Saturday, 26 September 2020

SPB

 അല്പത്തലേശമില്ലാത്ത മനുഷന്മാരെ അന്വേഷിച്ചാൽ പോലും കണികാണാൻ കിട്ടാത്ത കാലമാണ് ഇത്.

അന്ത:സ്സാര ശൂന്യന്മാരെയാണെങ്കിൽ ഏതു ദിക്കിലും കാണുകയുമാകാം.
അല്പന്മാരും അന്ത:സ്സാരശൂന്യരും നാം ആരാധിക്കുന്ന പ്രതിഭകളുടെ ഇടയിലും ധാരാളമുണ്ടെന്ന് അറിയുമ്പോഴാണ് അങ്ങനെയല്ലെന്ന് ജീവിതം കൊണ്ട് തെളിയിച്ച ചിലരുടെ വേർപാടുകൾക്ക് കനമേറുന്നത്.
ഹിന്ദിയിലും തെന്നിന്ത്യൻ ഭാഷകളിലുമായി SPB പാടിത്തീർത്ത ഗാനങ്ങൾ കേൾക്കാൻ തന്നെ ഒരു മനുഷ്യായുസ്സ് പോര.
അതിലും വലുതാണ് ആ മഹാഗായകൻ പ്രതിനിധാനം ചെയ്തിരുന്ന സമഭാവനയുടെ സംസ്കൃതി.
മുൻപേ നടന്നവരെ ബഹുമാനിച്ചും കൂടെ നടന്നവരെ സമശീർഷരായി കരുതിയും ശേഷം വന്ന തലമുറയെ അംഗീകരിച്ച് അനുഗ്രഹിച്ചും SPB യഥാർത്ഥ കലാകാരൻ എന്തായിരിക്കണം എന്ന് ലോകത്തിന് കാട്ടിക്കൊടുത്തു.
ലാളിത്യവും സഹാനുഭൂതിയും ആ വലിയ കലാകാരൻ തിടമ്പായി ഏറ്റി നടന്നു.
സംഗീതലോകത്തെ വിഭിന്ന മേഖലകളിലുള്ളവർക്ക് ആ വലിയ ശരീരത്തിനുള്ളിലെ ആ വലിയ മനസ്സിന്റെ സാന്നിദ്ധ്യം എന്നും പ്രചോദനമായി.
ശങ്കരാഭരണത്തിലെ ഗാനങ്ങളിലൂടെ പ്രശസ്തിയുടെ പടവുകളേറിയ ആ ഗായകന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
തമിഴ് സിനിമാലോകത്തെ ഗായക സങ്കല്പങ്ങൾ ആ മായിക സ്വരത്തിൽ തട്ടി തകർന്നുവീണു.
മുറിവേറ്റവരും രംഗംവിട്ടൊഴിയേണ്ടി വന്നവരും അന്നുണ്ടായിരുന്നു.
അതൊരുപക്ഷേ ഒഴിവാക്കാനാകാത്ത ചരിത്രനിയോഗമായിരുന്നിരിക്കാം.
പക്ഷേ ആ നിയോഗങ്ങളേറ്റുവാങ്ങി ഉയരങ്ങളിലേയ്ക്ക് കയറുമ്പോഴും കൈവിടാതെ സൂക്ഷിച്ച എളിമയും വിനയവും SPB യെ വ്യത്യസ്ഥനാക്കി.
കൈവച്ച മേഖലകളിലെല്ലാം അദ്ദേഹം പ്രതിഭ തെളിയിച്ചു.
സംഗീത സംവിധായകനായും അഭിനേതാവായും,ഡബ്ബിംഗ് ആർട്ടിസ്റ്റായും ഒക്കെ പല രംഗങ്ങളിൽ അദ്ദേഹം തിളങ്ങി.
ഈ തിളക്കങ്ങളിലും സൗഹൃദങ്ങളെ അദ്ദേഹം പൊലിമയോടെ സൂക്ഷിച്ചു.
വേദികളികളിൽ അദ്ദേഹം എളിമയുടെ നിലവിളക്കും സ്നേഹ-ബഹുമാനങ്ങളുടെ നിറനിലാവുമായി.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സംഗീതം കിനിഞ്ഞിറങ്ങിയ മനസ്സുകളിൽ സഹാനുഭൂതിയുടെ നനുത്ത മഴ പെയ്യുകയായി.
സഹവർത്തിത്വത്തിന്റെ പെരുമ വിളിച്ചോതുന്നവയായി SPB യുടെ സംഗീതനിശകൾ.
കലയുടെ നിറവുകളിലേയ്ക്ക് തലമുറകളെ ചേർത്തുപിടിച്ച ആ ശരീരം നിശ്ചലമായി.
ആത്മാവിന്റെ മിടിപ്പുകളിലേയ്ക്ക് ഊർന്നിറങ്ങിയ ആ സ്നേഹസ്വരം നിലച്ചു.
ഒപ്പം ജീവിക്കാൻ കഴിഞ്ഞ മഹാഭാഗ്യം മാത്രം നമുക്ക് വിട്ടു തന്നു കൊണ്ട് ആ മഹാഗായകൻ വിട പറഞ്ഞു.
ഒരു നിമിഷം കാലം ഇവിടെ നിശ്ചലമാകുന്നു.
ആ സ്വരം വീണ്ടും കേൾക്കാൻ മാത്രം.

Wednesday, 8 March 2017

വ്രണിതം

വ്രണിതം

സ്ത്രീയേ,
പകയ്ക്കരുത്
പ്രണയം
ശരീരമായി പരിണമിച്ചതറിയുക.
സ്നേഹം അധമവും.
ആരും,അധികാരിയും, അറിഞ്ഞില്ലെന്നു നടിക്കുന്നത്
അവസരം പാർക്കുന്നതാണ്
ഇരയെ തകർക്കാനുള്ള അടവ്.
ഇര മാത്രമാണ്  എല്ലാം,എവിടെയും
തനിച്ചും തകർന്നും.
നന്മയുടെ ഉറവുകളെ
സ്നേഹത്തിന്റെ ഈടുവയ്പുകളെ
മറന്നത് അല്ലെങ്കിൽ
അങ്ങനെ ഭാവിച്ചത്
അടവായിരുന്നു.
ആരും ഒന്നും മറക്കുന്നില്ല.
ഒരിയ്ക്കലും.
വരമ്പത്തു വിടർമിഴികളുമായി
കാത്തു നിന്ന പുലർകാല സ്വപ്നങ്ങളെ,
ഇരുൾച്ചിറകുമായിവന്ന്
വാരിപ്പുണർന്ന്
ചുടുചുംബനങ്ങൾ കൊണ്ടുമൂടിയ സാന്ധ്യ നിശീഥങ്ങളെ,
താനറിയാതെ അലഞ്ഞ് വശംകെട്ട്
പതറി എത്തിയ രാത്രികളിൽ
ഇമയടയ്ക്കാതെ കാത്തിരുന്ന
ഒരുപിടിച്ചോറിന്റെ കദനങ്ങളെ,
പനിയുറക്കത്തിന്റെ വിസ്മൃതിപ്പരലുകൾ
തകർക്കാതിരിക്കാൻ
പെരുവിരൽ ഊന്നിയെത്തിയ
ഉടപ്പിറന്നവളുടെ
സ്നേഹക്കരുതലുകളെ,
ദുരനുഭവങ്ങളുടെ തീക്കാറ്റേറ്റ്
വല്ലാതെ കറുത്തിട്ടും
പ്രതീക്ഷ കൊണ്ട് വിളക്കിയ
ചിരിയുമായി പടിമേൽ കാത്തിരിക്കുന്നവളുടെ
പ്രണയ പരിഭവങ്ങളെ,
മകളുടെ
വായ കെട്ടിയ
മോഹങ്ങളുടെ ഇരുണ്ട
വിങ്ങലുകളെ,
ആരും, ഒന്നും മറക്കുന്നില്ല.
സത്യം.
നാം പുറപ്പെട്ടിടത്തു തന്നെ തിരിച്ചെത്തിക്കഴിഞ്ഞു
മൃഗചോദനകൾ
വന്യവാസനകൾ
വെളുത്തതായൊന്നും
അവശേഷിക്കുന്നില്ല
 എവിടെയും കറുപ്പിൽ വരഞ്ഞ
ദാരുണ ചിത്രങ്ങൾ മാത്രം.
വലക്കണ്ണികളിൽ തിരഞ്ഞും
മുഖപുസ്തകത്തിൽ പരതിയും
അന്വേഷിച്ചെടുത്തത്
അഴുകിയവാസനകളെ.
പകർത്തിയെഴുതി പഠിച്ചത്
വികൃതചിത്രങ്ങൾ
തീക്കാറ്റിനെ മലവെള്ളം
കൊണ്ട് തടയാം.
ഒഴുകിപ്പരന്ന ദുർവ്വാസനകൾ
എല്ലാ നിയന്ത്രണങ്ങൾക്കും
അതീതമാണ്.
രഹസ്യത്തിന്റെ താക്കോൽ
തിരഞ്ഞ് അലയുന്നു,എല്ലാവരും.
 കപടമാണ് എല്ലാം.
അഭിനയമാണ് എങ്ങും.
അലിവുള്ളതൊന്നും അവശേഷിച്ചിട്ടില്ല,എവിടെയും.
ദൂഷിതമാണ് എന്തും.
ഇത് ദ്വാപരത്തിന്റെ
പ്രേതാവിഷ്ടർ.
പ്രതീക്ഷിക്കാനൊന്നുമില്ല.
വേണുഗാനവും കടലെടുത്തു.
ഇനി
സ്ത്രീയേ,
 കരുതുക
നിനക്ക് നീ താൻ തുണ.



.



















Tuesday, 28 February 2017

സഹനം


അനാഥത്വത്തിന്റെ
കറുത്തവേദന പകലിരവുകളിൽ കരളുപിളർത്തിയപ്പോൾ
കരയാതിരിയ്ക്കാൻ നീ
വിതുമ്പലിൽ
ചുണ്ടമർത്തി.
തണലിട്ട കൈ തളർന്നപ്പോൾ
തകരാതിരിക്കാൻ
നീ പുകഞ്ഞു നീറി.
മധുരിച്ചതെല്ലാം
നിനക്ക് വിഷം.
നിറചിരി കണ്ണീർക്കടൽ.
പൊട്ടിയും ശീവോതിയും
ആതിരയും നിറനിലാവും
നിറം മങ്ങിയ വളപ്പൊട്ടുകൾ.
പാകിമുളപ്പിച്ചവയെ
ചാഴികുത്താതെ കാക്കാൻ
നീ എരിപ്പന്തമായി.
വേനലറുതി പടികടന്നു
വേലയും വിഷുവുമെത്തി.
അധികപ്പറ്റിന്റെ
നൊമ്പരങ്ങളില്ലാതെ
മക്കൾക്ക്സ്വൈരംപെറ്റു നൽകി
നീ
നിറഞ്ഞ കളത്തിനു പുറത്തേയ്ക്ക്.
ആരോടും പരിഭവിക്കാതെ.
എരിഞ്ഞുതീരാൻ
ഇനിയും ഒരു ജന്മം….

