Wednesday, 11 July 2012

സ്മൃതി


മഴയൊഴിഞ്ഞ
സന്ധ്യാകാലം
കുട്ടിവേഷങ്ങളുടെ
അഭംഗിയോടെ
തിളക്കമറ്റ്
മാറിനിന്നു.
കളിവിളക്കിനു മുന്നിൽ
മഞ്ഞുപോലെ
തണുത്ത
ഒരു
തീനാളത്തിന്റ
തിരനോട്ടം.
ഈറനണിഞ്ഞ
 ലാവണ്യം
രതിയുടെ
വഴി വഴക്കങ്ങൾ
ആദ്യ സ്പർശം
ജ്വലിപ്പിച്ച
അഗ്നിശലാകകൾ
വലംതലയിലുണര്‍ന്ന
മദ്ദളകേളിയിലൊളിച്ചു
ചെമ്പടയിൽ
ഉയർന്ന മാറിടം
ആഹാര്യത്തിന്റെ
അതിശോഭയിൽ
തിമിർത്തടങ്ങി
വിതുമ്പുന്ന ചുണ്ടിൽ
വിരൽത്തുമ്പു
വിരിയിച്ച
വിസ്മയത്തിന്റ
 അലരികൾ
കണ്ണുകളിൽ
പുത്തനറിവിൽ
പൂത്തുലഞ്ഞ
വസന്തം
ഒട്ടിയിഴഞ്ഞ
വർണ്ണച്ചേല
ഒളിക്കാതെ മറച്ച
മിനുക്കിന്റെ
വശ്യ
നിതംബമുഴക്കങ്ങൾ
രതിയുത്സവത്തിന്റെ
ആസുരമേളം
കൊട്ടിക്കയറി
മുറുകിയുണർന്ന
നാഭിച്ചുഴി
ഇളകിയുറഞ്ഞ
നിമ്നോന്നതങ്ങൾ
കുതറിയോടിയ
പരൽവിരലുകൾ
പച്ചയുടെ
ശമനതാളത്തിലുണർന്ന്
കത്തിയുടെ ദ്രുതവിളംബത്തിലൂടെ
ഊർന്നിറങ്ങി
ജതിയുടെ ചടുല വിഭ്രാന്തികൾ
പകർന്ന്
കരിയുടെ
വന്യഭോഗം.
അമർത്തിയ
അലര്‍ച്ചയുടെ
ഹിമമുടികൾ
ദ്രുതാതിദ്രുതങ്ങളിലേക്ക്
പടർന്നുകയറി
ത്രികാലവിസ്മയങ്ങളുതിര്‍ത്ത്
കലാശത്തിലേക്ക്
കൂടുമാറി
ഒടുവിൽ
ഒരു
മുരൾച്ചയിലൊതുങ്ങുന്ന
പൂര്‍ണ്ണകായപ്രവേശത്തി്ന്റെ
ഭാവപൂര്‍ണ്ണിമ.

Monday, 2 July 2012

കൃഷ്ണം........


കൃഷ്ണാ,
പുറത്ത്
മഴകോരിച്ചൊരിഞ്ഞൊരു രാത്രി
ഞാ൯
കാളിന്ദിയെ സ്വപ്നം കണ്ടു
ദൂരെ
വനസ്ഥലികളിലെവിടെയോ
നിന്റെ
ചിലമ്പൊലിയും കേട്ടു
ഞാ൯ ഒറ്റക്കായിരുന്നു
നിന്റെ നനുത്ത നിശ്വാസം
ഇടക്കെപ്പോഴോ
എന്റെ ചുമലിൽ
കുളിരിന്റെ കല്ലോലങ്ങൾ
തീർത്തു
മഴ
വന്യമായ ഉന്മാദത്തോടെ
വീണ്ടും ഇരമ്പിയെത്തി
സിരകളിൽ
പുതിയ കാളിയനുണർന്നു
നിന്റെ
പദപ്പാടേറ്റ് തകരാ൯
വിഭക്തിയുടെ
കൊടും വിഷം വമിച്ചൊടുങ്ങാ൯
വല്ലാതെ
മോഹിച്ചു
പക്ഷേ
തളരാതെ
നീ താങ്ങുമ്പോൾ
വീണ്ടും
തളരുകയാണല്ലോ
നടന്നു തീരുമ്പോൾ
വഴി വീണ്ടും നീളുന്നു
ഒന്നു ചായാ൯
ഒരു കടമ്പിന്റെ ചില്ല
തളർച്ചയാറ്റാ൯
ഒരു കുഞ്ഞുമയിൽപ്പീലി
ധന്യം
ജീവിതം.

Sunday, 1 July 2012

പൂത്തത് മതിയായില്ല


ഓര്‍ക്കാപ്പുറത്ത്
വന്നുകയറിയ
ഓര്‍ക്കാപ്പെണ്ണ്
ഒഴുക്കിലൊഴുകിയൊഴുകി.
കണ്ണ് കടലായവൾ
മനം ഉടലായവൾ
മുല്ല പോലെ വെളുത്ത്
എണ്ണ പോലെ മിനുത്ത്
നിലാവു പോലെ വിടർന്ന്
കാറ്റ് പോലെ ഉലഞ്ഞ്
വാക്കുപോലെ വരഞ്ഞ്
വിരവിൽ
 ഉരുവം കൊണ്ടവൾ.
ഊരും പേരും
 ഉരിച്ചെറിഞ്ഞ്
നാവു പൊരുളാൽ
പരുവം കൊണ്ടവൾ.
വകഞ്ഞെടുത്ത
 വകതിരിവും
പകുത്തു വാങ്ങിയ
 നനവോർമ്മകളും
ഒളിക്കൂടാക്കിയവൾ.
വര്‍ണ്ണമേറ്റിയ
 മൂക്കുത്തിച്ചിത്രങ്ങളും
മുടിപൊഴിച്ച
അകമുറിവുകളുടെ
പരൽ മുനകളും
സ്വന്തമാക്കി
കഴിഞ്ഞതിനെ
ഒഴിഞ്ഞവൾ.
അവൾ
ഈണമിട്ട് പാടിയത്
കനിവിന്‍റെ
മന്ത്രസ്വനങ്ങൾ
പകര്‍ന്ന് വച്ചത്
മഴ നനഞ്ഞ
ശലഭച്ചിറകുകളും
ഇളം ചൂടിലുറയിട്ട
നേർത്ത
കുളിരുമ്മകളും.
പരിത്യക്തര്‍ക്ക്
എങ്ങും
ഇത്
പി൯
 വസന്തത്തിന്‍റെ
ഓര്‍മ്മക്കുറിപ്പുകൾ.


(2012 ജൂലായ് 1 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ശ്രീമതി.പ്രിയ.എ.എസി ന്റെ ’’പൂക്കാതിരിക്കാ൯ എനിക്കാവതില്ലേ’’ എന്ന കഥ എന്നെ ഇതെഴുതാനിടയാക്കി