Saturday 4 August 2012

വൈകിയോടുന്ന തീവണ്ടികള്‍ക്ക് ഒരു സമയം തെറ്റിയ മുന്നറിയിപ്പ്


തീവണ്ടികൾ വൈകുന്നത്
പലതരത്തിലാണ്
ചിലത്
പുറപ്പെടാ൯ വൈകുമ്പോൾ
മറ്റുചിലത്
വരാനാണ് വൈകുന്നത്
പുറപ്പെടാനും വരാനും
വൈകുന്നവരാണ്
കുറുമ്പന്മാരിലേറെയും.
വെളുത്ത സ്റ്റേഷന്‍മാസ്റ്ററുടെ
അതിക്രമിച്ച സമയത്തെക്കുറിച്ചുള്ള
നിറംപിടിപ്പിച്ച നുണകൾ കേട്ട്
കുട്ടികള്‍പോലും
അതിശയോക്തിയുടെ
ലക്ഷണം മന:പാഠമാക്കുന്നു.
ഒരു കാര്യം മാത്രമാണ്
തല്ലുകൊണ്ട് വലഞ്ഞ
സ്റ്റേഷന്‍മണി ഉറപ്പിക്കുന്നത്
വരവായാലും പോക്കായാലും
സ്വപ്നത്തില്‍പ്പോലും
അത് നേരത്തേയാവില്ല!
വലിഞ്ഞോടുന്ന
ഇടനേരങ്ങളിൽ
കരകരശബ്ദത്തെ
കഴുത്ത്ഞെരിച്ച്
പാളങ്ങള്‍ക്കുമുകളിൽ
അന്തമില്ലാതെ
ഉറങ്ങിപ്പോകുന്നവരിൽ
അടിയനും
വരമ്പത്തെ ചോതിയുമുണ്ട്.
അറുതിയില്ലാത്തപൊറുതികേടിൽ
അവയ്ക്കുള്ളിൽ നുരയ്ക്കുന്ന
ജീവനുകളിൽ
അശാന്തിയുടെ ഈറ്റില്ലങ്ങളുണ്ട്
കല്ലുവച്ച നുണകളുടെ
തുടലിട്ടഘോഷയാത്രയെ
നാറുന്ന കൊടിക്കൂറകൾ
കെട്ടിവലിക്കുന്നു.
എവിടേയും
എല്ലാ ആവലാതികളേയും
നിരര്‍ത്ഥകമാക്കുന്ന
കുടിലമായനിസ്സംഗത മാത്രം
ആര് ആരെ അറിയാന്‍
ആര് ആര്‍ക്കുവേണ്ടി അടരാ൯!
ഒന്നുമില്ല.
വിസർജ്ജ്യ ഗന്ധംവാരിപ്പുതച്ച
കംപാർട്ട്മെന്റിൽ
 ആര്‍ക്കുമല്ലാതെ
ലജ്ജയിൽനനഞ്ഞിരുന്ന
ചുണ്ടിൽചായംതേച്ച
പെണ്‍കുട്ടി
മൊബൈലിൽ
നെടുവിരലുകൾകൊണ്ട്
ചുരണ്ടിയയച്ച
എസ് എം എസ്
പച്ചശൃംഗാരത്തിന്റെ
കിന്നരിതൊപ്പിയണിഞ്ഞ്
തിരികെ പറന്നിറങ്ങിയത്
അവൾപോലുമറിയാതെ
കള്ളച്ചുണ്ടുകൾ
ഒപ്പിയെടുത്തു.
ദുരന്തം മണക്കുന്ന
തീപ്പാതകൾ
അവൾക്കായി ഒഴിഞ്ഞുപോകട്ടെ
മറ്റെന്ത് ആശംസിക്കാൻ!
ആരോടെന്നില്ലാതെ
പരിഭവം വിളമ്പിയ
വിളറിയ വീട്ടമ്മക്ക്
മുന്നറിയിപ്പില്ലാതെ
ഓട്ടം നിർത്തിയ എഞ്ചിനോട്
ഒടുങ്ങാത്ത അരിശമായിരുന്നു
അതൊന്ന് കുടഞ്ഞൊഴിക്കാൻ
പഴുതു തേടിയ അവർ
എന്തിനും പഴി കേള്‍ക്കാ൯
വിധിക്കപ്പെട്ടവനെ
കൂടെകൂട്ടാത്തതിൽ
അഗാധമായി വ്യസനിച്ചു.
തിരക്കിനിടയിൽ ചേർന്നിരുന്ന
പൃഥുനിതംബിനിയായ
സർക്കാർ സുന്ദരിയെ
വഴക്കിയെടുക്കാനുള്ള
തിരക്കിലായിരുന്നു
ഞെരുക്കത്തിന്റെ കളിംചായം
മുഖത്തെഴുതിയ
പീഢനകാലത്തെ പുരുഷ൯.
അവമതിക്കപ്പെട്ട
സ്ത്രീത്വത്തെ ഓർത്ത്