Friday, 23 October 2015

വയൽക്കൊറ്റികൾ

കൺമുന്നിൽ പാടങ്ങളുമായാണ് എന്റെ കാഴ്ച മിഴിഞ്ഞതുതന്നെ.ആദ്യമായി കേട്ടെടുത്ത പദങ്ങളിൽ ഉഴവുകാരുടെ വായ്ത്താരിയായ ഇമ്പ ഹേ......  യും ഉണ്ടായിരുന്നു.ആജ്ഞയുടെ അനുശീലങ്ങളായ വലത്തേ,ഇടത്തേ എന്നിങ്ങനെ അമർത്തി ഉച്ചരിക്കുന്ന ചില പദാവലികൾ കൂടിയായാൽ എന്റെ ബാല്യകാല പദകോശം സമ്പൂർണ്ണമായെന്നു തന്നെ പറയാം.അതിവെളുപ്പിനു തന്നെ പാടങ്ങളിൽ ഉഴവിറങ്ങും.ഇടവപ്പാതിയും കന്നിയൊഴിവും പെയ്തു നിറച്ച രാവകങ്ങളെ ആർദ്രമാക്കി നനുത്ത മഞ്ഞും കുളിരും വിരുന്നുവരുന്ന പുലർ കാലങ്ങളിൽ പലപ്പോഴും പൂണ്ടുറക്കത്തിൽ വിരൽ തൊട്ടു വിളിച്ചിരുന്നത് പോത്തിന് കാളയെ ഇണചേർത്ത് എരു മെനഞ്ഞ ചെപ്പടിവിദ്യക്കാരനായ ഉഴവുകാരന്റെ സ്നേഹം നിറഞ്ഞ ആക്രോശങ്ങളായിരുന്നു.ആരും ഉറക്കെണീറ്റിട്ടില്ലാത്ത ആ നേരത്ത് മെല്ലെ ഇറയത്തെ തട്ടുപടിമേൽക്കിടന്ന് നേർത്ത പുലർ നിലാവിൽ തെളിയാ നിഴലുകളായി  ഇടറി നീങ്ങുന്ന ഉഴവുകാരുടേയും ഉരുക്കളുടേയും ചിത്രം നോക്കിയിരുന്നത് ഇപ്പോൾ നൊമ്പരപ്പടുത്തുന്ന ഓർമ്മകളായിരിക്കുന്നു.അന്ന് വീട്ടിലെ കൃഷിനടത്തിപ്പുകാരിയായി വിലസിയിരുന്ന അമ്മൂമ്മയും പ്രധാന ഉഴവുകാരനും തമ്മിൽ അടുത്ത കൃഷിക്ക് പയറ്റേണ്ട ഉഴവു തന്ത്രങ്ങളുടെ ബ്ളൂപ്രിന്റെടുക്കുന്നതിനായി നടന്നുവരാറുള്ള ചില നാടൻ സംഭാഷണ ശകലങ്ങളും പാടങ്ങളുമായി ബന്ധപ്പെട്ട ഓർമ്മക്കൂട്ടിലുണ്ട്.അക്കനെന്നാണ് സ്നേഹ ബഹുമാനങ്ങൾ വിളക്കിച്ചേർത്ത് കുറുപ്പമ്മാവൻ അമ്മൂമ്മയെ വിളിക്കാറുള്ളത്.കളകയറിയ ഞാറ്റടി വിതയ്ക്കു മുന്നൊരുക്കമായി രണ്ടു ചാല് പൂട്ടിയിടണമെന്നോ മുപ്പറയിൽ കഴിഞ്ഞ പൂവിന് പൂട്ടിയപ്പോഴേ മണ്ണിളക്കം കുറവായി കണ്ടെന്നും അതുകൊണ്ട് ഇത്തവണ രണ്ട് ചാൽ അധികം ഉഴണമെന്നോ അതുമല്ലെങ്കിൽ  കന്നിക്കൊരുക്കുമ്പോൾ ഇത്തവണ പച്ചില കുറച്ചധികം ചേർത്തഴുക്കണമെന്നോ ഒക്കെയാകും കുറുപ്പമ്മാവന്റെ ഡിമാന്റുകൾ.അംഗീകരിച്ചാലും ഇല്ലെങ്കിലും ഇതൊക്കെ പറയേണ്ടത് തന്റെ കടമയാണെന്നാണ് കുറുപ്പമ്മാവന്റെ മനസ്സിലിരിപ്പ്.കുറുപ്പമ്മാവന് വേണ്ടത്ര ബഹുമാനം കൊടുക്കുന്നതിന് അമ്മൂമ്മയും ഒരു കുറവും വരുത്തുമായിരുന്നില്ല.ചായയും കുടിച്ച് മൂന്നുംകൂട്ടി വിസ്തരിച്ചൊരു മുറുക്കും കഴിഞ്ഞ് കുറുപ്പമ്മാവൻ പടികടന്നു മറയുമ്പോൾ കൃഷിയുടെ അവാച്യമായ ദൃശ്യാനുഭുതി പടിയിറങ്ങിപ്പോകുന്നതായാണ് അന്ന് തോന്നാറുണ്ടായിരുന്നത്.മഴയേയും വെള്ളത്തേയും ഒഴിവാക്കി എന്തു പറഞ്ഞാലും അത് പാടത്തിന്റെ ചെറു വരമ്പിനെ പോലും സ്പർശിക്കുന്നതാകില്ല.തിമിർത്ത മഴയിൽ വെള്ളം നിറഞ്ഞ പാടത്ത് തലയൊന്ന് പുറത്തുകാട്ടാൻ വെമ്പി വിതുമ്പി നില്ക്കുന്ന ഞാറിൻ തലപ്പുകളും പെട്ടെന്ന് വീണുകിട്ടിയ മീൻ സദ്യയിൽ മനം മയങ്ങി സ്ഥലകാലങ്ങൾ മറന്ന് നനഞ്ഞൊട്ടിയ മേനിയുമായി ഒറ്റക്കാലിൽ തപസ്സുചെയ്യുന്ന വെള്ളക്കൊറ്റികളും വയലേത് വരമ്പേതെന്ന് അറിയാതെ തപ്പിത്തടഞ്ഞ് ഒടുവിൽ വെള്ളക്കെട്ടിലേയ്ക്കുതന്നെ മറിഞ്ഞ് ആകെ വശം കെടുന്ന വയൽയാത്രക്കാരും പാടത്തെ മഴവെള്ളം ഉത്സവമാക്കി കടിപിടികൂടി കെട്ടിമറിഞ്ഞ്  ആകെ അലങ്കോലമാക്കുന്ന വളർത്തു നായ്ക്കൂട്ടവും പാടത്തിന്റെ മാത്രം ഓർമ്മത്തുരുത്തുകളാണ്.സ്ഥലത്തെപാട്ടുകാരെക്കൂടി ഉൾപ്പെടുത്താതിരുന്നാൽ ഈ ഓർമ്മക്കളി അപുർണ്ണമായിപ്പോയേയ്ക്കാം.മഴ വരുന്നതറിയിക്കുന്നതു മുതൽ പെട്രോമാക്സിന്റെ കണ്ണഞ്ചിക്കുന്ന മാസ്മരവെളിച്ചത്തിൽ കുരുങ്ങി ഏതെങ്കിലും ഭാഗ്യാന്വേഷിയുടെ പൊക്കണത്തിൽ കുടുങ്ങുതുവരേയും ആ പാട്ട് മഴയുടെ സംഗീതത്തെ പാടി മുഴുമിപ്പിച്ചുകൊണ്ടേയിരിക്കും.നമുക്കായി അത് ഓർമ്മയിൽ വേദനയുടെ പുതിയ ചിത്രക്കൂടുകൾ പണിതുവയ്ക്കുകയും ചെയ്യും.

                                 നികത്തിയ പാടങ്ങളുടെ ഗതിവിഗതികൾ ചർച്ചചെയ്യപ്പെടുന്ന ഇക്കാലത്ത്  വരും തലമുറകൾക്ക് നാം നഷ്ടപ്പെടുത്തിയത് എന്തായിരുന്നെന്ന് വെറുതേ ഒന്നോർത്തുനോക്കുകയായിരുന്നു.ഉള്ളിൽ കൊള്ളേണ്ടത് പലതും പുരപ്പുറത്തുപോലുമില്ല എന്ന അവസ്ഥയായി.നെല്ല് കണികാണാനില്ല.തൊട്ടടുത്ത വീട്ടിൽ നേദിച്ച പറനെല്ല് പണം നൽകി വാങ്ങി വീണ്ടും കാണിക്ക വച്ച് നാം തേവരുടെ മുന്നിലും സ്വയം അപഹാസ്യരാകുന്നു.എന്തിനും പണം പകരക്കാരനായപ്പോൾ നമ്മുടെ മൂല്യം ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തിയത് നാം അറിഞ്ഞില്ല.മുന്തിയ ജീവിത സൌകര്യങ്ങൾ ലക്ഷ്യം വച്ച് നാം പാടങ്ങളെ വരഞ്ഞുകീറി റോഡുകൾ നിർമ്മിച്ചു.അവയ്ക്ക് കയറിയിറങ്ങിപ്പോകാൻ പാലങ്ങളും ഒരുക്കി നൽകി.എല്ലാം നല്ല ലക്ഷ്യങ്ങളോടെയായിരുന്നു.പക്ഷേ റോഡുകളും പാലങ്ങളും കടന്നെത്തിയത് വികസനത്തേക്കാളുപരി ഭൂമാഫിയയായിരുന്നു.പുതിയ തൊഴിൽസംസ്കാരം കൊണ്ട് സ്വതേ പൊറുതിമുട്ടിയിരുന്ന ചെറുകിട നാമമാത്ര കർഷകർ നിലങ്ങൾ സ്വാഭാവികമായും തീറെഴുതി.പിന്നീടുള്ളതെല്ലാം ചരിത്രമാണ്,ഒരർത്ഥത്തിൽ രാഷ്ട്രീയവും.ഇവിടുത്തെ വിഷയം മറ്റൊന്നാണ്.കൃഷി കൈമോശം വന്ന  സമൂഹത്തിന് യഥാർത്ഥത്തിൽ നഷ്ടമായത് ഒരു സംസ്കൃതിയാണ്.സംസ്കൃതിയെന്നാൽ കഴിഞ്ഞുപോയ തലമുറകളുടെ സാംസ്കാരികമായ ഈടുവയ്പ്.അഭിമാനിക്കാൻ ഏറെയുണ്ടായിരുന്ന,വരും തലമുറകളിലേയ്ക്ക് കൈമാറാൻ നാം ഓരോരുത്തരും ബാധ്യതപ്പെട്ടിരുന്ന ഒന്നായിരുന്നു അത്.ഒരു നിയമനിർമ്മാണത്തിനും അതിനെ തിരിച്ചുകൊണ്ടുവരാനോ പുന: സൃഷ്ടിക്കാനോ കഴിയില്ല.അവശേഷിക്കുന്ന കൃഷിയിടങ്ങളെയെങ്കിലും സംരക്ഷിക്കാനുള്ള ആർജ്ജവമാണ് നമുക്കുണ്ടാകേണ്ടത്.അതിനുവേണ്ടി പഴുതറ്റ നിയമങ്ങൾ നിർമ്മിക്കാൻ നമ്മുടെ ജനപ്രതിനിധികൾക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.

