Wednesday, 11 July 2012

സ്മൃതി


മഴയൊഴിഞ്ഞ
സന്ധ്യാകാലം
കുട്ടിവേഷങ്ങളുടെ
അഭംഗിയോടെ
തിളക്കമറ്റ്
മാറിനിന്നു.
കളിവിളക്കിനു മുന്നിൽ
മഞ്ഞുപോലെ
തണുത്ത
ഒരു
തീനാളത്തിന്റ
തിരനോട്ടം.
ഈറനണിഞ്ഞ
 ലാവണ്യം
രതിയുടെ
വഴി വഴക്കങ്ങൾ
ആദ്യ സ്പർശം
ജ്വലിപ്പിച്ച
അഗ്നിശലാകകൾ
വലംതലയിലുണര്‍ന്ന
മദ്ദളകേളിയിലൊളിച്ചു
ചെമ്പടയിൽ
ഉയർന്ന മാറിടം
ആഹാര്യത്തിന്റെ
അതിശോഭയിൽ
തിമിർത്തടങ്ങി
വിതുമ്പുന്ന ചുണ്ടിൽ
വിരൽത്തുമ്പു
വിരിയിച്ച
വിസ്മയത്തിന്റ
 അലരികൾ
കണ്ണുകളിൽ
പുത്തനറിവിൽ
പൂത്തുലഞ്ഞ
വസന്തം
ഒട്ടിയിഴഞ്ഞ
വർണ്ണച്ചേല
ഒളിക്കാതെ മറച്ച
മിനുക്കിന്റെ
വശ്യ
നിതംബമുഴക്കങ്ങൾ
രതിയുത്സവത്തിന്റെ
ആസുരമേളം
കൊട്ടിക്കയറി
മുറുകിയുണർന്ന
നാഭിച്ചുഴി
ഇളകിയുറഞ്ഞ
നിമ്നോന്നതങ്ങൾ
കുതറിയോടിയ
പരൽവിരലുകൾ
പച്ചയുടെ
ശമനതാളത്തിലുണർന്ന്
കത്തിയുടെ ദ്രുതവിളംബത്തിലൂടെ
ഊർന്നിറങ്ങി
ജതിയുടെ ചടുല വിഭ്രാന്തികൾ
പകർന്ന്
കരിയുടെ
വന്യഭോഗം.
അമർത്തിയ
അലര്‍ച്ചയുടെ
ഹിമമുടികൾ
ദ്രുതാതിദ്രുതങ്ങളിലേക്ക്
പടർന്നുകയറി
ത്രികാലവിസ്മയങ്ങളുതിര്‍ത്ത്
കലാശത്തിലേക്ക്
കൂടുമാറി
ഒടുവിൽ
ഒരു
മുരൾച്ചയിലൊതുങ്ങുന്ന
പൂര്‍ണ്ണകായപ്രവേശത്തി്ന്റെ
ഭാവപൂര്‍ണ്ണിമ.

Monday, 2 July 2012

കൃഷ്ണം........


കൃഷ്ണാ,
പുറത്ത്
മഴകോരിച്ചൊരിഞ്ഞൊരു രാത്രി
ഞാ൯
കാളിന്ദിയെ സ്വപ്നം കണ്ടു
ദൂരെ
വനസ്ഥലികളിലെവിടെയോ
നിന്റെ
ചിലമ്പൊലിയും കേട്ടു
ഞാ൯ ഒറ്റക്കായിരുന്നു
നിന്റെ നനുത്ത നിശ്വാസം
ഇടക്കെപ്പോഴോ
എന്റെ ചുമലിൽ
കുളിരിന്റെ കല്ലോലങ്ങൾ
തീർത്തു
മഴ
വന്യമായ ഉന്മാദത്തോടെ
വീണ്ടും ഇരമ്പിയെത്തി
സിരകളിൽ
പുതിയ കാളിയനുണർന്നു
നിന്റെ
പദപ്പാടേറ്റ് തകരാ൯
വിഭക്തിയുടെ
കൊടും വിഷം വമിച്ചൊടുങ്ങാ൯
വല്ലാതെ
മോഹിച്ചു
പക്ഷേ
തളരാതെ
നീ താങ്ങുമ്പോൾ
വീണ്ടും
തളരുകയാണല്ലോ
നടന്നു തീരുമ്പോൾ
വഴി വീണ്ടും നീളുന്നു
ഒന്നു ചായാ൯
ഒരു കടമ്പിന്റെ ചില്ല
തളർച്ചയാറ്റാ൯
ഒരു കുഞ്ഞുമയിൽപ്പീലി
ധന്യം
ജീവിതം.

