ്യം.
അതിനി പ്രത്യേകിച്ച് പറയണോ,മുഖം കണ്ടാലറിഞ്ഞുകൂടേ എന്ന് മറുചോദ്യം
ഞാനാകെ സ്തബ്ധനായി.അപ്പൂപ്പ൯ വഷളാക്കിയ ഈ ചെറുക്കന് രണ്ടടിയുടെ കുറവുണ്ടെന്ന് ഉള്ളിൽ തീരുമാനിക്കുകയും ചെയ്തു.
അപ്പോൾ കഴിഞ്ഞ ജന്മം നീയോ?അപ്പൂപ്പന്റെ ചോദ്യം ന്യായം തന്നെ.
അയ്യേ,അത്രയ്ക്കറിഞ്ഞുകൂടാ? ഞാനൊരു കൊച്ചുകുറിഞ്ഞിപ്പൂച്ചയായിരുന്നു...........മ്യാവൂ  മ്യാവൂ
അപ്പൂപ്പനും കൊച്ചുമകനും ഒരുകൂട്ടച്ചിരിയിൽ ഒന്നായപ്പോൾ ഒളിക്കാനിടംതേടി മറ്റൊരു കുഞ്ഞിപ്പൂച്ച എന്റെ ഉള്ളിലും കുറുകി മ്യാവൂ......



18 comments:

  1. പ്രിയപ്പെട്ട മാഷെ,

    വളരെ മനോഹരമായി സരസമയി എഴുതി. വായിക്കാന്‍ നല്ല രസമുണ്ട്. പിന്നെ വളരെഏറെ സ്നേഹം ലഭിക്കുന്ന ഇപ്പോഴത്തെ കുഞ്ഞുങ്ങള്‍ ഇങ്ങനെയാണ്. എങ്കിലും ഓമനത്തം നിറഞ്ഞ ആ മുഖം മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ആനന്തം നിറയ്ക്കും.

    അവധിദിനം ശുഭമാകട്ടെ . ആശംസകള്‍

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  2. വളരെ സുന്ദരമായി കഥ പറഞ്ഞു
    ആശംസകള്‍

    ReplyDelete
  3. ഇത്ര നല്ല ഒരന്തരീക്ഷം ഉള്ള വീടുകള്‍ ഇപ്പോള്‍ എത്രയെണ്ണം കാണും! നല്ല തനിമയോടെ അവതരിപ്പിച്ചു.

    ReplyDelete
  4. കുഞ്ഞുമക്കളുമായി വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന അപ്പൂപ്പന്മാര്‍ക്കുണ്ടാകുന്ന
    രസകരവും,നിഷ്കളങ്കവുമായ അനുഭവം ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ഇഷ്ടപ്പെട്ടു മാഷെ.
    ആശംസകള്‍

    ReplyDelete
  5. ഗിരീഷ്,ഗോപന്‍,വിനോദ്,സിവി സര്‍ എല്ലാപേര്‍ക്കും സ്നേഹം നിറഞ്ഞ നന്ദി.
    രമേഷ്.

    ReplyDelete
  6. രസകരമായ എഴുത്ത്. ആശംസകള്‍

    ReplyDelete
  7. എനിക്ക് ഈ പോസ്റ്റ്‌ വളരെ ഇഷ്ടപ്പെട്ടു രമേശ്‌ ജി ...അപ്പൂപ്പനും കൊച്ചുമകനും കൂടി നന്നായി രംഗത്ത്‌ ആടി. ആശംസകള്‍

    ReplyDelete
  8. ഭാനുകളരിക്കല്‍ ,കണക്കൂര്‍ജി വലിയ സന്തോഷം അഭിപ്രായങ്ങളില്‍

    ReplyDelete
  9. വായിക്കാൻ നല്ല രസമുണ്ടായിരുന്നു. പക്ഷേ പിള്ളേരെ കൊറച്ചൂടെ ബഹുമാനം കാട്ടാൻ പഠിപ്പിക്കേണ്ടതുണ്ടോ എന്ന് ഒരു സംശയം

    ReplyDelete
  10. ശരി തന്നെ സുമേഷ്.വരവിന് നന്ദി.

    ReplyDelete
  11. ഈ കൊച്ചുമോന്റെ ഒരു കാര്യം.... സാരമില്ല. കുറച്ചു കഴിയുമ്പോൾ സ്റ്റൈൽ മാറും. അവരിപ്പോൾ രസിക്കട്ടെ.

    ReplyDelete
    Replies
    1. ശരി,അങ്ങനെയാവട്ടെ.നന്ദി.

      Delete
  12. കൊള്ളാലോ കൊച്ചുമോന്‍.നല്ല വിവരണം രമേശേട്ട

    ReplyDelete
  13. കൊള്ളാലോ കൊച്ചുമോന്‍.നല്ല വിവരണം രമേശേട്ട

    ReplyDelete
    Replies
    1. നന്ദി.സുഖമായിരിക്കുക.

      Delete
  14. എഴുത്ത് നന്നായിരിക്കുന്നു.
    സാഹിത്യപഞ്ചാന൯മാരെ തട്ടി വഴിനടക്കാ൯ പറ്റാണ്ടായി തുടങ്ങിയിട്ടുണ്ട്
    വ്യത്യസ്തമായി നിങ്ങളുടെ എഴുത്തില് ഒരു സത്യസന്ധത നിറഞ്ഞുനില്ക്കുന്നു.

    ReplyDelete
  15. ജയകുമാർ,വളരെ സന്തോഷമുണ്ട് വന്നതിൽ.

    ReplyDelete
  16. അപ്പൂപ്പനും കുഞ്ഞുമകനും ചിത്രം പോലെ മനസ്സില്‍ നിറഞ്ഞു. നല്ല എഴുത്തിനു അഭിനന്ദനങ്ങള്‍

    ReplyDelete