Thursday, 22 October 2015

ചില വിദ്യാരംഭ ദിന ചിന്തകൾ

ഇന്ന് വിദ്യാരംഭ ദിനം
നാം ആർജ്ജിക്കുന്നതിലും ആർജ്ജിക്കേണ്ടതിലും വച്ച് ഏറ്റവും ശ്രേഷ്ഠമാണ് വിദ്യയെന്ന് അഭിജ്ഞമതം.
വിദ്യകൊണ്ട് അറിയേണ്ടത് അറിയുന്നതിലാണ് കാര്യം.
തമസ്സിൽ നിന്നും ജ്യോതിസ്സിലേയ്ക്കും
മൃത്യുവിൽ നിന്നും അമരത്വത്തിലേയ്ക്കും നയിക്കേണ്ടതാണ് വിദ്യ.
അങ്ങനെയുള്ളതാകണം വിദ്യ.
ഇന്നത്തെ വിദ്യ അത്തരം ലക്ഷ്യങ്ങളിൽ നിന്ന് ഏറെ അകന്നിരിക്കുന്നു.
വിദ്യാധനം സർവ്വധനാത് പ്രധാനം എന്ന ചൊല്ല്
ധനസമ്പാദ്യാത് പ്രധാനം വിദ്യ എന്ന് മാറ്റി വായിയ്ക്കേണ്ടിയിരിക്കുന്നു.
മരങ്ങൾ ചായുന്നു ഫലാഗമത്തിനാൽ എന്ന കവിവാക്യം വിദ്യാധനം

 നേടിയവർക്കുണ്ടായിരിക്കേണ്ടുന്ന വിനയത്തേയും ലക്ഷ്യം വയ്ക്കുന്നുണ്ട്.
വിനയവും വിവേകവും വിദ്യയിൽ നിന്നും ഏറെ അകലെയല്ല
അങ്ങനെ ആകാനും പാടില്ല.
വിവേകശാലികളല്ലാത്ത വിദ്യക്കാരെ പൂന്താനം കണക്കറ്റ് പരിഹസിച്ചിരുന്നത് ഓർത്തിരിയ്ക്കാം.
ഈ വിദ്യാരംഭ ദിനം വിവേകശാലികളായ ഒരു പുതുതലമുറയ്ക്ക് ആദ്യാക്ഷരം കുറിക്കട്ടെ എന്ന് നമുക്ക്

സർവ്വശക്തനോട് പ്രാർത്ഥിക്കാം.

Friday, 14 June 2013

മഴയിരമ്പം

വടക്കേപ്പുറത്ത് ഓല കെട്ടിയ ഒരു ചായ്പായിരുന്നു കുട്ടിക്കാലത്തെ വീട്ടിലുണ്ടായിരുന്നത്.തുലാവർഷവും ഇടവപ്പാതിയും പെയ്തൊഴിയുന്നത് ചായ്പിന്റെ ഇറമ്പിൽ നിന്നും വീണൊഴിയുന്ന മഴയുടെ ആരവങ്ങളിൽ നിന്നാണ് അറിഞ്ഞിരുന്നത്.മഴ അക്കാലത്ത് വലിയ ദൌർബല്യമായൊന്നും മാറിയിരുന്നില്ല. മറിച്ച് ഏകാന്തതയെ ഓമനിച്ചുകൊണ്ടുള്ള പറമ്പിലെ എന്റെ ഇടനടത്തങ്ങൾക്ക് അത് തടസ്സം സൃഷ്ടിച്ചിരുന്നത്  എന്നെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നുവെന്നുവേണം പറയേണ്ടത്.അറുപതുകളുടെ അന്ത്യത്തിലും എഴുപതുകളുടെ തുടക്കത്തിലുമായി ഞാൻ കൈമാറിയ എന്റെ നനഞ്ഞ ബാല്യത്തിന്റെ ഈ മഴ ഇന്നത്തെ തലമുറയ്ക്ക് ഊഹിയ്ക്കാവുന്നതിനും അപ്പുറത്താണ്.ആഴ്ചകളോളം നിർത്താതെ, ധാരമുറിയാതെ, ഇറമ്പിൽ നിന്നും തളരാതെ തോരാതെ മഴപെയ്തൊഴിയുന്നത് (അതോ പെയ്തു നിറയുന്നതോ)മുറിഞ്ഞ താളത്തിൽ,ഇടർച്ചയോടെ മാത്രം മഴ ചൊരിയുന്ന ഇന്നത്തെ കാലത്തിന് ഒരത്ഭുതം തന്നെയാകാം.അന്നൊക്കെ തപസ്സിരിക്കും, ആ ധാരയൊന്നു മുറിഞ്ഞുകാണാനായി കാത്തിരിക്കും.എന്നിട്ടുവേണം നനഞ്ഞ മഞ്ഞച്ച മഴവെയിലിൽ കാശിത്തുമ്പകളോട് കിന്നാരം പറയാനെത്തുന്ന വയൽത്തുമ്പികളോട് എനിക്കിത്തിരി സ്വകാര്യം പറയാൻ.നനഞ്ഞൊട്ടിയ ചിറകുകളുമായി കൂട്ടിൽ വിശന്നിരിക്കുന്ന ഇത്തിരികൾക്ക് അടുക്കളയുടെ പിന്നാമ്പുറത്തെ എച്ചിൽകുഴിയായി പരിണമിച്ച തെങ്ങിൻചുവട്ടിൽ തീറ്റ പരതുന്ന കാക്കകളോട് കാണാതെ പോയ എന്റെ നുണുങ്ങു പമ്പരത്തെപ്പറ്റി പരിഭവം പറയാൻ-അങ്ങനെ പലതുമുണ്ട് മഴ കാരണം മുടങ്ങിപ്പോയ ചെറിയ വലിയ സ്വകാര്യങ്ങൾ.പക്ഷേ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും
 പലപ്പോഴും നിരാശയാകും ഫലം.പിണങ്ങിപ്പോയ കണവൻ തിരിച്ചെത്തുമ്പോഴുള്ള ആനന്ദക്കണ്ണീരുമായി കാറു നിറഞ്ഞ മാനം പിന്നെയും നീർവീഴ്ത്തുകയായി.ആദ്യം നുനുനുനെ പിന്നെ കുനുകുനെ പിന്നെ ചറുപിറെ പിന്നെ ആവേഗമാർന്ന് പത്തിവിടുർത്തി സീൽക്കാരത്തോടെ ആഞ്ഞടുക്കുന്ന മഴനാഗിനിയായി.ഇറമ്പിൽ നിന്നും അലച്ചുമറിയുന്ന മഴവെള്ളം നോക്കിയിരുന്നാൽ സമയം പോകുന്നതറിയില്ല.ഒരായിരം പത്തികളുമായി കുതിച്ചുചാടി നിലത്തുവീണഴിയുന്ന നാഗിനികൾ. അവരുടെ വീണടിയാനുള്ള ആവേശം തീർക്കുന്ന മഴയിരമ്പം.എത്ര കേട്ടാലും മതിവരാത്ത ആ ഇരമ്പമാണ് മനസ്സിൽ കവിതയുടെ, സംഗീതത്തിന്റെ ആദിതാളമുതിർത്തത്.ഇറമ്പിലെ മഴവെള്ളച്ചാട്ടത്തിൽ ഞാൻ നിനവു കണ്ടറിയാത്ത നദികളില്ല.വല്ലിയും ഇല്ലിയും പാറക്കെട്ടും കുന്നും മേടും ചരിവും പാമ്പാടുംചോലകളും മഴക്കാടുകളും എല്ലാം പുരപ്പുറത്താണ്.ഹിമവൽ ശൃംഗങ്ങളും ഹിമാനികളുംകൈലാസവും മാനസസരസും അവിടത്തന്നെ.പുരപ്പുറത്ത് ഉത്ഭവിച്ച് നിറഞ്ഞ് ഒഴുകിപ്പരന്ന് ഒടുവിൽ ഇറമ്പിലൂടെ നിലത്തേക്ക് മറിയുമ്പോൾ എനിക്കത് ഗംഗയും യമുനയും അളകനന്ദയുമെല്ലാമായി.കണ്ണന്റെ മൃദുപാദപതമേറ്റ് വിവശനായ കാളിയൻ മദവിഷം തള്ളിയ കാളിന്ദിയായി, നിറഞ്ഞപെരിയാറും തുടുത്ത കാവേരിയുമായി.അങ്ങനെ എന്തെല്ലാമോ ആയിമാറിയിരുന്നു ഓരോ മഴക്കാലവും.തൊടി കഴിഞ്ഞാൽ പിന്നെ വെള്ളം നിറഞ്ഞ പാടങ്ങളാണ്.മഴതോർന്നാൽ അവിടെ ചിലരുടെ വിശേഷങ്ങളും ചോദിച്ചറിയാനുണ്ട്.ഉമ്മറത്തെ ചട്ടുകാലൻ തട്ടുപടിയുടെ മുകളിൽ ചരിഞ്ഞു കിടന്നാൽ പാടവും തപസ്സുചെയ്യുന്ന കൊറ്റികളേയും കാണാം.തോർന്ന മഴയ്ക്കിടയിലൂടെ പാറി നടക്കുമ്പോൾ വെളുത്തകൊറ്റികൾക്ക് ഒരു പ്രത്യേക സൌന്ദര്യമാണ്.തൊടിയിലേയ്ക്കിറങ്ങിനിന്ന് പോക്കണാം തവളകളുടെ വിശേഷങ്ങൾ ചോദിക്കാമെന്നുവച്ചാൽ ഇന്നലെ സന്ധ്യക്ക് പോംപോം വിളിച്ചവരിൽ ഇന്ന് പരിചയക്കാരെത്രയുണ്ടെന്നറിയില്ല.രാത്രി തോട്ടുവരമ്പത്തുകൂടി ഒത്തിരി പെട്രോമാക്സുകൾ നടന്നുപോകുന്നത് കണ്ടിരുന്നു.പിൻകാലുകൾ മുറിച്ചെടുത്ത മരിക്കാത്ത തവളകളുടെ തീരാ ശാപമാണ് പാടങ്ങളെല്ലാം വറ്റിച്ചതെന്ന് വിശ്വസിക്കാനാണ് ഇന്നും എനിക്കിഷ്ടം.

                ഇന്നും മഴ പെയ്തു നിറഞ്ഞ പാടങ്ങളെ,അതിലെ തുയിലുണർത്തുന്ന പോക്കണാം തവളകളെ,ഒറ്റക്കാലിൽ തപസ്സുചെയ്യുന്ന കൊറ്റികളെ,മഴപ്പൂക്കൾ നിറഞ്ഞ പാട വരമ്പുകളെ,പാറുന്ന തുമ്പിക്കൂട്ടങ്ങളെ,മഴമഞ്ഞു മൂടിയ മരത്തലപ്പുകളെ ഞാൻ സ്വപ്നം കാണുന്നു. അപ്പോഴെല്ലാം നമ്മുടെ കുഞ്ഞുങ്ങളെക്കുറിച്ച്, അവരുടെ നഷ്ടങ്ങളെക്കുറിച്ച് സങ്കടത്തോടെയോർക്കുന്നു..........