Sunday, 1 July 2012

പൂത്തത് മതിയായില്ല


ഓര്‍ക്കാപ്പുറത്ത്
വന്നുകയറിയ
ഓര്‍ക്കാപ്പെണ്ണ്
ഒഴുക്കിലൊഴുകിയൊഴുകി.
കണ്ണ് കടലായവൾ
മനം ഉടലായവൾ
മുല്ല പോലെ വെളുത്ത്
എണ്ണ പോലെ മിനുത്ത്
നിലാവു പോലെ വിടർന്ന്
കാറ്റ് പോലെ ഉലഞ്ഞ്
വാക്കുപോലെ വരഞ്ഞ്
വിരവിൽ
 ഉരുവം കൊണ്ടവൾ.
ഊരും പേരും
 ഉരിച്ചെറിഞ്ഞ്
നാവു പൊരുളാൽ
പരുവം കൊണ്ടവൾ.
വകഞ്ഞെടുത്ത
 വകതിരിവും
പകുത്തു വാങ്ങിയ
 നനവോർമ്മകളും
ഒളിക്കൂടാക്കിയവൾ.
വര്‍ണ്ണമേറ്റിയ
 മൂക്കുത്തിച്ചിത്രങ്ങളും
മുടിപൊഴിച്ച
അകമുറിവുകളുടെ
പരൽ മുനകളും
സ്വന്തമാക്കി
കഴിഞ്ഞതിനെ
ഒഴിഞ്ഞവൾ.
അവൾ
ഈണമിട്ട് പാടിയത്
കനിവിന്‍റെ
മന്ത്രസ്വനങ്ങൾ
പകര്‍ന്ന് വച്ചത്
മഴ നനഞ്ഞ
ശലഭച്ചിറകുകളും
ഇളം ചൂടിലുറയിട്ട
നേർത്ത
കുളിരുമ്മകളും.
പരിത്യക്തര്‍ക്ക്
എങ്ങും
ഇത്
പി൯
 വസന്തത്തിന്‍റെ
ഓര്‍മ്മക്കുറിപ്പുകൾ.


(2012 ജൂലായ് 1 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ശ്രീമതി.പ്രിയ.എ.എസി ന്റെ ’’പൂക്കാതിരിക്കാ൯ എനിക്കാവതില്ലേ’’ എന്ന കഥ എന്നെ ഇതെഴുതാനിടയാക്കി

Thursday, 28 June 2012

വിസ്മയം


ഈ വാക്ക്
ഇത് നിനക്കായി മാത്രം
ഉച്ചരിക്കപ്പെട്ടതാണ്
നീ
ഇതിൽ അമർത്തി ചുംബിച്ചീടുക.
അതെന്റെ ഹൃദയമാണ്
സമസ്ത ലോകങ്ങളിലേയും
കമിതാക്കളുടെ
സ്നേഹനീലിമ
ഞാനതിൽ കരുതിയിട്ടുണ്ട്
ആകാശത്തിലെ
ബഹുല വർണ്ണങ്ങളും
പ്രകൃതിയിലെ
അനന്ത വൈചിത്ര്യങ്ങളും
നാദലോകത്തെ
മുഴുവ൯ രാഗതാള ഭാവങ്ങളും
അതിൽ ഇഴചേർത്തിട്ടുണ്ട്
നീ
അതിനെ
മെല്ലെ
വിരൽത്തുമ്പാൽ
സ്പർശിക്കുക
സ്നേഹസാന്ത്വനത്താൽ
മൂടുക.
ആയിരം പീലി വിടുർത്തി
അത് നിന്റെ മുന്നിൽ നൃത്തമാടും
അതിൽ
എന്റെ
 ജീവനുണ്ട്
നോക്കുക
അതിന്
സപ്തസമുദ്രങ്ങളുടേയും
മുഴക്കമുണ്ട്
നിന്റെ
കണ്ണിന്റെ ആഴങ്ങളിൽനിന്ന്
ഞാ൯ കറന്നെടുത്ത
വശ്യ ചാരുതയുണ്ട്
ഉറങ്ങാത്ത
ആയിരം രാവുകളുടെ
അശാന്തിയും
നിറച്ച
മധുചഷകത്തിന്റെ
വിതുമ്പലും
അതിലുണ്ട്
ഒരു നിശ്വാസം കൊണ്ട്
നീ
അതിനെ
ഉണർത്തുക
നിനക്കായി മാത്രം
അത്
തുടിച്ചുകൊണ്ടേയിരിക്കും.

