സിസ്റ്റർ,
പ്രണയത്തിന് മരണത്തേക്കാൾ
തണുപ്പുണ്ടെന്ന്
ആരാണ് പറഞ്ഞത്
മഞ്ഞ നിറമുള്ള മരണത്തെ
ഓർമ്മയിൽ നിന്നോടിക്കാ൯
ആരോ
ഉരുവിട്ട പച്ചക്കള്ളം
രാത്രി
പുതപ്പിനുപുറത്തേക്കുനീണ്ട
ഉള്ളംകാലിൽ
ആദ്യചുംബനംകൊണ്ട്
മരണം മറ്റൊന്നാണ്
ഉള്ളിൽ കുറിച്ചിട്ടത്.
സിസ്റ്റർ,
തണുപ്പിന്റെ നുറുങ്ങുകൾ
ഉറുമ്പി൯കൂട്ടംപോലെ
മുകളിലേയ്ക്ക്
അരിച്ചരിച്ച് കയറിവരുന്നു.
ആശങ്ക വേണ്ട
ഹൃദയപാളികളിൽ
അവ വന്ന് മുട്ടി വിളിക്കുമ്പോൾ
നമുക്ക് ഡോക്ടറെ ഉണർത്താം
ഒരു ഉറപ്പിനായി മാത്രം
രോഗവും രോഗിയും
ഒന്നായിത്തീരുന്ന
ഈ അസുലഭ മുഹൂർത്തത്തിന്
സിസ്റ്റർ മാത്രം സാക്ഷി
കൂടുവിട്ട്കൂടുമാറാനൊരുങ്ങുന്ന
കുരുവിപക്ഷിക്ക്
ഒരിറ്റുമിഴിനീർകണംകൊണ്ട്
അന്ത്യോദകം
രോഗംരോഗിയെഹവനം
ചെയ്തതിന്
മൂകസാക്ഷിയുടെ
പുണ്യോദകം
മരണം ചിലപ്പോൾ
പ്രണയത്തിന്റെ
പരവേശവുമാളുന്നു
സിസ്റ്റർ,
മരണത്തിന്
കാടിന്റെ കടുംപച്ച
അകമ്പടിവേണമെന്ന്
നിര്‍ബന്ധിച്ചത് ആരാണ്
അവയ്ക്കിടയിൽ
മഴവില്‍വര്‍ണ്ണമുള്ള കിളികളേയും
മഞ്ഞിന്റെ നനവുള്ള സ്വപ്നങ്ങളേയും
തിരഞ്ഞ്
എന്റെ കണ്ണുകൾ
തളര്‍ന്നു
നോക്കൂ,
ഈ തകര്‍ച്ചയിലും
എന്റെ ഹൃദയം തളരുന്നതേയില്ല
സ്നേഹസാന്ത്വനത്തിന്റെ
സാമീപ്യം
മരണത്തിലും
കരുത്തുനിറയ്ക്കുന്നു
ദയവായി എന്റെ
അടുത്തിരിക്കുക
അകലാ൯ മാത്രം
അടുപ്പം നാം തമ്മിലില്ലല്ലോ
നമുക്കെതിരേയുള്ള
സ്ക്രീനിൽ
ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്ന
ഈ ഡിജിറ്റൽ
കുന്നിന്‍പുറങ്ങൾ
നിന്നെ പേടിപ്പിക്കുന്നുവോ
എന്നോപേടിമറന്ന എന്നെ
അറുതിയില്ലാത്ത ചിലത്
അതോര്‍മ്മിപ്പിക്കുന്നുണ്ട്
ആഹ്ളാദിപ്പിക്കുന്നുണ്ട്
മരണം
മോക്ഷത്തിന്റെ പ്രതിരൂപവുമാണ്.
ഇനി
ഒരു വാക്കിനും
എന്നെ വേദനിപ്പിക്കാനാകില്ല
ഒരു സ്വാർത്ഥതയ്ക്കും
എന്നെ മുറിക്കാനുമാകില്ല
സംശയവും കാലുഷ്യവും
കുത്തിമുറിക്കാത്ത
ഒന്നും
കാലം ബാക്കിവച്ചിട്ടില്ല
സിസ്റ്റർ,
ഇനിയും തിരയുന്നതെന്ത്
നെടിയ വിരലുകളിലൂടെ
പകരുന്ന ആ സ്നേഹസ്പർശം
ഞാനറിയുന്നു
വെറുപ്പിന്റെ ശ്വാസം മാത്രം
തടഞ്ഞല്ലേ
എന്റെ ഹൃദയധമനികൾ
തകർന്നടിഞ്ഞത്!
എന്ത് വെയി൯ കിട്ടുന്നില്ലെന്നോ
വെറുതേ ഈ പാഴ്വേലകൾ
സ്നേഹശൂന്യതയുടെ
ചവർപ്പുനീര്
എനിക്കിനിവേണ്ട
അകൽച്ചയുടെ
അവിശ്വാസത്തിന്റെ
തീക്കാറ്റുകൾ
ഇനിയും
വന്ന് മൂടുന്നതിനുമു൯പ്
മനുഷ്യസ്നേഹത്തിന്റെ
ഉറവ വറ്റിയ
ഊഷര ഭൂവുകളിലേയ്ക്ക്
വീണ്ടും
കുടിയിറക്കപ്പെടുന്നതിനു മു൯പ്
സിസ്റ്റർ,
ദയവായി എന്നെ ഉറക്കുക
എസിയുടെ ഈ മുരൾച്ചയെ
ഒന്നുനേർപ്പിക്കുക
ദിവസങ്ങളോളം
ജീവവായുപകർന്ന്
വല്ലാതെ തളർന്ന
ഈ മുഖാവരണത്തെ
വിശ്രമിക്കാനയയ്ക്കുക
വെളുത്ത ഈ പുതപ്പിനെ
എന്റെ
ശിരസ്സിലേയ്ക്ക് വലിച്ചിടുക
അനുജത്തീ,
നന്ദി പറയുന്നില്ല
ഞാനൊന്നുറങ്ങട്ടെ.