Monday, 14 January 2013

കഥയിലെ കഥ



        

കഥയിലെ കഥ


          പുതിയ കാലത്തിന്റെ ആവശ്യങ്ങളെ രചനയ്ക്ക് വിഷയമാക്കുമ്പോഴാണ് പുതിയ സാഹിത്യം പിറവികൊള്ളുന്നത്.പാരമ്പര്യവും സംസ്കാരവും ഏതു കാലത്തേയും സാഹിത്യത്തിന് എലുകകൾതീർക്കാമെങ്കിലും ഉള്ളടക്കത്തിന്റേയും ആവിഷ്കാരത്തിന്റേയും കാലികമായ പ്രവണതകളുൾക്കൊള്ളുന്നതിലൂടേയും ചിലപ്പോൾ നവീകരിക്കുന്നതിലൂടേയും സാഹിത്യവും അതിന്റെ വിഭിന്ന രൂപങ്ങളും പുതിയ തലങ്ങളാർജ്ജിക്കുന്നു.ജീവിതത്തിന് അനന്ത സാധ്യതകളാണ് മൊബൈൽഫോണുകളും കംപ്യൂട്ടറും ഇന്റർനെറ്റുമെല്ലാം ചേർന്ന്ഒരുക്കിയിട്ടുള്ളത്.അതോടൊപ്പംതന്നെ നിത്യജീവിതം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും മാറിയിട്ടുണ്ട്.സ്വാഭാവികമായും പ്രശ്ന പരിഹാരത്തിനുള്ള അന്വേഷണങ്ങളും പരിഹാരമെന്നുതോന്നുന്ന വസ്തുതകളുടെ കലാപരമായ ആവിഷ്കാരങ്ങളും സാഹിത്യത്തിലും സംഭവിക്കുന്നു.ശ്രീ സുസ്മേഷ്ചന്ത്രോത്തിന്റെസമൂഹവാഴ്‌ചക്കെതിരെയുള്ള ഒരു മരണസന്ദര്‍ഭം എന്ന കഥയെ ഈ പരിപ്രേക്ഷ്യത്തിലൂടെ നോക്കിക്കാണാനാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്.
                      തിരിച്ചറിയപ്പെടാത്ത വിഹ്വലതകളാണ് ഇന്നത്തെ മനുഷ്യന്റെ ജീവിതത്തെ കൂടുതൽ ദയനീയമാക്കിത്തീർക്കുന്നത്.സയൻസും കച്ചവടവും കൂടി അവന്റെ ജീവിതത്തിന് ഉണ്ടാക്കിക്കൊടുത്ത അഭിവൃദ്ധി ഇന്നവന് താങ്ങാൻ വയ്യാത്തത്രഅളവിലായിട്ടുണ്ട്.ഇവയെല്ലാംകൂടി ജീവിതത്തിന് പകർന്നവേഗമാകട്ടെ അവന്റെ എല്ലാ ഭാവനാവേഗങ്ങളേയും അതിലംഘിക്കുന്നതുമായി.മുൻകാലങ്ങളിൽ നിലനില്പിന്റെ പൊല്ലാപ്പുകളുംചില കേവലമായ കല്പനാദുഃഖങ്ങളുമാണ് അവനെ അലട്ടിയിരുന്നതെങ്കിൽ ഇന്ന് സ്ഥിതി മാറിക്കഴിഞ്ഞു.പരമ്പരാഗതമായി അവന് ദുഃഖങ്ങൾ നല്കിയിരുന്ന ആധിവ്യാധികളെ ഇന്ന് കണികാണാനില്ല.സാഹിത്യത്തിലും ഇതര കലാരൂപങ്ങളിലുംമൃദുലമായതെല്ലാം അരങ്ങൊഴിഞ്ഞു കഴിഞ്ഞു.ഇന്നത്തെ ബന്ധങ്ങളിലും അതൊന്നുമില്ലാത്തതിൽ പരിഭവിച്ചിട്ടു കാര്യവുമില്ല.കാരണം വേഗം കവർന്ന് രൂപഭംഗം വരാത്ത ഒന്നും ഇപ്പോൾ ശേഷിക്കുന്നില്ല എന്നതു തന്നെ.ബന്ധങ്ങളുടെ മൂല്യമോ സ്നേഹത്തിന്റെ കേട്ടുപാടുകളോ തിരയേണ്ട കാര്യമില്ല.കൈ നിറയെ പണം,അനുകൂലം മാത്രമായ ജീവിത സാഹചര്യങ്ങൾ.എന്തിന്റെ കുറവിലാണ് ഒന്ന് ദുഃഖിക്കുക എന്ന് ചിന്തിച്ചുപോകുന്ന തലമുറയുടെ തിരിച്ചറിവുകളാണ് ഇനി ആവിഷ്കരിക്കപ്പെടേണ്ടത്.ശ്രീ സുസ്മേഷ് ചന്ത്രോത്തിന്റെ കഥ ഈ തലത്തിലുള്ള ഒന്നാണ്.
                   വലിച്ചെറിയപ്പെടേണ്ട പലതും വച്ചുകെട്ടായി നമ്മോടൊപ്പമുണ്ട് എന്ന കണ്ടുപിടുത്തത്തിലേക്ക് എത്തിച്ചേരുന്നത് പ്രശ്നങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയതിന്റെ പ്രാരംഭ ലക്ഷണമായി കണക്കാക്കാം.മാത്രവുമല്ല ഈ കണ്ടെത്തൽ മുൻപേ നടന്ന ചിലർ പ്രാരംഭചികിത്സക്കായി ഉപദേശിച്ചിട്ടുള്ളതുമാണ്.ദുഃഖങ്ങൾ ഒഴിവാക്കാൻ നിരാസം പരിശീലിക്കണമെന്ന് ഇന്ന് ആരോടും നേരിട്ട് കയറി ഉപദേശിക്കാൻ ധൈര്യപ്പെടാതിരിക്കുന്നതാണ് നല്ലതെന്നു വരുമ്പോൾ കഥാകൃത്തിന്റെ വഴി ഉചിതമെന്നും വരുന്നു.ഇവിടെ സെൽഫോൺ ഉപേക്ഷിക്കാനെടുക്കുന്ന അത്രതന്നെ ഗ്ളാമറില്ലാത്ത ഒരു തീരുമാനത്തെതികച്ചും ഗ്ളാമറസാക്കിത്തീർക്കുന്ന ക്രാഫ്റ്റിൽ കഥാകൃത്ത് വിജയിച്ചിട്ടുണ്ട്.
                   സ്വകാര്യമായി സൂക്ഷിക്കേണ്ടുന്ന എന്തിനേയും പരസ്യപ്പെടുത്തി അശ്ലീലച്ചുവയുള്ള ഒരു പരിഹാസമായി ജീവിതത്തെ മാറ്റിമറിക്കുന്നതിൽ സെൽഫോണുകളുടെ പങ്ക് വളരെ വലുതാണ്.ഇതാകട്ടെ സൌകര്യങ്ങളുടെ മായാവലയിൽ പെടുത്തി നമ്മുടെ ചിന്താശേഷിയേയും പ്രതികരണശേഷിയേയും വരെ വന്ധ്യംകരിച്ചും കഴിഞ്ഞു.സെൽഫോണുപേക്ഷിക്കാൻ ധൈര്യമുണ്ടോ എന്ന അർത്ഥം വരുന്ന മേയറുടെ ചോദ്യം നമ്മുടെ ഉള്ളങ്ങളിൽ അണുബോംബായി വന്നുവീഴുമ്പോൾ ഞെട്ടാതിരുന്നിട്ട് കാര്യമില്ല.ഒടുവിൽ അത് ഉപേക്ഷിക്കാനെടുത്ത തീരുമാനത്തെക്കുറിച്ചുള്ള അന്വേഷണത്തിന് അടുത്ത കാലത്തെടുത്ത തീരുമാനങ്ങളിൽ ഏറ്റവും നന്നായത് എന്ന സേവ്യറുടെ ഏതാണ്ട് തന്നോടുതന്നെയുള്ള പ്രതികരണം നമ്മിലേക്കും നീണ്ടുവരുന്ന ഒരന്വേഷണമായി മാറുന്നു.ഈ ധൈര്യവും തിരിച്ചറിവും നഷ്ടപ്പെട്ടതോ നഷ്ടപ്പെടുത്തിയതോ ആയ ജീവിതമൂല്യങ്ങളെ കൈയെത്തിപ്പിടിക്കാനുള്ള ഒരാവേശമായി പരിണമിക്കുന്നത് ശവമടക്കിന്റെ അന്ത്യനിമിഷങ്ങളിൽകാണാം.എല്ലാപ്രാർത്ഥനകളും കഴിച്ച് കുഴിയിലേക്കെടുക്കുന്ന ഒടുവിലെ നിമിഷങ്ങളിൽ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് വീണ്ടും സെൽഫോൺ ശബ്ദിക്കുകയാണ്.അവസാനകോളായി വേണമെങ്കിൽസ്വീകരിക്കാം എന്ന പാതിരിയുടെ നിർദ്ദേശത്തെ നിഷ്കരുണം സേവ്യർ നിരസിക്കുന്നത് ആ ശവം ഇനിയും ശബ്ദിക്കുമെന്ന് പറഞ്ഞുകൊണ്ടാണ്.കഴിഞ്ഞ കുറേക്കാലമായി ഒഴിയാബാധയായി കൂടിയിരുന്ന ഒന്നിനെ എന്നേക്കുമായി ഒഴിപ്പിക്കാനെടുത്ത തീരുമാനം ഉറച്ചതാണെന്ന് സേവ്യർ വെളിപ്പെടുത്തുമ്പോൾആ പ്രവർത്തിക്ക് പുതിയ മാനങ്ങളുണ്ടാകുകയാണ്.വായടച്ചുകെട്ടിയാലും മിണ്ടിക്കൊണ്ടേയിരിക്കുന്ന ആധുനികാവസ്ഥകളുടെ അസ്വസ്ഥതകളെ എന്നേക്കുമായി കുഴിച്ചുമൂടുകയല്ലാതെ മോക്ഷത്തിന് വഴിയില്ലെന്ന ഈ തിരിച്ചറിവ് കഥക്ക് പരിണാമഗുപ്തിയേകുന്നു.
                   പക്ഷേ സ്വസ്ഥതതേടിയുള്ള ഈ നിരാസത്തെ സ്ഥായിയായ ജീവിതവിരക്തിയെന്നൊന്നും തെറ്റിദ്ധരിക്കാനില്ല എന്നതിന്റെ സൂചനകൾഅവശേഷിപ്പിച്ചുകൊണ്ടാണ് കഥ പറഞ്ഞുതീരുന്നത്.അത്തരം ഒരു വളർച്ചയോ പരിണാമവ്യഗ്രതയോ അവശേഷിപ്പിക്കാത്തത് കഥയുടെ പോരായ്മയാണെന്നു വരാം.അതേ സമയം ആധുനിക ജീവിതം അഭിമുഖീകരിക്കുന്ന സുപ്രധാനങ്ങളായ ചില സമസ്യകളെ അടക്കിയ പരിഹാസ്യത്തിന്റെ മറവിൽഅവതരിപ്പിക്കുന്നതിന് ശ്രമിച്ചിട്ടുള്ളത് കാണാം.എന്തിനും തിരക്ക് അഭിനയിക്കുന്ന സമൂഹം കാപട്യത്തിന്റെ മറ്റൊരു മുഖമാണെന്ന് ചോദ്യങ്ങളുന്നയിച്ചശേഷം മറുപടിക്ക് കാത്തുനില്ക്കാതെ നടന്നുമറയുന്ന ചോദ്യകർത്താവിനെ ചൂണ്ടി പറയാതെ പറയുന്നത് നമുക്ക് കേൾക്കാം.തിരക്ക് അഭിനയിച്ചില്ലെങ്കിൽനമ്മുടെയൊക്കെ ജീവിതത്തിന് വിലയില്ലാതായിപ്പോകുമോ എന്ന് ഭയപ്പെട്ടിട്ടാണ് പലരും കൃത്രിമമായ തിരക്കുകളിൽ മുഴുകുന്നതെന്ന് തോന്നിപ്പോകും.സോഷ്യൽ നെറ്റ് വർക്കുകളുടെ ഇടപെടലില്ലാത്ത ഒരു ജീവിതം മാറിയ സാഹചര്യങ്ങളിൽചിന്തിക്കാൻപോലുമാകില്ലെന്ന സൂചന പരിഹാസത്തിന്റെ മറ്റൊരു ഒളിയമ്പാണ്.മാതാപിതാക്കളുടെ ചരമം നെറ്റിലൂടെ വിവരിച്ചറിയാൻതിടുക്കപ്പെടുന്ന മക്കളുടെ കഥ എവിടെയോ വായിച്ചതോർക്കുന്നു.തൊട്ടടുത്ത വീട്ടിലെ മരണമോ കല്യാണമോ പോലും നെറ്റുവഴിയറിയുന്ന ഇക്കാലത്ത് കഥയിലെ വിവരണം ഒട്ടും അതിശയോക്തിയായി കാണാനില്ല.നിമിഷത്തിന് കണക്കുവച്ച് മുന്തിയവിലയ്ക്ക് സമയം കച്ചവടം ചെയ്ത് ലാഭം കൊയ്യാനുള്ള തിരക്കിൽആര് ആരെ കാത്തുനില്ക്കാൻ?കന്യാസ്ത്രീയുടെ തുടയോട് ചേർന്ന്തുള്ളുന്ന ഉപകരണം സന്നിവേശിപ്പിക്കുന്ന രൂക്ഷ പരിഹാസം തന്നെത്തന്നെ മറന്നുജീവിക്കുന്ന സുഖാന്വേഷികളുടെ ആധുനികപരിതോവസ്ഥകളെ കണക്കിന് കളിയാക്കുന്നുണ്ട്.
                            ഏറ്റവും പ്രധാനം മരണത്തെക്കുറിച്ച് അവശേഷിപ്പിച്ച ചില കല്പനകളാണ്.ബോധപൂർവ്വം കല്പിച്ചൊരുക്കിയ സെൽഫോണിന്റെ മരണവും മരിച്ചടക്കും ഒടുവിൽതന്റേതുകൂടിയായി പരിണമിക്കുമോ എന്ന് സേവ്യർ ഭയക്കാതിരുന്നില്ല.കാലങ്ങളായി സ്വശരീരത്തിന്റെ ഭാഗമോ ചില അവസരങ്ങളിൽ ശരീരം തന്നെയായോ മാറിയിരുന്ന സെൽഫോൺ വിചാരിച്ചതുപോലെ നിസ്സംഗതയോടെ ഉപേക്ഷിക്കാനാകുമോ എന്ന് ഭയന്നിരുപ്പോഴാണ് സമാശ്വാസവുമായി മേയർവീണ്ടും എത്തിയത്. ധീരനാണ് നിങ്ങൾ എന്ന മേയറുടെ ഓർമ്മപ്പെടുത്തൽ സേവ്യറിൽ അണഞ്ഞുതുടങ്ങിയ ആത്മ വിശ്വാസത്തിന്റെ തിരി ഊതിത്തിളക്കി.ഒരിക്ക സംഭവിക്കേണ്ട വിലയിരുത്തലും അതിന്റെ ഫലവും ഒളിച്ചുവയ്‌ക്കുന്നുണ്ടോ എല്ലാ മനോഹാരിതയും.?വാസ്‌തവത്തിഅയാള്‍ക്കുണ്ടായത്‌ വെറുപ്പാണ്‌.വെറുപ്പ്‌ എന്ന വികാരത്തിനുമാത്രമാണ്‌ അത്രയേറെ ബന്ധുക്കളുള്ളതെന്നും സേവ്യറിന്‌ തോന്നി. ചിന്തകളുടെ ഈ കാടിളക്കത്തെത്തുടർന്ന്
ത്യജിക്കുന്നത് ഉള്ളടക്കിയ ശത്രുവിനെയാണെന്ന പരികല്പനയോടെ തികഞ്ഞ വൈരാഗ്യത്തോടെ മരിച്ചടക്ക് ചടങ്ങ് സേവ്യർഅതിജീവിക്കുന്നു!പിൻവിളിക്ക് കാതോർക്കാതെ നടന്നു മറയുന്ന സേവ്യർ ആധുനിക കാലത്തെ ഒരു ധീരനല്ലെന്ന് ആർക്കു പറയാനാകും?