നിസ്സീമമായ വേദനയോടെ
അവരും സഹകരിച്ചു
പീഢനകാലത്തെ സ്ത്രീ.
ഇത്തിരി കാശിന്റെ
നിവൃത്തികേടിൽ
എത്തിപ്പിടിക്കാനാകാത്ത
സ്ഥായികളുടെ പിന്നാലെ
തെണ്ടിപ്പെറുക്കാ൯
വിധിക്കപ്പെട്ട
 ഒരു തെരുവുഗായിക
അവളുടെ
കീറത്തുണിമുഴുപ്പുകളിൽ
ആർത്തിയോടെ
കണ്ണുനട്ടിരിക്കുന്ന
ചെറുപ്പക്കാരൻ.
തൊട്ടുമുൻപ്
കണ്ടുമറഞ്ഞ
ഏതോ നീലച്ചിത്ര രംഗങ്ങൾ
ഓർത്തെടുത്തുരുചിക്കുകയാവും
അയാളപ്പോൾ.
യാത്ര
ചിലപ്പോൾ
പൊയ്മുഖങ്ങളുടെ
നേർക്കാഴ്ചയേകുന്നു.
ചങ്ങലവണ്ടികളുടെ
സമസ്തവിജ്ഞാനവുമായി
കടന്നുപോയ ഉയരം മറന്ന
സമയവില്പനക്കാരൻ.
തന്റെ ഗൃഹപാഠങ്ങൾക്ക്
ചെവിതരാത്തവരെക്കുറിച്ച്
അയാൾക്ക്
ഒരേ ഒരു വായ്ത്താരി മാത്രം
അല്ലെങ്കിൽ ആരോടാണിത് പറയുന്നത്?
ശരിയാണ്
ത൯കാര്യത്തിന്റെ
ഇരുൾമുഴക്കങ്ങളിൽ
ആരും ഒന്നും
കേൾക്കാതെയായിരിക്കുന്നു
മാനം കാക്കാൻ
ഇരുൾച്ചീളിനായുള്ള
അശരണയായ
പെണ്ണിന്റെ നിലവിളി
കൊത്തി നുറുക്കി
കഴുകനിട്ട
സ്വന്തം പുരുഷന്റെ
മാംസക്കൂനകണ്ട
താലിയറ്റവളുടെ
കുലമറുക്കുന്ന കരൾവിളി
വിരൽനടത്താൻ
ശരി വരയ്ക്കാൻ
അച്ഛനെ നഷ്ടപ്പെട്ട
ഒന്നുമറിയാത്ത
കുഞ്ഞിന്റെ വിതുമ്പൽ
ഒരു ശബ്ദവും കാണുന്നില്ല
ഒരു കാഴ്ചയും കേൾക്കുന്നുമില്ല
കാറ്റുപിടിച്ച
ഒരു സിഗ്നൽ മരം
ചുവപ്പു മാത്രം കത്തിച്ച്
ചരിത്രത്തോട്  പ്രതിഷേധിച്ചു
പിളർത്തിയ
വയറുകൾക്കുള്ളിൽ
നിന്നും പുറത്തുചാടിയ
പാകംതെറ്റിയ ശിശുക്കൾ
തലമുതിർന്ന
തലയോട്ടികളുമായി
പുകയൂതി രസിച്ചു
തീച്ചുഴലി
മാനം കവർന്ന തീവണ്ടികൾ
സമയത്തെ
തിരയെണ്ണാനയച്ചു.
ഓടാൻ മറക്കുമ്പോഴും
തീവണ്ടി
ഇരമ്പിക്കൊണ്ടേയിരിക്കുന്നു
ഓട്ടംനിലച്ച ചക്രങ്ങൾ
മരണം പോലെ
യാത്രയിൽ
തണുപ്പ് പടർത്തുന്നു.
പൊടിയും മാറാലയും
ചിത്രപടംതീര്‍ത്ത
നരച്ച മച്ചിലേക്ക്
അവശയായി
നോക്കിയിരിയ്ക്കേ
അച്ഛ൯
ഉൽപ്രേക്ഷയായിരുന്നോ
രൂപകമായിരുന്നോ
എന്നുപോലും പറയാതെ
ഒരുചരക്കുവണ്ടിയുടെ
അടിയിലേക്ക് നൂർന്നുകയറിയ
അമ്മയെ അവളോർത്തു.
സമാന്തരങ്ങളിൽ പിറന്ന്
സമാന്തരങ്ങളിൽ ജീവിച്ച്
സമാന്തരങ്ങളിൽ ഒടുങ്ങുന്ന
ജീവിതം.
സമയംതെറ്റിയ യാത്രകൾ
സമയം മറന്ന തീവണ്ടികൾക്ക്
മുതൽക്കൂട്ടാവുന്നു
ദിശമറന്ന യാത്രികർ
വഴിമറന്ന സമയത്തിന്
അഭയമാകുന്നു.
യാത്ര മാത്രം
ഒടുങ്ങാതെ
ഉതിരാതെ
യാത്ര.