Monday, 25 June 2012

പിറവി


ഡിസംബര്‍
ഏതോ മരം പൊഴിച്ച
ശിശിരത്തിലെ
ഒരു മഞ്ഞില
മറവിക്കു
കൂട്ടിരിക്കുന്ന
ഓര്‍മ്മയിലെ
തണുത്ത
മഞ്ഞിന്‍കണം
പുതുപ്പിറവിക്കു
തിളക്കമേറ്റിയ
നിലാക്കണം
കുളിരുന്ന
ഏകാന്തരാവുകളെ
പുല്കിയുണര്‍ത്തിയ
സ്നേഹച്ചൂട്
മറക്കാത്ത
വേദന
എന്നേക്കും
പകര്‍ന്നുപോയ
മൃത്യുകണം.

Friday, 22 June 2012

സഡന്‍ഡത്ത് ഇന്‍ ബ്ളോഗ്


                                          മറ്റേതൊരു വിഷയവുമെന്നതുപോലെ നമ്മുടെ പുതിയ രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പും ദേശീയ- പ്രാദേശിക പാർട്ടികൾക്ക്  പരസ്പരം മത്സരിക്കാനും പഴിചാരാനുമുള്ള ഒരവസരമായി തീർന്നിരിക്കുകയാണ്.മാന്യമായ എന്തെന്കിലും ഇനി ഇവരിൽ നിന്നും പ്രതീക്ഷിക്കാനില്ലെന്ന തിരിച്ചറിവാകണം ഒടുവിൽ താ൯ മത്സരിക്കാനില്ലെന്ന വെളിപ്പെടുത്തലിലേക്ക് ശ്രീ.അബ്ദൂൾ കലാമിനെ കൊണ്ടെത്തിച്ചതെന്ന് ന്യായമായും ഊഹിക്കാം.യുപിഎ സ്ഥാനാർത്ഥി ശ്രീ.പ്രണബ് മുഖർജി നമ്മുടെ ഈ പരമോന്നതപദവിക്ക് ഒട്ടും യോഗ്യനല്ലെന്ന് അദ്ദേഹത്തിന്റെ ശത്രുക്കൾ പോലും പറയാനിടയില്ല.അദ്ദേഹം എല്ലാ അർത്ഥത്തിലും ഒരു രാഷ്ട്രീയമാന്യ൯ തന്നെ.അദ്ദേഹത്തിന്റെ പ്രതിയോഗിയായി ഇപ്പോൾ സ്വയം അവരോധിച്ചെത്തിയിരിക്കുന്ന ശ്രീ.പി.എ.സാങ്മ തന്റെ ക്രഡിബിലിറ്റികൾ ഒന്നൊന്നായി വെളിപ്പെടുത്തിവരികയാണ്!സ്ഥാനമൊഴിയുന്ന രാഷ്ട്രപതിയുടെ പ്രതിഭയെ വച്ച് ഒരു താരതമ്യത്തിന് ഒരുങ്ങുന്നതിൽ ഇനി അർത്ഥമില്ലെന്കിലും ഒരു കൗതുകത്തിന് വേണമെന്കിൽ അതുമാകാം.സ്ഥാനാർത്ഥികളിൽ കേമനാരെന്നതല്ല ഇവിടെ വിഷയം.മറിച്ച് പ്രഥമ പൗരന്റെ ഈ ഒഴിവിലേക്ക് സമവായത്തിലൂടെ ഏറ്റവും സമുന്നതനും സർവ്വസമ്മതനുമായ ഒരു യോഗ്യനെ കണ്ടെത്തുന്നതിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ പരാജയപ്പട്ടു എന്നിടത്താണ് നമ്മുടെ പാപ്പരത്വം നാം ആസ്വദിക്കേണ്ടത്.