 http://susmeshchandroth.blogspot.com/






























Saturday, 12 January 2013

സമരം സമരാഭാസം


പണ്ടാരോ പറഞ്ഞിട്ടുണ്ട്,സ്വാതന്ത്ര്യത്തിന്റെ വിലയറിയണമെങ്കിൽ അസ്വാതന്ത്ര്യത്തിന്റെ ചവർപ്പുനീർ കുടിച്ചിരിക്കണമെന്ന്.
നമുക്കത്ര പരിചയമില്ലാത്ത ഒരേർപ്പാടാണിത്.
അസ്വാതന്ത്ര്യത്തിന്റെ രുചിയറിയില്ലെങ്കിലും ദുഃസ്വാതന്ത്ര്യത്തിന്റെ പരമാവധി നമുക്ക് പരിചിതം.
സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിച്ചിട്ടുവേണം അത് നല്കാനെന്ന് നാല്പത്തേഴിൽ ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ അവരെ കുറ്റം പറയാനില്ല.അവർ ഭയപ്പെട്ടതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിത് പറയാൻ തോന്നിയത് സർക്കാർ ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട ചില സംഭവവികാസങ്ങൾ കണ്ടതുകൊണ്ടാണ്.
അഭിപ്രായ സ്വാതന്ത്ര്യം പോലെ പ്രധാനമാണ് സമരം ചെയ്യാനുള്ള സ്വാതന്ത്ര്യവും.രണ്ടും പുരോഗമന ജനാധിപത്യത്തിന്റെ കാവൽ ഭടന്മാർ തന്നെ.
എന്നാൽ സമരം ചെയ്യാതിരിക്കാനും ജോലി ചെയ്യാനും ജനാധിപത്യത്തിൽ സ്വാതന്ത്ര്യമുണ്ടെന്നതും മറക്കാൻ പാടില്ലാത്തതാണ്.
ഇത് സൌകര്യപൂർവ്വം മറക്കുന്നിടത്താണ് ജനാധിപത്യം തോല്ക്കുന്നത്.
അവിടെയാണ് രാഷ്ട്രീയം കടന്നുവരുന്നത്.
ഭരിക്കുന്ന പാർട്ടിയെ തല്ലാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുതെന്ന മുന്നൊരുക്കത്തിന്റെ പ്രകടനങ്ങളാണ് ഇപ്പോൾ അരങ്ങേറിവരുന്നത്.
ഇത് ലജ്ജാകരം തന്നെ.
ഉടുതുണി വലിച്ചുരിഞ്ഞും മുണ്ട് കീറിയും കരിഓയിൽ ഒഴിച്ചും നായ്ക്കുരണപ്പൊടി വിതറിയും കടകളടപ്പിച്ചും നാം ഏതു യുദ്ധമാണ് ജയിക്കാൻ പോകുന്നത്?അല്ലെങ്കിൽ ആരെ ജയിപ്പിക്കാനാണീ യുദ്ധം?
നഷ്ടപ്പെടുന്ന പ്രവൃത്തിദിനങ്ങളെ വിസ്മരിക്കാം.ജനം എന്തും സഹിക്കാൻ എന്നേ പഠിച്ചു.
പക്ഷേ തല്ലിത്തകർക്കുന്ന പൊതുമുതലിന് കണക്കുപറയേണ്ടിവരും.
പട്ടിണിക്കാരുടെ നികുതി മുതലിന്റെ പങ്കു പറ്റുന്നവർ ഒരിക്കലും ഈ നെറികേടിന് കൂട്ടുനില്ക്കാൻ പാടില്ല.
ആ ചോറിൽ വീഴുന്ന മണ്ണ് നമ്മുടെ വായിലും കടിക്കും.
സർക്കാർ ജീവനക്കാർ ഈ സമൂഹത്തിന്റെ പരിച്ഛേദമാണ്.
ന്യായമായ അവന്റെ ആവശ്യങ്ങൾ വിശാലമായ അർത്ഥത്തിൽ അവനെ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ ആവശ്യങ്ങളാണ്.ഈ ബോധം ഉറയ്ക്കുന്നിടത്താണ് സർക്കാരുകളുടെ പിടിവാശി തകരുന്നതും ജനകീയസമരങ്ങൾ വിജയിക്കുന്നതും.
സമൂഹത്തിന്റെ ഭാഗമെന്നോണം രാഷ്ട്രീയപ്രവർത്തകരുടെ അനുഭാവം നമുക്ക് അത്യാവശ്യമാണ്.
പക്ഷേ അനുഭാവം കാട്ടുന്നവരും അത് സ്വീകരിക്കുന്നവരും പരിധികൾക്കുള്ളിൽ നിന്നു വേണം അത് ചെയ്യേണ്ടത്.
ഗുണവുമനവധി ദോഷമായിടാം എന്ന കാവ്യനീതി നാം മറക്കാതിരിക്കണം.