13 comments:

  1. വൈകിയോടുന്ന വണ്ടി നന്നായിട്ടുണ്ട്

    ആശംസകള്‍

    ReplyDelete
  2. നല്ല കവിത.....

    ReplyDelete
  3. സമാന്തരങ്ങളിൽ പിറന്ന്
    സമാന്തരങ്ങളിൽ ജീവിച്ച്
    സമാന്തരങ്ങളിൽ ഒടുങ്ങുന്ന
    ജീവിതം.

    ReplyDelete
  4. ആശംസകള്‍.................... ......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌..... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ............ വായിക്കണേ...............

    ReplyDelete
  5. കലാവല്ലഭന്‍,ജയരാജ്മുരുക്കുംപുഴ
    നന്ദി

    ReplyDelete
  6. നന്നായി എഴുതി..
    ആശംസകള്‍..

    ReplyDelete
  7. നന്ദി ശ്രീജിത്ത്.

    ReplyDelete
  8. ഇത്തിരി നേരത്തെ വന്നാലും...കുഴപ്പമില്ല താമസിച്ചു പോയാല്‍ മതിയായിരുന്നു !!! ;)

    ഒരുപാടിഷ്ടമായി...ഉള്‍ക്കാംബും...വരച്ച രീതിയും !!!

    ReplyDelete
    Replies
    1. ഒക്കെ ഒരു തമാശയല്ലേ കീയക്കുട്ടീ...എല്ലാവരും സുഖമായിരിക്കട്ടെ,കീയക്കുട്ടിക്ക് നന്മ വരട്ടെ.നമോവാകം.

      Delete
  9. ദുരന്തം മണക്കുന്ന
    തീപ്പാതകൾ
    അവൾക്കായി ഒഴിഞ്ഞുപോകട്ടെ
    മറ്റെന്ത് ആശംസിക്കാൻ!

    ReplyDelete
  10. ഈ കവിത അധികം വേദനയോടെയാണ് കുറിച്ചത്.നിസ്സഹായതയ്ക്കും തീവ്രമാണ് വേദന.അത് സംവേദനം ചെയ്യപ്പെട്ടതിൽ കൃതാർത്ഥതയുണ്ട്.സന്തോഷം അറിയിക്കട്ടെ.

    ReplyDelete