ഒരു വിദേശ രാഷ്ട്രത്തിൽ നാം പൗരന്മാർക്ക് ലഭിക്കുന്ന ആദരവു് അവർ നമ്മുടെ രാഷ്ട്രത്തെ എത്രകണ്ട് ആദരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് വിവരമുള്ളവർ പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്.പ്രഥമ പൗരന്റെ കസേരയുടെ നയതന്ത്ര പ്രാധാന്യമാണ് ഇത് വെളിപ്പെടുത്തുന്നത്.അബദ്ധത്തിൽ ആ കസേരയിലിരുന്നവർ മു൯പും ഉണ്ടായിട്ടുണ്ട്.ഇരിക്കാ൯ വേണ്ടി കച്ചകെട്ടിയിറങ്ങിയവരുടെ കഥ തുടങ്ങാനിരിക്കുന്നതേയുള്ളു.ഈ വേഷങ്ങളൊക്കെ തിമിർത്താടിക്കഴിയുമ്പോൾ നമ്മുടെ യശസ്സ് ഏതു വാനത്തിലാകും ഇടിച്ചു നില്കുകയെന്ന് കണ്ടുതന്നെയറിയണം!അടിയന്തരാവസ്ഥക്കാലത്തെ ഒരു കാർട്ടൂണിൽ ടോയ്ലെറ്റിനുള്ളിലിരുന്ന് ഒരു പ്രസിഡന്റ് സഹർഷം ഇങ്ങനെ പറയുന്നത് കേട്ടിരുന്നു”please ask her to wait for sometime if there are more ordinances to sign”.പാവം ഒരു പീഡിതാത്മാവിന്റ ഇത്തരം പുലമ്പലുകൾക്ക് വീണ്ടും വേദിയൊരുക്കാനല്ല സമവായത്തിന്റെ കഥ ഇവിടെ വിവരിച്ചത്.
                                  രാജ്യത്തിന്റെ പ്രഥമപൗരനെ തിരഞ്ഞെടുക്കുന്ന,നമ്മുടെ പാരമ്പര്യവും സാംസ്കാരികൗന്നത്യവും സ്വാഭാവികമായി വെളിപ്പടുത്തേണ്ട ഇത്രയും അഭിമാനാർഹമായ ഒരു വിഷയത്തിൽ പോലും നാം നമ്മുടെ അല്പത്തങ്ങളെ ഒഴിവാക്കുന്നില്ലല്ലോ എന്ന വേദനയും സ്വയമറിയാതെയാണെന്കിലും അതിൽ പങ്കുചേരുന്നല്ലോ എന്ന കുറ്റ ബോധവുമാണ് ഈ കുറിപ്പിനാധാരം.

അയനം


വലവിരിച്ച് കാത്തിരിക്കുന്നത്
അറിഞ്ഞതേയില്ല
ചെന്നുപെടുകയായിരുന്നു
ഓരോ തവണ രക്ഷപ്പെടുമ്പോഴും
ഉറപ്പിച്ചിരുന്നു
 അടുത്തതവണ
നന്നായി കരുതലെടുക്കുമെന്ന്
പക്ഷേ എല്ലാ കരുതലുകളേയും
വരുതിയിലാക്കി
നെയ്തൊരുക്കിയ വലക്കെട്ടുകൾക്ക്
ശലഭക്കാഴ്ചയുടെ വർണ്ണത്തികവായിരുന്നു
ആയിരം വസന്തങ്ങളുടെ
സുഗന്ധവും
ഒടുവിൽ
ഓർമ്മ വരുമ്പോൾ
ഉലഞ്ഞലഞ്ഞ വസ്ത്രങ്ങളും
ഞെരിഞ്ഞമർന്ന
ഒരു പനിനീരിതളും
വ്രണിത ജന്മങ്ങള്‍ക്ക്
ഒരു
പുനരാഖ്യാനം.