Friday, 11 January 2013

ഡൽഹി സംഭവം-ഒരു തിരുത്ത്


വിശദമായചർച്ചകൾക്ക് വഴിയൊരുക്കാത്ത ഒന്നും ഇപ്പോൾ ഒരിടത്തും സംഭവിക്കുന്നില്ല.
വാർത്താമാധ്യമങ്ങളിലേയുംന്യൂസ് ചാനലുകളിലേയുംവാരികകളിലേയുംചർച്ചകളുടെഅതിപ്രസരം വെളിവാക്കുന്നത് അതാണ്.
ചർച്ചയും സംവാദങ്ങളുംപലരുടേയും ഉപജീവനമായിട്ടുണ്ട്.
ആരുടെയൊക്കെയോ സഹായം കൊണ്ട് വിഷയങ്ങൾക്കാണെങ്കിൽ ഇപ്പോൾ ഒരു പഞ്ഞവുമില്ല.
തിരണ്ടുകുളിമുതൽകൊലപാതകം വരേയുംനൂലുകെട്ടുമുതൽകൂട്ടബലാത്സംഗംവരേയുംഅതങ്ങനെ നീണ്ടുപരന്നുകിടക്കുകയാണ്.
എല്ലാം കച്ചവടമല്ലേ എന്നതാണ് ഗൂഢോക്തി.
അതങ്ങനെയാകുന്നതിൽ നമുക്ക് അഭിപ്രായവ്യത്യാസം ഉണ്ടാകേണ്ട കാര്യവുമില്ല.
പക്ഷേ ഇടക്കിടെയുള്ള പ്രബോധനമാണ് അസഹ്യമാകുന്നത്.
ഉദാഹരണമായി ഡൽഹികൂട്ടബലാത്സംഗത്തിന്റെ കഥ നോക്കുക.
പറഞ്ഞുപറഞ്ഞ് ബലാത്സംഗം ഇപ്പോൾ നടന്നരീതിയിലല്ലാതെ മറ്റൊരുരീതിയിലായിരുന്നെങ്കിൽ
കൂടുതൽ നന്നായേനേ എന്നോമറ്റോ അവരുദ്ദേശിക്കുന്നുണ്ടോ എന്ന് സംശയിക്കണം.
ഒരുപ്രമുഖസാംസ്കാരിക വാരികയിലെ ചില ലേഖനങ്ങൾ ഡൽഹിയിലുംമറ്റ് പ്രമുഖ ഇന്ത്യൻനഗരങ്ങളിലും നടന്ന പ്രതിഷേധപ്രകടനങ്ങളെപ്പോലുംലിറ്റ്മസ്സ് ടെസ്റ്റിന് വിധേയമാക്കുന്നു.
അവരുടെ അളവുകോലുകളിൽ ഉശിരറ്റതായിരുന്നത്രേ ആ പ്രതിഷേധമെല്ലാം.
പിന്നെഎന്തുവേണമായിരുന്നു എന്നൊന്നും പറഞ്ഞുകണ്ടില്ല.
അതിനാണല്ലോ നാം വായനക്കാർ.ഭാവനാവിലാസംപോലെയാകാം എന്നാകും.
എന്നെ അത്ഭുതപ്പെടുത്തുന്നത് മറ്റൊന്നാണ്.
ഇത്രയും കൃത്യമായി ഇത്രയും വിശദാംശങ്ങൾസഹിതംചർച്ചാഭാസങ്ങളിൽ തത്സമയം തന്നെ
വെളിച്ചപ്പെടാൻ ഇവർ മുൻപുതന്നെ കോപ്പുകൂട്ടിയിരിക്കുകയായിരുന്നോഎന്നതാണത്.
എങ്കിൽ തീർച്ചയായും ഇക്കൂട്ടരെ കരുതിയിരിക്കണം.
കച്ചവടത്തിന്റെ പുതിയ സാധ്യതകൾക്കായി സംഭവങ്ങൾ സൃഷ്ടിക്കപ്പെടാനിടയുണ്ട്.
ഡൽഹി സംഭവത്തിലേക്ക് തിരിച്ചുവരാം.
നടന്നത് സമ്പൂർണ്ണമായ അർത്ഥത്തിൽ ഒരുകുറ്റകൃത്യമാണ്.
എല്ലാകുറ്റകൃത്യങ്ങൾക്കും സാഹചര്യം ഉൽപ്രേരകവുമാണ്.
സാഹചര്യം അനുകൂലമാകുന്നത് കുറ്റകൃത്യത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കും.
ഇത് ക്രിമിനോളജിയിലെ തത്വം.
ഡൽഹിയിലേയുംമറ്റിടങ്ങളിലേയുംസാധാരണക്കാർ പ്രതികരിച്ചത് ഈ കുറ്റകൃത്യത്തോടാണ്.
അല്ലെങ്കിൽ ഈ കുറ്റകൃത്യത്തേയും തമസ്കരിക്കാൻ നടക്കാവുന്ന ഒത്തുകളിയോടാണ്.
അരവിന്ദ് കെജ്രിവാളോ അരുന്ധതീ റോയിയോ അല്ലെങ്കിൽ മറ്റൊരാളോ നേതൃത്വം കൊടുക്കാത്തതുകൊണ്ടുമാത്രം ഈ പ്രതിഷേധംലക്ഷ്യഭേദിയായില്ല എന്നുകരുതുന്നവർ ചരിത്രം പഠിക്കാത്തവരോ മൂഢരോ ആണ്.
കാരണം ലോകത്തെ മാറ്റിമറിച്ച എല്ലാപ്രതിഷേധങ്ങളും ജനസഞ്ചയം സ്വയമേവ തുടങ്ങിവച്ചതായിരുന്നു.
നേതാക്കന്മാർ പിന്നീടാണ് ജനിക്കുന്നത്.
ജനസഞ്ചയത്തിന്റെ പ്രതിഷേധത്തെ വലിച്ചുനീട്ടി നേതാക്കൾ
ഉപജീവനത്തിനുപാധിയാക്കുമ്പോഴാണ് അതിന് കരുത്തുകുറയുന്നതും ലക്ഷ്യം പിഴയ്ക്കുന്നതും.
ഇവിടെ അങ്ങനെ സംഭവിക്കാത്തതിൽ ഭാഗ്യം എന്നാണു കരുതേണ്ടത്.
മുൻപ് പ്രതികരിക്കാതിരുന്നത് ഇപ്പോൾപ്രതികരിച്ചതിന്റെസാംഗത്യത്തെചോദ്യം ചെയ്യുന്നതുമല്ല.
പക്ഷേ ചർച്ചകൾ മറ്റെന്തിലുമെന്നപോലെ ഇവിടേയും ലക്ഷ്യം മറക്കുന്നു.
പെൺകിടാങ്ങൾ സാരിധരിച്ചാലും ചുരീദാർ ധരിച്ചാലും മിഡി ധരിച്ചാലും ജീൻസുധരിച്ചാലും കുറ്റകൃത്യം നടക്കും.
ഒഴിവാക്കേണ്ടത് കുറ്റകൃത്യങ്ങൾക്കുള്ള സാഹചര്യങ്ങളേയാണ്.
നിയമത്തിന്റെ പോരായ്മയുണ്ടെങ്കിൽ അത്പരിഹരിക്കണം.
എക്സിക്യൂട്ടീവും ജുഡീഷ്യറിയും ഉണർന്നുപ്രവർത്തിക്കണം.
കുറ്റകൃത്യങ്ങളുടെ സാമൂഹിക പശ്ചാത്തലം വിലയിരുത്തപ്പെടണം,പക്ഷേ അത് ഇപ്പോൾ ചെയ്യുന്നതുപോലെ ഉദരപൂരണത്തിനു മാത്രമാകരുത്.ഉള്ളി തൊലിക്കുന്നതുപോലെയുള്ള ചർച്ചകളിലൂടെയല്ല അത് വേണ്ടത്.
കൈക്കൂലിക്കും അഴിമതിക്കുംകുറ്റകൃത്യങ്ങളിലുള്ള പങ്ക് തിരിച്ചറിയപ്പെടണം.
അവയ്ക്ക് തടയിടാനുള്ള ആർജ്ജവം സർക്കാരുകൾ കാണിക്കണം.
മാറ്റം വരും, തീർച്ചയായും മാറും സ്ഥിതി, ഇതിനൊക്കെ തയ്യാറായാൽ....
സ്ത്രീപീഡനമുൾപ്പെടേയുള്ള കുറ്റകൃത്യങ്ങൾ ഗണ്യമായി കുറയും,ഉറപ്പ്.
അല്ലെങ്കിലും മാറേണ്ടിവരും,മാറിയില്ലെങ്കിൽ മാറ്റും
ഇന്നല്ലെങ്കിൽ,നാളെ
അതിനുതെളിവാണ് ഡൽഹി സംഭവമുണർത്തിവിട്ട ഈ ജനകീയമുന്നേറ്റം
ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നവർ കരുതിയിരിക്കുക.......

Monday, 31 December 2012

എന്റെ എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.
സസ്നേഹം
രമേഷ്സുകുമാരന്‍

Sunday, 25 November 2012

ഒരു വിയോജനക്കുറിപ്പ്


ശ്രീമതി അനിതാ തമ്പിയുടെ മൊഹീതാ പാട്ട് എന്ന കവിതക്ക് ശ്രീ സുസ്മേഷ് ചന്ത്രോത്ത്  ബ്ളോഗിൽ എഴുതിയ അഭിപ്രായക്കുറിപ്പിനോട് പ്രതികരിച്ചുകൊണ്ടുള്ള കുറിപ്പ്



സുസ്മേഷ്,ഞാൻ ശക്തമായി വിയോജിക്കുന്നു.സുസ്മേഷിന്റെ ആസ്വാദനക്കുറിപ്പ് കവിതയെ മഹത്തരമാക്കി.വീട്ടിനേക്കാൾ വലിയകൊട്ടിയമ്പലമായി അത്.അത്രയും നേട്ടം!എന്നാ
പ്രശസ്തർ പലപ്പോഴും നുകത്തിലെ കാളകളെപ്പോലെ പരിമിതമായി കാണുന്നവരോ അങ്ങനെ നടിക്കുന്നവരോ ആണ്.ഇന്ന് വാരികകളിൽ അച്ചടിച്ചുവരുന്ന സാഹിത്യം മാത്രമാണ് യഥാർത്ഥ സാഹിത്യമെന്ന് കൊച്ചുകുട്ടികൾ പോലും പറയുമെന്ന് തോന്നുന്നില്ല.ഇ-വായനയുടെ സാംഗത്യവും പ്രസക്തിയും മനസ്സിലാക്കിയിട്ടുള്ളതിന്റെ തെളിവാണ് ബ്ളോഗിലും ഫെയ്സ്ബുക്കിലുമൊക്കെ പ്രശസ്തരും അതിപ്രശസ്തരുമൊക്കെ കടന്നുവരാനിടയാക്കിയിട്ടുള്ളത്.അച്ചടിച്ചുവരുന്നതിനേക്കാൾ മികച്ചതുപലതും ഇന്ന് സ്വയം പ്രസിദ്ധീകരിക്കപ്പെടുകയാണ്.മുൻവിധികളില്ലാതെ നോക്കിക്കാണാവുന്നത്.കാണാൻ ശ്രമിക്കാത്തവരെക്കുറിച്ച് എനിക്ക് അഭിപ്രായമില്ല.പക്ഷേ കാലം മാറുകയാണ്.വെറും പുകഴ്ത്തലുകൾ കൊണ്ട് ഒരു കൃതിക്കും നിലനില്ക്കാനാകുമെന്ന് ഞാൻ കരുതുന്നില്ല.സ്വയം സംവേദനക്ഷമമാകേണ്ടത് ഏതൊരു രചനയുടേയും ധർമ്മമാണെന്ന് ഞാൻ വിശ്വസിക്കുന്നു. സാഹിത്യത്തിലെ ടിപ്പണികൊണ്ട് പാഠപുസ്തകങ്ങൾ പഠിക്കപ്പെടാം,ആസ്വദിക്കപ്പെടാനുള്ള സാധ്യത വിരളം.ജിയുടേയും വൈലോപ്പിള്ളിയുടേയും അടിക്കുറിപ്പുകളെപ്പോലും മലയാളം അകൽച്ചയോടെയേ കണ്ടിട്ടുള്ളൂ എന്ന് പഠിച്ചവർക്കറിയാം.മേതിലാൻ എങ്ങനെ തലകുത്തിക്കളിച്ചാലും ഒരു ലക്കം വാരിക തുലയ്ക്കാമെന്നല്ലാതെ വായനയേയും ആസ്വാദനത്തേയും കുറിച്ചുള്ള പരികല്പനകളി
 വായനക്കാരൻ വഴിതെറ്റിക്കപ്പെടാനിടയില്ല.പത്രാധിപരുടേയും അച്ചടി പ്രസിദ്ധീകരണങ്ങളുടേയും സ്ഥാനങ്ങൾ മാറി നിർവ്വചിക്കപ്പെടാൻ പോകുകയാണ്,വെറുതേ അന്ധാളിച്ചിട്ട് കാര്യമില്ല, ആരും.കാണേണ്ടത് കാണേണ്ട സമയത്ത് കാണണം.ദയവായി തെരഞ്ഞെടുപ്പുകവായനക്കാരന് വിടുക,അതെങ്കിലും അവനിരിക്കട്ടെ.കൂടെത്തന്നെ പറയട്ടെ സുസ്മേഷ് നന്നായി എഴുതി.അതിന് പ്രത്യേകം അഭിനന്ദനങ്ങൾ

Tuesday, 13 November 2012

വിളക്കുമരങ്ങൾ


ശ്രീ കമലഹാസൻ തന്റെ അഭിനയത്തിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് ഏതാനും വർഷങ്ങൾക്കുമുൻപുനടത്തിയ മറുപടി പ്രസംഗം ടിവിയിൽകണ്ടിരുന്നത് ഓർക്കുന്നു.തമിഴിലായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്.തമിഴിൽ കാര്യമായ പിടിപാടൊന്നുമില്ലെങ്കിലും ജന്മ ഗുണംകൊണ്ടാകണം ചിലതൊക്കെ നമുക്കും തിരിഞ്ഞു.ജീവിതത്തിൽ താൻ തയ്യാറാക്കി സൂക്ഷിച്ചിരുന്ന ഒരു നീണ്ട ലിസ്റ്റിനെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ച് തുടങ്ങിയത്.അത് മറ്റൊന്നുമായിരുന്നില്ല. ഈ ജീവിതം കൊണ്ട് അദ്ദേഹം ചെയ്യാൻ ഉദ്ദേശിച്ച സംഗതികളുടെ ഒരു ലിസ്റ്റായിരുന്നത്രേ അത്.പക്ഷേ ഇത്രയും കാലത്തെ ജീവിതത്തിനും എന്തെല്ലാമൊക്കെ ചെയ്തുകഴിഞ്ഞെന്ന അഭിമാനത്തിനും ശേഷം ആ ലിസ്റ്റ് ഒന്നു പരിശോധിക്കാനിടവന്നപ്പോഴാണ് ലിസ്റ്റിലെ പകുതിയിൽ കൂടുതൽ കാര്യങ്ങൾ ഇനിയും ചെയ്യാൻ ബാക്കിയുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കിയത്.ഇപ്പോൾ അദ്ദേഹത്തിന് നിരാശയാണ് തോന്നിയത്.കാരണം ഇനി അധികകാലം തനിക്ക് അതിനുവേണ്ടി പരിശ്രമിക്കാൻ ജീവിതം ബാക്കിയുണ്ടാവില്ല എന്ന സത്യം അദ്ദേഹം മനസ്സിലാക്കുന്നു.എങ്കിലും സർവ്വേശ്വരൻ അനുവദിക്കുന്നിടത്തോളം ലിസ്റ്റിലെ ബാക്കികാര്യങ്ങൾ കൂടി ചെയ്തുതീർക്കാൻ താൻ അശ്രാന്തം പരിശ്രമിക്കുന്നതാണെന്ന് അദ്ദേഹം സദസ്യർക്ക് ഉറപ്പുനൽകി.ഒടുവിൽ ഒരു കലാകാരനെന്ന നിലയിൽ തന്റെ എല്ലാമായ പ്രേക്ഷകരേയും തമിഴകത്തേയും സദസ്സിൽ മുട്ടുകുത്തിനമസ്കരിച്ചാണ് അദ്ദേഹം വിടവാങ്ങിയത്.മഹാനായ ആ കലാകാരന്റെ എളിമയും മഹത്വവും എന്റെ കണ്ണുകളെ നനയിച്ചിരുന്നു.മരങ്ങൾ താഴുന്നു ഫലാഗമത്തിനാൽ എന്ന കവിവാക്യത്തിന്റെ അർത്ഥഗരിമയാണ് ശ്രീ കമലഹാസന്റെ ലാളിത്യം എന്നെ ഓർമ്മിപ്പിച്ചത്.
                        ഒരു വിളി കാത്താണ് നാം ജീവിക്കുന്നത്.അതെപ്പോഴുമാകാമെന്നതുകൊണ്ടും നമുക്ക് അതിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതുകൊണ്ടും അതിനെക്കുറിച്ചുള്ള ആശങ്കകളുടെ ആവശ്യമില്ലെന്ന് അറിവുള്ളവർ പറയുകയും ചെയ്യുന്നു.എന്നാൽ ഇതുവരെ ചെയ്തതിനെക്കുറിച്ചും ഇനി ചെയ്യാനുള്ളതിനെക്കുറിച്ചും നമുക്ക് ഒരുകാഴ്ചപ്പാടുണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യമാണ് മുകളിലെ ലിസ്റ്റ് വെളിപ്പെടുത്തുന്നത്.വിജയങ്ങളിൽ സമചിത്തതയും പരാജയങ്ങളിൽ മനോധൈര്യവും പുലർത്തുന്നവർക്കേ കർമ്മപ്രവൃദ്ധമായ ഒരുജീവിതം സാധ്യമാകൂ.നിറഞ്ഞവേദികളിൽ മണിവിളക്കുപോലെ ഒളിവിതറി വാക്കുകൾ കൊണ്ട് സദസ്യരുടെയുള്ളിൽ ജ്ഞാനദീപം തെളിയിച്ച് മടങ്ങാറുള്ള മഹാകവി ജിയുടെ സവിശേഷസാന്നിദ്ധ്യത്തെക്കുറിച്ച് പലരുമെഴുതിയിട്ടുണ്ട്.ചെയ്യാനെന്തുണ്ടെന്ന് അറിവുള്ളവരുടെ സാന്നിദ്ധ്യം പോലും നമുക്ക് ജീവിതപ്രചോദനമാകും.ആ വിളക്കുകളിൽ നിന്ന് തിരിപകർത്തി ജീവിതനാളങ്ങൾ കൊളുത്താൻ പ്രേരിപ്പിക്കുന്നതാകട്ടെ ഈ ദീപാവലി രാത്രി.

Monday, 12 November 2012

എല്ലാ പ്രിയ സുഹൃത്തുക്കൾക്കും നന്മ നിറഞ്ഞ ദീപാവലി ആശംസകൾ

Saturday, 10 November 2012

സസ്നേഹം....


വേദനയോടെയാണ് ഞാനീ കുറിപ്പെഴുതുന്നത്.നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ചില്ലറജ്ഞാനമായിക്കോട്ടേ എന്ന വിചാരം കൊണ്ടുമാത്രം ബ്ളോഗിലുംപുതിയതലമുറയിലുള്ളവർ കാര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്നറിയാൻ മാത്രം ഫേസ്ബുക്കിലും വല്ലപ്പോഴും ഒന്നുചുറ്റിക്കറങ്ങി വരുന്നുണ്ട്.ഇത് എന്നെത്തന്നെ നവീകരിക്കാനുള്ള പരിശ്രമവുമാണ്.പുതിയ എഴുത്തുകാരുടെ ആർജ്ജവവും കുട്ടികളുടെ വിവിധവിഷയങ്ങളിലെ അവഗാഹവും എന്നെ വല്ലാതെ സന്തോഷിപ്പിക്കാറുമുണ്ട്. ഉറക്കമിളയ്ക്കുന്നതിലല്ല ഉണർന്നിരിക്കുന്നതിലാണല്ലോ കാര്യം.കവിതയോടുള്ള, അതും അരാജക കവിതയുടെയും കവിതയിലെ അപനിർമാണത്തിന്റേയും ചക്രവർത്തിയായ അയ്യപ്പന്റേതു പോലുള്ള കവിതകളോടുപോലും പുതിയ തലമുറ വച്ചുപുലർത്തുന്ന വൈകാരികതയും ആധികാരികതയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സങ്കടപ്പെടുത്തുന്ന സംഗതി അഭിപ്രായവ്യത്യാസങ്ങളോട്  പ്രായഭേദമെന്യേ കാണിക്കുന്ന അസഹിഷ്ണുതയാണ്.വിയോജിക്കുന്നവരെല്ലാം ഇവിടെ ശത്രുവായി പരിണമിക്കുന്നു.അടുത്തിടെ എന്റെ ഒരുയുവ സുഹൃത്ത് തന്റെ ഫേസ് ബുക്ക് കുറിപ്പുകളിൽ ശ്രീമതി അജിതയെ ഏതോ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ അവളെന്നോ ഇവളെന്നോ ഒക്കെ വിശേഷിപ്പിച്ച് വിദ്വേഷകുറിപ്പെഴുതിയിരുന്നത് ശ്രദ്ധിച്ചു.നേരിട്ട് ഉപദേശിക്കുന്നതിൽ ഇന്ന് കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ട് വടി വെട്ടിക്കൊടുത്ത് അടിവാങ്ങാൻ നിന്നില്ല.സുഹൃത്തിന് മറ്റൊരവസരത്തിൽ ചെറിയൊരു ഉപദേശം നൽകി.മറുപടി ഒരു ലൈക്കിലൊതുക്കി.അത്രയും ഭാഗ്യമെന്നേ കരുതി.അജിതയും വേണുവും ഫിലിപ്പൻ പ്രസാദും വെള്ളത്തൂവൽ സ്റ്റീഫനും എന്റെ ബന്ധുക്കളൊന്നുമല്ല.അവരോ അവർ പ്രതിനിധാനം ചെയ്ത പ്രസ്ഥാനമോ പ്രത്യയശാസ്ത്രമോ എന്നെ ദുസ്വാധീനിച്ചിട്ടില്ല.മാത്രവുമല്ല ഇവർ ഒരഞ്ചാംക്ളാസ്സുകാരന്റെ നിർദ്ദോഷരാവുകളേയും അവന്റെ കുഞ്ഞുറക്കങ്ങളേയും വല്ലാതെ ഭീതിയിൽ നിർത്തിപ്പൊരിച്ചിട്ടുമുണ്ട്.വെളിമ്പറമ്പിലെ മാവിൻചുവട്ടിൽ പറന്നിറങ്ങുന്ന മനോരമപത്രം ഹൈജാക്ക് ചെയ്ത് മാനേജ്മെന്റിന്റെ മസാലചേർത്ത് ചൂടാറാതെ വിളമ്പിയിട്ടുള്ള തലവെട്ടുവാർത്തകൾ വിഴുങ്ങുമ്പോൾ രാത്രിയിൽ അതെല്ലാംകൂടി നിണവേഷമണിഞ്ഞ് എന്റെ വള്ളിനിക്കറിൽ പിടികൂടുമെന്ന് ഓർക്കുമായിരുന്നില്ല.പുൽപ്പള്ളിയും നഗരൂരും പിന്നെ ഇപ്പോൾ ഓർക്കാൻ കഴിയാത്ത നിരവധി ആക്രമണ പരമ്പരകളും അന്നത്തെ അഞ്ചാം ക്ളാസ്സുകാരന്റെ എന്തിനെന്ന ചോദ്യത്തിന് ഇന്നും ഉത്തരം തന്നിട്ടുമില്ല.ഏത് വിശ്വാസത്തിന്റെ,ഏത് പ്രത്യയ ശാസ്ത്രത്തിന്റെ പേരിലായാലും കൊല ഒന്നിനും പരിഹാരമാകുന്നില്ല.പക്ഷേ ലോകമുണ്ടായകാലം മുതൽ ആളുകൾ അങ്ങനെ വിശ്വസിക്കുകയും അരും കൊലകൾ അരങ്ങേറുകയും ചെയ്യുന്നു.സമാധാനം കാംക്ഷിച്ചവരെയെല്ലാം വധിച്ച് സ്മാരകങ്ങൾ പണിയാനാണ് എവിടേയും ശ്രമിച്ചിട്ടുള്ളത്.ഇന്ന് മതവും വർഗ്ഗീയതയും മതതീവ്രവാദവും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു.കാരണങ്ങളേ മാറിയുള്ളൂ,കാര്യങ്ങൾ പഴയപടിതന്നെ.സ്നേഹിച്ചാലും ഇന്ന് ശിക്ഷ വധം തന്നെ.ചരിത്രത്തിന്റെ വഴി ചാക്രികമാണെന്ന് പറഞ്ഞയാളിനെ കണ്ടുപിടിച്ചാൽ ദയാപൂർവ്വം അദ്ദേഹത്തേയും വധിക്കാം.
                                    പറയാനൊരുങ്ങിയത് മറ്റൊന്നാണ്.ശരിയെന്നുകരുതിയാണ് എല്ലാവരും എല്ലാം ചെയ്യാനൊരുങ്ങുന്നത്.ശരി ശരിതന്നെയാണോ എന്നുറപ്പുവരുത്തണമെങ്കിൽ വിവേകം നന്നായി പ്രവർത്തിക്കണം.പക്ഷേ ഏതുവിശ്വാസവും അന്ധമായിക്കഴിയുമ്പോൾ നാം ശരിയിൽ നിന്നും പരമാവധി അകലുകയാണ് ചെയ്യുക.മുൻതലമുറയുടെ ശരി പിൻതലമുറയ്ക്ക് അപഹാസ്യമായിത്തോന്നുന്നതും സ്വാഭാവീകം മാത്രം.പ്രശ്നം പിന്നേയും വിവേകത്തിന്റെ കോർട്ടിൽ തന്നെ.വിവേകമുള്ളവർ ഇതിന്റെമറപൊരുകളറിഞ്ഞ് സംയമത്തോടെ എല്ലാറ്റിനോടും പ്രതികരിക്കും.അജിതയും കൂട്ടരും ലക്ഷ്യം കണ്ടതും അടിച്ചമർത്തപ്പെട്ടവന്റെ ഉന്നമനവും മാനവരാശിയുടെ പുരോഗതിയും തന്നെ.എന്നാൽ മുൻപുപറഞ്ഞതുപോലെ ശരിയെക്കുറിച്ചുള്ള  അന്ധമോ അബദ്ധജടിലമോ ആയ നിരീക്ഷണ നിഗമനങ്ങ
 അവരുടെ കാഴ്ചകളെ ദുസ്വാധീനിച്ചപ്പോൾ തിരഞ്ഞെടുത്ത വഴിയെക്കുറിച്ച് യുക്തിപൂർവ്വകമായ ഒരു വിലയിരുത്തലിന് അവർക്ക് കഴിയാതെ പോയി.(ഭരതന്റെ ഒരു സിനിമയിൽ ഇത് കലാപരമായി ചിത്രീകരിച്ചിട്ടുണ്ട്).ചരിത്രപരമായ ആ തെറ്റുകൾക്ക് അവർ ജീവിതം കൊണ്ടാണ് വിലയിട്ടത്.ചരിത്രത്തോടുള്ളമാപ്പപേക്ഷയായിത്തന്നെ ഇന്നത്തെ അവരുടെ ജനാധിപത്യപരമായ അവകാശസമരാഭിമുഖ്യത്തെ വിലയിരുത്തണം.കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുക സർഗ്ഗശേഷിയും സമരാഭിമുഖ്യവും അടിച്ചമർത്തലിനെതിരേയുള്ള എതിർപ്പും രക്തത്തിൽ കൊണ്ടുനടക്കുന്നവർക്ക് പറഞ്ഞിട്ടുള്ളതാണ്.അടവുനയവും ഒത്തുതീർപ്പിന്റെമന്ത്രങ്ങളുമായി കുതന്ത്രവിജയങ്ങൾ മാത്രം കണ്ടു വളരുന്ന തലമുറകൾക്ക് അത് അന്യമായിത്തന്നെ തുടരും.
            അഭിപ്രായവ്യത്യാസങ്ങളോടുള്ള അസഹിഷ്ണുതയും ചരിത്രത്തിലുള്ളതാണ്.പ്രതിപക്ഷം എന്നും അസ്വീകാര്യമായ ഒരവസ്ഥതന്നെ.എന്നാൽ ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷത്തിനുള്ള പ്രാധാന്യത്തെ ഒട്ടും കുറച്ചുകാണാതിരിക്കാനുള്ള ആർജ്ജവമാണ്നമുക്കുണ്ടാകേണ്ടത്. ഭരണസംവിധാനത്തിൽ മാത്രമല്ല വ്യക്തിജീവിതത്തിലും ജനാധിപത്യ മര്യാദകളും പ്രതിപക്ഷ ബഹുമാനവും നാം പരിശീലിക്കേണ്ടിയിരിക്കുന്നു.പക്ഷേ നിർഭാഗ്യവശാൽ ഇന്ന് നമുക്കിതിനൊന്നും ഒട്ടും അവസരമില്ല.വീടുകൾക്കുള്ളിൽ നാം പരിചയിക്കുന്നത്,ക്ളാസ്സുമുറികളിൽ നിന്നും പകർന്നുകിട്ടുന്നത്,സമൂഹം പരിശീലിപ്പിക്കുന്നത് എല്ലാം താൻപോരിമയുടേയും സ്വാർത്ഥതയുടേയും പാഠങ്ങൾ മാത്രം.ഉരുവിട്ടുറപ്പിക്കുന്നതാകട്ടെ മനുഷ്യത്വരഹിതമായ മത്സരത്തിന്റെ ഗതികസിദ്ധാന്തങ്ങളും.സത്സംഗങ്ങളും മതഭാഷണങ്ങളും പോലും അനൈക്യത്തിന്റെ കാളിയവിഷം കുത്തിനിറച്ച മനസ്സുകളെ സമൂഹമധ്യത്തിലേക്ക് തുറന്നുവിടുകയാണ് ചെയ്യുന്നത്.സദ്വചനങ്ങൾ പരസ്യവാചകങ്ങൾ പോലെ ഉള്ളിൽ തട്ടാതെ വിറങ്ങലിച്ചുപോകുന്നു.പുതിയ ആൾദൈവങ്ങളെ വാഴ്ത്താനുള്ള അദമ്യമായ ആവേശത്തിൽ അവശവാർദ്ധകങ്ങളെപ്പോലും നാം ഉറങ്ങാൻ വിടാതെ രാജപ്രമുഖനായി എഴുന്നള്ളിച്ച് മഹാപാപം ചെയ്യുന്നു. സമൂഹത്തിന് മാതൃകയാകേണ്ടുന്ന സാഹിത്യകാരന്മാർ ഒന്നാംക്ളാസ്സിലെ മിഠായിപ്പിണക്കങ്ങളുമായി വേദി പങ്കിട്ട് ജനത്തിനെ പടുവിഡ്ഢികളാക്കുന്നു.പുട്ടുംകടലയും പകുത്തതിലെ ഏറ്റക്കുറവുകൾ കൊതിക്കെറുവുകളായി കൊണ്ടുനടന്ന്  സമൂഹമധ്യത്തിലും പിന്നെ കിട്ടുന്ന ഇടങ്ങളിലെല്ലാം ഭരണപ്രതിപക്ഷഭേദമില്ലാതെ രാഷ്ട്രീയക്കാർ അല്പത്വ സദ്യ വിളമ്പുകയാണ്. ഉദ്ദേശശുദ്ധി കണികാണാനെങ്കിലും നാം നട്ടുച്ചയ്ക്ക് വിളക്കുകാട്ടണം.നമ്മുടെ കുഞ്ഞുങ്ങളെയെങ്കിലും സ്വാതന്ത്ര്യത്തിന്റെ വിശുദ്ധിയും ജനാധിപത്യത്തിന്റെ മൂല്യവും നന്മയുടെ പ്രാധാന്യവും ബോധ്യപ്പെടുത്തണം.സ്നേഹത്തിന്റെ വിലയും കരുതലും അവർക്ക് അനുഭവപ്പെടുത്തിക്കൊടുക്കണം.മറ്റുള്ള എന്തിനേയും ആദരിക്കാനും ബഹുമാനത്തോടെ വിയോജിക്കാനും അവരെ പരിശീലിപ്പിക്കണം.ഇത് വീട്ടിനുള്ളിൽ നിന്നുതന്നെ തുടങ്ങണം.ശ്രീരാമകൃഷ്ണന്റെ ശർക്കരതിന്നുന്ന കുട്ടിയോടുള്ള ഉപദേശത്തിലെ മുൻകരുതൽ നമുക്കും വേണ്ടിവന്നേക്കാം. അതിന് മടിക്കരുത്.കാരണം വൃദ്ധസദനങ്ങളിലെ അന്തേവാസികൾ മുൻപ് ഇത് മറന്നവരാണ്.

Saturday, 27 October 2012

മകൾ


മലാലാ,
ഒരു ചുവന്ന തെച്ചിപ്പഴം                                                                                                     
അടരുംപോലെ
നീ മണ്ണിലേയ്ക്ക് ചൊരിഞ്ഞ്
വീഴുകയായിരുന്നു
 വിദ്വേഷവിരൽതൊട്ടുപൊള്ളിച്ച
നിന്റെ കവിൾത്തടം
വല്ലാതെ കരുവാളിച്ചിരുന്നു
മുഖം മൂടിക്കെട്ടിയ കുടിലകാമനകൾ
ആർക്കോ വേണ്ടി തുളഞ്ഞു വീഴ്ത്തിയ
 മണ്ണിന്റെആശകൾ
ഉറങ്ങിയോ?
കുഞ്ഞുറക്കത്തിൽ
നീ പുഞ്ചിരിച്ചതുകണ്ട്
 പണ്ട് മുത്തശ്ശി തിരുത്തി
കനവുകാട്ടിക്കൊതിപ്പിക്കുന്നത്
ചിറകുവച്ച മാലാഖക്കുട്ടികളാണെന്ന്
ഇന്ന് നീ ഉണർന്നിരിക്കാൻ
ആയിരമായിരം മാലാഖക്കുഞ്ഞുങ്ങൾ
സർവ്വലോകങ്ങളിലുമിരുന്ന് നോവുന്നത്
നീയറിയുന്നില്ലേ?
ഓർക്കുന്നു
കളിക്കിടയിൽ
കരിമുള്ളുകൊണ്ട് തുടുത്തപാദം
മടിയിലേക്ക് നീട്ടി
നീ തുളുമ്പിയത്
അറിയാതെ നിന്റെ വിരൽത്തുമ്പുകൊണ്ട്
എന്റെ കണ്ണുചുവന്നത്
 വിതുമ്പലോടെ നീ നോക്കിനിന്നത്
ആരുടെ വേദനയും നിന്റേതായി
ഏകാന്തതയിൽ വരണ്ട പാടങ്ങളെ നോക്കി
നീ മിഴിനീരണിഞ്ഞതും
മൂന്നുവീടിന്നപ്പുറത്ത്
കരളുന്ന വിശപ്പിന്റെ
കാളലിൽ
അറിയാതുണരുന്ന തേങ്ങലുകൾക്ക്
നീ കാതോർത്തിരുന്നതും
ഞാനറിഞ്ഞു
നിന്റെ നിനവുകളെ തീപ്പിടിപ്പിച്ച
കണ്ണീർച്ചിത്രങ്ങൾ
ചായംകൂട്ടിയ കവിതകളായി
പുനർജ്ജനിച്ചില്ല
അടിച്ചമർത്തപ്പെടുന്നവന്റെ
ശ്വാസംകെട്ടിയ നോവുകൾക്ക്
അത് സ്വയം ഭാഷയായി
നിന്റെ കുറിമാനങ്ങൾക്ക്
ചിറകുമുളച്ചു
പറന്നുയർന്നത്
പുതിയകാലത്തിന്റെ
തിരയാമാനങ്ങളിലേക്ക്
നിന്റെവാക്കുകൾ
കടന്നൽ ക്കുത്തുകൾ പോലെ
ചിലരെ നീറ്റിയെങ്കിൽ
അവർ അവകാശങ്ങളെ
മറിച്ചെഴുതുകയും
സ്വാതന്ത്ര്യത്തെ
അടിച്ചിറക്കുകയുമായിരുന്നു
വെറുപ്പിന്റെ തീപ്പന്തങ്ങൾ മാത്രം
നിന്റെനേർക്ക് ചുഴറ്റിയെറിഞ്ഞവർ
പിശാചിന്റെ
ചുടലക്കഞ്ഞികുടിച്ചവർ
കത്തിപ്പടരുന്ന രോഷാഗ്നിയിൽ
അവരുടെ
അന്തമില്ലാത്ത അസഹിഷ്ണുത
സ്നേഹവറുതികളിലൊടുങ്ങട്ടെ
കാഞ്ചികളിൽ മാത്രം ക്ഷീണം തീർക്കുന്ന
അവരുടെ കുടുന്ന വിരലുകൾ കണ്ട്
സ്വന്തം കുഞ്ഞുങ്ങൾ
ഭയന്ന് ഓടിയൊളിക്കട്ടെ
മതവിഷം തീണ്ടിയ മുഖങ്ങളും
ഉച്ഛ്വാസങ്ങളിലെ ഒടുങ്ങാത്ത
മരണഗന്ധവും സഹിക്കാനാകാതെ
അവരുടെ കാമിനിമാർ
വെറുപ്പിന്റെമരുക്കാടുകളിലേക്ക്
എന്നേയ്ക്കുമായി പലായനം ചെയ്യട്ടെ
മൂർഖജന്മങ്ങൾക്ക് പിറവിയേകിയതിന്റെ
പശ്ചാത്താപത്തിൽ മനംനൊന്ത്
അവരുടെ പെറ്റമ്മമാർ
മലംചരിവുകളിൽ
കഴുകനെറിഞ്ഞുകൊടുത്ത ശരീരവുമായി
മരണം കാത്തുകിടക്കട്ടെ
ഇപ്പോൾ
നിന്നെയോർത്ത്
വേദനയില്ല
നൂറുജന്മങ്ങളുടെ പുണ്യസഞ്ചയം
ഉരുവാർന്നത്തിയ
അഭിമാനം
നീ
എവിടേയും
ഏതച്ഛനും
പിറക്കാതെ പോയ
മകൾ.